കാർഡിയോളജിസ്റ്റ് ആകണം; എയിംസിൽ 'നീറ്റാ'യി അഡ്മിഷൻ കിട്ടി; ആയിഷ പറയുന്നു

aysha-neet
SHARE

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കുകാരിയായ മിടുക്കി എസ്. ആയിഷ ഇനി ഡൽഹി എയിംസിൽ എംബിബിഎസ് പഠിക്കും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ആയിഷ. ആ സന്തോഷം ഈ മിടുക്കി മനോരമ ന്യൂസിനോട് പങ്കുവയ്ക്കുന്നു.

തന്റെ കഠിനാധ്വാനം ഇപ്പോൾ ഫലം കണ്ടിരിക്കുകയാണെന്നാണ് ആയിഷ പറയുന്നത്. 'ആദ്യ അലോട്ട്മെന്റിൽ തന്നെ എയിംസിൽ അഡ്മിഷൻ ലഭിച്ചു. ഈ മാസം ആദ്യം ഞാനും സഹോദരനും ഡൽഹിയിൽ പോയി അഡ്മിഷൻ എടുത്തു. ഇനി നവംബര്‍ 25ന് ക്ലാസ് തുടങ്ങും. റെഗുലർ ക്ലാസായിട്ട് തന്നെയാണ് തുടങ്ങുന്നത്. കേരളത്തിൽ രണ്ടാം റാങ്കും മൂന്നാം റാങ്കും നേടിയവരും അവിടെയുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളജിൽ തന്നെ പഠനത്തിന് അവസരം ലഭിച്ചത് വലിയ കാര്യമാണല്ലോ. വീട്ടുകാരും അധ്യാപകരും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തിലാണ്. പിന്നെ ഡൽഹിയിൽ ആയതിന്റെ ഒരു പേടിയുണ്ട്. കാരണം ഞാൻ അങ്ങനെ കേരളത്തിന് പുറത്തേക്ക് ഇതുവരെ പോയിട്ടില്ല. അവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്'. ആയിഷ കുറഞ്ഞ വാക്കുകളിൽ പറയുന്നു. 

കാർഡിയോളജിസ്റ്റ് ആകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. അത് ചിലപ്പോള്‍ പഠിക്കുന്നതിന് അനുസരിച്ച് മാറിയേക്കാമെന്നും ഈ മിടുക്കി പറയുന്നു.   പ്രവാസിയായ കൊയിലാണ്ടി കൊല്ലം ‘ഷാജി’യിൽ എ.പി. അബ്ദുൽ റസാക്കിന്റെയും ഷമീനയുടെയും മകളാണ്. സഹോദരൻ എസ്. അഷ്ഫാക് കൊല്ലം ടികെഎം കോളജിൽ ബിടെക് വിദ്യാർഥിയാണ്. സഹോദരി ആലിയ പ്ലസ്‌ വൺ വിദ്യാർഥി.

നീറ്റ് പരീക്ഷയിൽ 12–ാം റാങ്ക് നേടിയാണ് ആയിഷ കേരളത്തിൽ ഒന്നാമതെത്തിയത്. നീറ്റില്‍ ഇത് രണ്ടാമത്തെ ശ്രമമാണ്. ആദ്യ പരിശ്രമത്തില്‍ 15429 ആയിരുന്നു റാങ്ക്. അധ്യാപകരും മാതാപിതാക്കളും നല്‍കിയ ആത്മവിശ്വാസത്തില്‍ രണ്ടാംവട്ടവും ശ്രമിച്ചു. നേട്ടം 12ാം റാങ്കായി. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പത്താംക്ലാസ് വരെയുള്ള പഠനം. കൊയിലാണ്ടി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് ശേഷം സ്വകാര്യ പഠനകേന്ദ്രത്തില്‍ എന്‍ട്രന്‍സ് കോച്ചിങ്.

MORE IN GULF
SHOW MORE
Loading...
Loading...