കാലം തെറ്റി പൂത്ത് അപൂർവമായ ബ്രഹ്മകമലം; കരൾരോഗ മരുന്ന്, വിശിഷ്ട പുഷ്പം; വിഡിയോ

ഉത്തരാഖണ്ഡിൽ ബ്രഹ്മകമലം  കാലം തെറ്റി പൂത്തുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാധാരണയായി ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ  മാത്രം പൂക്കാറുള്ള ബ്രഹ്മകമലം കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് ചമോലി ജില്ലയിൽ വീണ്ടും പൂത്തു തുടങ്ങിയത്.

വർഷത്തിലൊരിക്കൽ സൂര്യാസ്തമയത്തിനു ശേഷമുള്ള സമയത്താണ് ബ്രഹ്മകമലം പൂവിടുന്നത്. പതിവുപോലെ സെപ്റ്റംബർ മാസത്തിൽ ഇത്തവണയും പൂക്കൾ വിരിഞ്ഞെങ്കിലും വീണ്ടും ഉത്തരാഖണ്ഡിലെ ഉയർന്ന പ്രദേശങ്ങളിൽ ഒക്ടോബറിൽ രണ്ടാമതും പൂക്കൾ വിരിയുന്നുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇതിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതുമൂലം മലിനീകരണത്തിന്റെ അളവും കുത്തനെ കുറഞ്ഞതും അനുകൂല ഘടകമായതായി കണക്കാക്കുന്നു.

സാധാരണപൂക്കളിൽ നിന്നും വ്യത്യസ്തമായി ബ്രഹ്മകമലത്തിന്റെ പ്രാധാന്യം ഏറെയായതിനാൽ മുൻകാലങ്ങളിൽ വിനോദസഞ്ചാരത്തിനെത്തുന്നവർ അവ പറിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത്തവണ മനുഷ്യരുടെ അസാന്നിധ്യം മൂലം അവയ്ക്ക് യാതൊരു വിധ കേടുപാടുകളും ഉണ്ടാകാതെ വളരുന്നതായാണ് ബുഗ്യ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. 

കേദാർനാഥ്, ബദരീനാഥ് തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബ്രഹ്മകമല പൂക്കൾ ഏറെ വിശിഷ്ടമായാണ് കണക്കാക്കപ്പെടുന്നത്. സൗസൂരിയ ഒബ്‌വല്ലറ്റ എന്നാണ് പുഷ്പത്തിന്റെ ശാസ്ത്രീയനാമം.ഹിമാലയത്തിലെ മലനിരകളിലും ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.ഹിമാലയത്തിൽ 4500 മീറ്റർ ഉയരത്തിൽ വരെ ബ്രഹ്മകമലം പൂക്കാറുണ്ട്. പൗരാണികമായ പ്രാധാന്യത്തിന് പുറമേ കരൾരോഗങ്ങൾ അടക്കമുള്ളവയ്ക്ക് മരുന്നായും ഈ പുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്.