മൊബൈല്‍ ഫോണില്‍ ക്വിക് ചാര്‍ജിങ് നല്ലതോ? ഇതാ 3 പ്രധാന ഫാസ്റ്റ് ചാര്‍ജറുകള്‍

mobilephone-charger
SHARE

മുന്തിയ ഇനം മൊബൈല്‍ ഫോണൊക്കെയാണ് പലരുടേയും കൈവശമുള്ളത്. പക്ഷെ ബാറ്ററി ശേഷി ഇല്ലെങ്കില്‍ എന്തു കാര്യം ? പലരും നേരിടുന്ന പ്രതിസന്ധിയാണ് മൊബൈല്‍ ഫോണുകളില്‍ ചാര്‍ജ് നിലനിര്‍ത്തുക എന്ന കാര്യം. ചിലര്‍ തിരക്കിനിടയില്‍ ചാര്‍ജ് ചെയ്യാന്‍ മറക്കും. മറ്റു ചിലര്‍ പവര്‍ബാങ്കും ചാര്‍ജറും എടുക്കാന്‍ വിട്ടു പോകും. അനിയന്ത്രിതമായ ബ്രൗസിങ്ങും വിഡിയോ കാണലും പലരുടേയും ചാര്‍ജ് കുത്തനെ കുറയ്ക്കും. 

ഇന്ന് ചാര്‍ജര്‍ തന്നെ വേണമെന്നില്ല. ഇത് എല്ലായ്പ്പോഴും പ്രായോഗികവുമല്ല. കാരണം നമ്മള്‍ ആഗ്രഹിക്കുന്നിടത്തു പ്ളഗ് ഉണ്ടാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ കൂടുതലും ആശ്രയിക്കുന്നത് ക്വിക് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്,  മാഗ്‌സെയ്ഫ് ചാര്‍ജിങ് രീതികളാണ്. ഫോണിന്റെ ബാറ്ററിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചാര്‍ജിങ് ടെക്‌നോളജിയും അടക്കം പല കാര്യങ്ങളും പരിശോധിച്ചാണ് ഓരോ കമ്പനിയും ചാര്‍ജര്‍ നല്‍കുക. ഒരു വര്‍ഷമെങ്കിലും വാറന്റി നല്‍കുന്നതിനാല്‍ ചാര്‍ജറും അവര്‍ പരിശോധിച്ചു തന്നെയായിരിക്കും നല്‍കുക എന്നതിനാല്‍ പലര്‍ക്കും ഇതുപയോഗിക്കുന്നതാണ് സംതൃപ്തി നല്‍കുന്നത്. 

ഏതു ഫോണിന്റെയും ചാര്‍ജര്‍ ഉപയോഗിച്ച് സ്മാര്‍ട് ഫോണ്‍ ചെയ്യാമോ എന്ന ചോദ്യത്തിന് 'ചെയ്യാം' എന്നു പറയാമെങ്കിലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ചാര്‍ജറുളെക്കുറിച്ചുള്ള പ്രധാന സ്‌പെസിഫിക്കേഷന്‍ അതിന്റെ വാട്ട്‌സ് ആണ്. എത്ര ഊര്‍ജ്ജമാണ് അത് നിങ്ങളുടെ ഫോണിലേക്ക് അയയ്ക്കുക എന്നതിന്റെ കണക്കാണിത്. ടാബുകള്‍ക്കും, ലാപ്‌ടോപ്പുകള്‍ക്കും കൂടുതല്‍ വാട്‌സ് ഉള്ള ചാര്‍ജറുകളായിരിക്കും സാധാരണഗതിയില്‍ ഉണ്ടാകുക. കാരണം അവയ്ക്ക് കൂടുതല്‍ വലുപ്പമുള്ള ബാറ്ററികള്‍ നിറയ്‌ക്കേണ്ടതായിട്ടുണ്ട്. ഇതിനാല്‍ തന്നെ ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ ഉപയോഗിച്ചു ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സാധ്യത ഇല്ല. 

എത്ര പെട്ടെന്നാണ് നിങ്ങളുടെ ഫോണിന്റെ ചാര്‍ജ് പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് എത്തുന്നത് എന്നത് എത്ര വാട്‌സ് ചാര്‍ജാണ് ചാര്‍ജറില്‍ നിന്ന് കിട്ടുന്നത് എന്നതും, എത്ര വാട്‌സ് ചാര്‍ജാണ് നിങ്ങളുടെ ഫോണിന് സ്വീകരിക്കാനാകുന്നത് എന്നതും നോക്കിയാണ് മനസിലാക്കേണ്ടത്. ഇത് ഫോണിന്റെ മോഡല്‍ നമ്പര്‍ വച്ച് സേര്‍ച്ചു ചെയ്താല്‍ ലഭിക്കും. ഉദാഹരണത്തിന് പുതിയ ഐഫോണിന് പരമാവധി 20 വാട്‌സ് ചാര്‍ജാണ് സ്വീകരിക്കാനാകുക. എന്നു പറഞ്ഞാല്‍ ആപ്പിള്‍ ഫോണിനൊപ്പമല്ലാതെ വില്‍ക്കുന്ന 20 വാട്സ് ചാര്‍ജര്‍ വാങ്ങിയാല്‍ ഐഫോണ്‍ 11ന് ഒപ്പം നല്‍കിവന്നിരുന്ന 5 വാട്‌സ് ചാര്‍ജറിനേക്കാള്‍ നാലുമടങ്ങു വേഗത്തില്‍ ചാര്‍ജു ചെയ്യാനാകും. ഇവിടെ മറ്റൊരു കാര്യം കൂടെ ശ്രദ്ധിക്കാം. ഈ 20 വാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് നിങ്ങളുടെ ഐപാഡുകളും ചാര്‍ജ് ചെയ്യാം. എന്നാല്‍, നേരത്തെ കിട്ടിയിരുന്ന 5 വാട്ട് ചാര്‍ജര്‍ ഐപാഡുകള്‍ക്ക് സപ്പോര്‍ട്ട് ഔദ്യോഗികമായി നല്‍കിയിരുന്നില്ല.

