ക്ഷേത്രത്തിലെ ബുദ്ധപ്രതിമ; ഉള്ളിൽ പത്തടി നീളമുള്ള കൂറ്റൻ രാജവെമ്പാല; വിഡിയോ

ക്ഷേത്രത്തിനുള്ളിലെ ബുദ്ധപ്രതിമയിൽ നിന്നും പത്തടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി. തായ്‌ലൻഡിലെ ബുദ്ധക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ബുദ്ധബ്രതിമയിലാണ് പാമ്പ് ഒളിച്ചിരുന്നത്. ഫെച്ചാബൺ പ്രവിശ്യയിലെ വാട് പാ സെനൗച് ക്ഷേത്രത്തിലാണ് അപൂർവ സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന ബുദ്ധസന്യാസിമാരാണ് ബുദ്ധപ്രതിമൾക്കടിയിലേക്ക് പാമ്പ് ഇഴഞ്ഞുകയറുന്നത് കണ്ടത്. ഇവർ ഉടൻതന്ന പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു.

ഒരുകൂട്ടം ബുദ്ധപ്രതിമകൾക്കിടയിലേക്കാണ് പാമ്പ് ഇഴഞ്ഞുകയറിയത്. അതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ തെരഞ്ഞു കണ്ടെത്തിയത്. പ്രതിമകൾ ഓരോന്നായി സമീപത്തേക്ക് എടുത്തുമാറ്റിയാണ് നാലുപേർ അടങ്ങുന്ന സംഘം പാമ്പിനെ തിരഞ്ഞത്. ഉൾവശം പൊള്ളയായ പ്രതിമൾക്ക് താഴെയുള്ള ദ്വാരത്തിനുള്ളിൽ പാമ്പ് പതുങ്ങിയിരിപ്പുണ്ടോയെന്നാണ് ഇവർ ആദ്യം പരിശോധിച്ചത്. ഒരു ബുദ്ധപ്രതിമയുടെ തലയിലുള്ള ദ്വാരത്തിലൂടെ നോക്കിയപ്പോൾ താഴെ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് ബുദ്ധപ്രതിമയ്ക്കുള്ളിൽ നിന്നും രാജവെമ്പാലയെ പുറത്തെടുക്കാനായത്.

ബുദ്ധപ്രതിമ ചരിച്ചിട്ട് അതിനുള്ളിലേക്ക് കമ്പും ഹുക്കുമൊക്കെ കടത്തിയാണ് പാമ്പിനെ പുറത്തെത്തിച്ചത്. പത്തടിയോളം നീളമുള്ള കൂറ്റൻ പാമ്പിനെയാണ് പ്രതിമയ്ക്കുള്ളിൽ നിന്നും പുറത്തെടുത്തത്. ചാക്കിലാക്കിയ പാമ്പിനെ പിന്നീട് ദൂരെയുള്ള വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.