'ഞങ്ങൾ കൊന്നിട്ടും മോഷ്ടിച്ചിട്ടുമില്ല'; വിമര്‍ശകരോട് ദമ്പതികള്‍ക്ക് പറയാനുള്ളത്

SHARE
wedding-photoshoot-controversy

സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടുകൾ കേരളത്തിൽ മുൻപും വിവാദമായിട്ടുണ്ട്. വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് അത്തരത്തിൽ ശ്രദ്ധ നേടുകയാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കും ഭാര്യ ലക്ഷ്മിയുമാണ് സോഷ്യല്‍ മീഡിയയിൽ വിമര്‍ശനങ്ങൾ നേരിടുന്നത്. വെഡ്ഡിങ്ങ് സ്റ്റോറീസ് എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ഇവർക്കെതിരെയുള്ള സൈബർ ആക്രമണം. 

''അത് വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് ആണ് എന്നുള്ളത് ഒന്നാമത്തെ കാര്യം. ഞങ്ങളുടെ സുഹൃത്ത് തന്നെയാണ് ചിത്രങ്ങൾ പകർത്തിയത്. വാഗമണ്ണിലാണ് ഷൂട്ട് ചെയ്തത്. ഷോർട്സും ഓഫ് ഷോൾഡര്‍ ടോപ്പുമാണ് ഭാര്യ ധരിച്ചിരുന്നത്. അതിനു മുകളിലാണ് പുതപ്പ് പുതച്ചത്. ഞാനും ധരിച്ചിരുന്ന വസ്ത്രത്തിനു മുകളിലാണ് ഇപ്പോൾ ചിത്രങ്ങളിൽ കാണുന്ന വെള്ള പുതപ്പ് പുതച്ചത്. 

ഞങ്ങളുടെ ഇഷ്ടമാണ്, സ്വകാര്യതയാണ്. മോഷണമോ കൊലപാതകമോ ഒന്നും അല്ലല്ലോ ചെയ്തത്. ഒരു ഫോട്ടോഷൂട്ടല്ലേ? താലി കെട്ടുന്ന ചിത്രങ്ങളും കൈ പിടിച്ചു നടക്കുന്നതുമൊക്കെ സ്ഥിരം പാറ്റേണിൽ ചെയ്യുന്നതാണ്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഈ ആശയത്തിലേക്കെത്തിയത്. വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല. 

ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ ആദ്യം പോസ്റ്റ് ചെയ്തത്. അവിടെ ലഭിച്ച 95 ശതമാനവും പൊസിറ്റീവ് കമന്റുകളായിരുന്നു. ഫെയ്സ്ബുക്കിൽ ചിത്രങ്ങള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 

ആദ്യമൊക്കെ ചില കമന്റുകള്‍ക്ക് മറുപടി നൽകിയിരുന്നു, ആരെയും വേദനിപ്പിക്കാതെ തന്നെ. പിന്നെയാണ് അതിന്റെ ആവശ്യമില്ലെന്ന് മനസിലായത്. ഇത്തരം മനോഭാവം ഉള്ളവർ അത് തുടരും. ഞങ്ങളെ ഈ കമന്റുകൾ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ചിത്രങ്ങൾ കണ്ടപ്പോൾ വീട്ടുകാർക്കും ഒന്നും തോന്നിയില്ല, അവർക്ക് ഉൾക്കൊള്ളാനാകുമായിരുന്നു. പക്ഷേ ഇതുപോലുള്ള കമന്റുകളെത്തിയപ്പോൾ അവർക്ക് അൽപം വേദനയുണ്ടായി'', ഋഷി മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു.

തൃശൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറിസ് ആണ് ചിത്രങ്ങൾക്കു പിന്നിൽ. അഖില്‍ കാര്‍ത്തികേയനാണ് ഫോട്ടോഗ്രാഫർ. ''എനിക്ക് വർഷങ്ങളായി അറിയാവുന്നവരാണ്. അവരുടെ തന്നെ ആശയമായിരുന്നു അത്.  ഈ കമന്റുകൾ രണ്ടു പോരെയും ഒരു തരത്തിലും ബാധിച്ചിട്ടില്ല. അവരുടെ കുടുംബത്തിനും യാതൊരു വിധ പ്രശ്നങ്ങളുമില്ല'', അഖിൽ പറയുന്നു. 

സെപ്റ്റംബർ 16 ആയിരുന്നു ഋഷിയുടെയും ലക്ഷ്മിയുടെയും വിവാഹം. മൊബൈൽ ബ്രാൻഡിന്റെ ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലെ ജീവനക്കാരനാണ് ഋഷി. ഇലക്ട്രോണിസിൽ ഡിപ്ലോമ പൂർത്തിയാക്കിയ ലക്ഷ്മി തുടർ പഠനത്തിനായി തയ്യാറെടുക്കുകയാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...