ലാപ്‌ടോപ്പുകളില്‍ കുത്തി ചാര്‍ജ് ചെയ്യുമ്പോഴും ഇക്കാര്യങ്ങളൊക്കെ ബാധകമാണ്. പുതിയ മാക്ബുക്ക് പ്രോകളുടെ യുഎസ്ബി-സി അല്ലെങ്കില്‍ തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകള്‍ക്ക് 10 വാടസ് വരെ നല്‍കാനാകും. അതായത് ആപ്പിളിന്റെ പഴയ 5 വാട്ട് ചാര്‍ജറുകളേക്കാള്‍ ഇരട്ടി മെച്ചമാണവ എങ്കിലും 20 വാട്ട് ചാര്‍ജറുകളുടെയത്ര ഗുണമില്ലാ താനും. ഫോണിന് 20 വാട്ട് ചാര്‍ജ് സ്വീകരിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ മാത്രമാണിത്. പത്തു വാട്ടേ ഫോണിനു സ്വീകരിക്കാനകൂ എങ്കില്‍ മാക്ബുക്ക് പ്രോയും, പുതിയ ചാര്‍ജറും ഒരേ സ്പീഡിലായിരിക്കും നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യുക.

ഫാസ്റ്റ് ചാര്‍ജിങ്ങിനെക്കുറിച്ചറിയാം

ഇതു കളി വേറെയാണ്. വണ്‍പ്ലസ് 8 ടിക്ക് 65 വാട്ട് ചാര്‍ജിങ് ശേഷിയുണ്ട്. പൂജ്യം ബാറ്ററിയില്‍ നിന്ന് 100 ശതമാനത്തിലെത്താന്‍ വേണ്ടത് വെറും 30 മിനിറ്റാണ്. ഇതല്ലേ നല്ലതെന്നു ചോദിച്ചാല്‍ ഫാസ്റ്റ് ചാര്‍ജിങ്ങിന്റെ നിലവാരം ഏകീകരിച്ചിട്ടില്ലെന്നു പറയേണ്ടിവരും. ഓരോ ഫോണ്‍ നിര്‍മാതാവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയിലാണ് ഫോണുകളും ചാര്‍ജറുകളും നിര്‍മിക്കുന്നത്. ഒരു കമ്പനിയടെ ടെക്‌നോളജി ആകണമെന്നില്ല മറ്റു കമ്പനികള്‍ ഉപയോഗിക്കുന്നത് എന്നതാണ് ഇവിടെയുള്ള പ്രധാന വ്യത്യാസം. ഉദാഹരണത്തിന് മുകളില്‍ പറഞ്ഞ വണ്‍പ്ലസ് 8ടിയുടെ ബാറ്ററിയെ രണ്ടു തുല്യ ഭാഗങ്ങളായി വിഭജിച്ച് രണ്ടിലും ഒരേസമയം വൈദ്യുതി പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനുള്ള ചാര്‍ജറാണ് ഒപ്പം ലഭിക്കുന്നത്. എന്നാല്‍ മറ്റേതെങ്കിലും കമ്പനിയുടെ 65 വാട് ചാര്‍ജര്‍ സംഘടിപ്പിച്ചാല്‍ അതിവേഗ ചാര്‍ജിങ് സാധ്യമാകണമെന്നില്ല. സാധാരണ ഗതിയില്‍ ഫോണിന് ഒരു സമയത്ത് സ്വീകരിക്കാവുന്ന പരമാവധി വൈദ്യുതി നല്‍കുന്ന ചാര്‍ജറുകള്‍ ലഭിക്കുന്നതാണ് ഉചിതം. പലപ്പോഴും ഫോണിനൊപ്പം കിട്ടുന്ന ചാര്‍ജര്‍ തന്നെയാണ് ഫാസ്റ്റ് ചാര്‍ജിങ്ങിന്റെ കാര്യത്തില്‍ ഗുണകരം

വയര്‍ലെസ് ചാര്‍ജിങ്ങില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെയും ചാര്‍ജിങ് സ്പീഡ് വാട്‌സിലാണ് കാണിക്കുന്നത്. മിക്കവാറും വയര്‍ലെസ് ചാര്‍ജറുകളെല്ലാം വയേഡ് ചാര്‍ജറുകളെക്കാള്‍ പതുക്കെ മാത്രമെ ചാര്‍ജ് ചെയ്യൂ. ഫാസ്റ്റ് ചാര്‍ജിങ്ങിന്റെ കാര്യത്തിലേതു പോലെയല്ലാതെ വയര്‍ലെസ് ചാര്‍ജിങ്ങില്‍ മിക്ക കമ്പനികളും ക്വി (Qi) ചാര്‍ജിങ് ഉപയോഗിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...