കൊച്ചുമക്കൾക്കൊപ്പം ക്രിക്കറ്റ് കളി; നൂറാം വയസിലും ചുറുചുറുക്കോടെ കുഞ്ഞില

kunjila-21
SHARE

നൂറാം വയസില്‍ കൊച്ചുമക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന മുത്തശ്ശിയുണ്ട് തൃശൂരില്‍. മക്കളും പേരമക്കളും അവരുടെ മക്കളുമായി നൂറിലേറെ പേരുണ്ട് മുത്തശിയുടെ കുടുംബത്തില്‍. തൃശൂര്‍ തട്ടില്‍ ചീനിക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞില. 43 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. മൂത്ത മകന്‍ ജോര്‍ജിനൊപ്പം തൃശൂര്‍ നഗരത്തില്‍തന്നെയാണ് താമസം. പത്തു മക്കളില്‍ ഒരാള്‍ മാത്രം ജീവിച്ചിരിപ്പില്ല. 

മക്കളുടെ മക്കള്‍ ഇരുപത്തിയാറ്. ഈ ഇരുപത്തിയാറു പേരക്കുട്ടികളുടെ മക്കള്‍ നാല്‍പത്തിയൊന്‍പത്. അവര്‍ക്കും മക്കളുണ്ടായി. നാലു കുഞ്ഞുങ്ങള്‍. കുടുംബത്തില്‍ ഒരാഘോഷമുണ്ടായാല്‍ അംഗസംഖ്യ 139 വരും. നവംബര്‍ 25ന് നൂറു വയസു തികയുമ്പോള്‍ എല്ലാരും ഒന്നിച്ച് കൂടി ആഘോഷമാക്കാനായിരുന്നു പദ്ധതി. പക്ഷേ, കോവിഡ് കാരണം കൂടിച്ചേരലുകള്‍ ഒഴിവാക്കി. 

നല്ല ആരോഗ്യത്തോടെയാണ് ഇപ്പോഴും ജീവിതം. ഭക്ഷണ കാര്യത്തില്‍ ഉള്‍പ്പെടെ ദിനചര്യയില്‍ കൃത്യമായ ചിട്ടയുണ്ട്. പ്രഭാത ഭക്ഷണം കഞ്ഞിയാണ്. ഉച്ചയ്ക്കും രാത്രിയും ചോറും വേണം. ഇടനേരങ്ങളില്‍ നാരങ്ങാവെള്ളവും പാലും. ഉപ്പുവെള്ളത്തില്‍ കൈകാലുകള്‍ വര്‍ഷങ്ങളായി കഴുകും. അസുഖങ്ങളുമില്ല. സ്വയം പാചകം ചെയ്ത ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. തിളപ്പിച്ചാറ്റിയ വെള്ളത്തിലാണ് കുളി. 

ഒഴിവു സമയങ്ങളില്‍ ക്രിക്കറ്റ് കളി മാത്രമല്ല, ടി.വി. കാണും പത്രം വായിക്കും. രാഷ്ട്രീയമെല്ലാം ശ്രദ്ധിക്കാറുമുണ്ട്. തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകണമെന്നാണ് ആഗ്രഹം. തൃശൂരില്‍ മുതിര്‍ന്ന വോട്ടര്‍മാരില്‍ ഒരാളാകും കുഞ്ഞില ജോസഫ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...