ആക്രിക്കടയിലെ സാധനങ്ങൾ; ചെലവ് വെറും 4000; പത്താം ക്ലാസുകാരന്റെ സ്പോർട്സ് ബൈക്ക്

bike
SHARE

വെറും 4000 രൂപ മാത്രം ചെലവഴിച്ച് ഉഗ്രൻ സ്പോർട് ബൈക്ക് നിർമിച്ച് പത്താം ക്ലാസുകാരൻ. പെരുമ്പാവൂർ വെങ്ങോല തൊട്ടിപ്പറമ്പിൽ സുനിലിന്റെ മകൻ അനന്തുവാണ് ഈ  മിടുക്കൻ. അല്ലപ്രയിലും വെങ്ങോലയിലുമുള്ള ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങിയാണ് അനന്തു ഇഷ്ടവാഹനം നിർമിച്ചത്. 

ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടറാണ് ഈ സ്പോർസ് ബൈക്കിലെ പ്രധാന ഘടകം. പഴയ  സൈക്കിളിന്റെ ചേസ്, ആശുപത്രി വീൽചെയറിന്റെ ചക്രങ്ങള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മീറ്ററും ആക്സിലറേറ്ററും മാത്രമാണ് പുതിയത്. ഇത് ഓൺലൈനായി വാങ്ങി. സെക്കൻ‌ഡ് ഹാൻഡ് ബാറ്ററി ഉപയോഗിച്ചതിനാൽ ചെലവ് കുറയ്ക്കാനായി. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 25 കിലോമീറ്റർ വരെ ഓടിക്കാം. 

ഘടകങ്ങൾ വെൽഡ് ചെയ്യാൻ ബന്ധുവിന്റെ വർക്‌ഷോപ്പിൽ പോയി ഒരാഴ്ച പഠിച്ചു. വെൽഡിങ് യന്ത്രം വാടകയ്ക്കെടുത്താണ് ഘടകങ്ങൾ കൂട്ടി യോജിപ്പിച്ചത്. ചെറുമകന്റെ താൽപര്യം അറിഞ്ഞ്  സുനിലിന്റെ അച്ഛനും അമ്മയുമാണ് സാമ്പത്തിക സഹായം നൽകിയത്. വളയൻചിറങ്ങറ എച്ച്എസ്എസിലെ വിദ്യാർഥിയായ അനന്തു ട്യൂഷനും കടയിലുമൊക്കെ ഇപ്പോൾ പോകുന്നത് സ്വന്തമായി നിർമിച്ച ബൈക്കിലാണ്. പെട്രോൾ വാഹനത്തിന്റെ മോട്ടർ ഉപയോഗിച്ചാൽ നിരത്തിലിറക്കാൻ റജിസ്ട്രേഷനും ലൈസൻസും വേണമെന്നതിനാലാണ് ഇലക്ട്രിക് സ്കൂട്ടർ മോട്ടർ തിരഞ്ഞെടുത്തതെന്ന് അനന്തു പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...