ടിന്നിനുള്ളിൽ നിധി; ഉടമ അറിയുന്നത് 80 ാം വയസിൽ; നടന്നത്

ring3
SHARE

ഒമ്പതുലക്ഷത്തോളം വിലയുള്ള ഒരു  മോതിരം ടിന്നിൽ സൂക്ഷിച്ചിവച്ചിരിക്കുന്നു. അതിനെക്കുറിച്ച് ഒാർമവന്നതാകെട്ടെ 80ാം വയസിലും.  ഇംഗ്ലണ്ടിലാണു സംഭവം. 1979ലാണു ടോം ക്ലർക്ക് എന്ന വ്യക്തിക്കു യുകെയിലെ കൃഷിയിടത്തിൽ നിന്ന് ഒരു മോതിരം ലഭിക്കുന്നത്. അവിടങ്ങളിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു ഭൂമിക്കടിയിലെ ലോഹവസ്തുക്കൾ തിരയുന്ന ഒരു തരം വിനോദമുണ്ട്. നിധിവേട്ടക്കാരാണ് ഇത്തരക്കാർ. ഒട്ടേറെ പേർക്ക് അങ്ങനെ പലതരം നാണയങ്ങളും ആയുധങ്ങളും ആഭരണങ്ങളുമൊക്കെ മണ്ണിനടിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇതു പിന്നീടു ലേലത്തിനു വച്ചു പണം സ്വന്തമാക്കാം. 

ബക്കിങ്ങാംഷെറിലായിരുന്നു ടോമിന്റെ കൃഷിയിടം. കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയപ്പോൾ മോതിരത്തിനു വലിയ പ്രാധാന്യമൊന്നും തോന്നിയില്ല. അങ്ങനെയത് ഒരു ടിന്നിലടച്ച് അമ്മവീട്ടിലെ ഗരാഷിൽ സൂക്ഷിച്ചു. 8 വർഷം മുൻപ് അമ്മ മരിച്ചു. അങ്ങനെ വീട്ടിലെ വസ്തുക്കളെല്ലാം തരംതിരിക്കുന്നതിനിടെയായിരുന്നു ഈ ടിൻ ശ്രദ്ധയിൽപ്പെടുന്നത്. മോതിരം കണ്ടപ്പോൾ അതിന്റെ മൂല്യം പരിശോധിക്കാൻ ഒരാഗ്രഹം– അന്വേഷിച്ചു ചെന്നപ്പോഴാണറിഞ്ഞത്. 670 കൊല്ലം പഴക്കമുള്ള മോതിരമാണത്. അതായത് എഡി 1350ൽ നിർമിച്ചത്. ലാറ്റിൻ ഭാഷയിൽ എഴുത്തുകളുണ്ടായിരുന്നു മോതിരത്തിൽ– യഥാർഥ സന്ദേശങ്ങൾ ഞാൻ മറച്ചുവയ്ക്കുന്നു എന്നായിരുന്നു എഴുത്തിന്റെ അർഥം. മോതിരത്തിൽ ഒരാളുടെ ചിത്രവും കൊത്തിവച്ചിരുന്നു. എന്തായാലും സംഗതി ലേലത്തിനു വയ്ക്കാൻ തന്നെ തീരുമാനിച്ചു. 8.5 ലക്ഷം രൂപ വരെയാണു വിലയിട്ടിരിക്കുന്നത്. 

അന്നു കിട്ടിയ പല മോതിരങ്ങളും ഒരു മ്യൂസിയത്തിലെത്തിച്ചു പരിശോധിച്ചെങ്കിലും അവയെല്ലാം പുതിയ കാലത്തെയാണെന്നായിരുന്നു മറുപടി. അങ്ങനെയാണ് എല്ലാം എടുത്തു ടിന്നിലടച്ചിട്ടത്. അതിനോടകം ടോം മെറ്റൽ ഡിറ്റക്ടർ ഉപയോഗത്തിലും പഴയകാല വസ്തുക്കൾ തിരിച്ചറിയുന്നതിലും കൂടുതൽ മിടുക്കനായിരുന്നു. ഏകദേശം 50 കൊല്ലത്തെ പരിചയസമ്പത്തായി. 

എന്തുകൊണ്ടാണ് ഇത്രയും കാലം മോതിരം പുറംലോകത്തിനു മുന്നിലെത്തിക്കാതിരുന്നതെന്ന ചോദ്യവും ടോമിനു നേരെയുണ്ടായി– ‘ഞാനക്കാര്യം പൂർണമായി മറന്നു പോയി’ എന്നായിരുന്നു ചിരിയോടെ അദ്ദേഹത്തിന്റെ മറുപടി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...