ഈ സ്മാർട്ട്ഫോണുകളിൽ 2021 മുതൽ വാട്സാപ്പ് കിട്ടില്ല; കാരണം ഇതാണ്

പ്രതീകാത്മക ചിത്രം

പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഈ വർഷം അവസാനത്തോടെ വാട്ട്സാപ്പ് സേവനം അവസാനിപ്പിക്കുകയാണെന്ന് ഫെയ്സ്ബുക്ക്. ആപ്പിളിന്റെ ഐഒഎസ് 9, ഗൂഗിളിന്റെ ആൻഡ്രോയിഡ് 4.0.3 എന്നിവയ്ക്ക് മുൻപെയുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലൊന്നും 2021 ജനുവരി‍ 1 മുതൽ വാട്സാപ് കിട്ടില്ല. നിരവധി ഐഫോണുകളും ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. ആൻഡ്രോയിഡ് 4.0.3 അല്ലെങ്കിൽ അതിനുമുകളിലുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ മാത്രമാണ് അടുത്ത വർഷം ജനുവരി മുതൽ വാട്സാപ്പ് ലഭിക്കുക

സംസങ് ഗാലക്‌സി എസ് 2, മോട്ടറോള ആൻഡ്രോയിഡ് റേസർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്‌ടിസി ഡിസയർ എന്നിവയാണ് വാട്സാപ്പ് സേവനം ഈ വർഷത്തോടെ ഇല്ലാതെയാകുന്ന ഫോണുകളിൽ ചിലത്. ഐഫോൺ 4എസ്, ഐഫോണ് 5, ഐഫോൺ 5 എസ്, ഐഫോൺ 5 സി എന്നീ ഫോണുകളിൽ വാട്സാപ്പ് പ്രവർത്തിക്കും.  നിങ്ങളുപയോഗിക്കുന്ന ഫോണിൽ 2021 മുതൽ വാട്സാപ്പ് ലഭിക്കുമോ എന്ന് അറിയുന്നതിനായി  സെറ്റിങ്സ്> സിസ്റ്റം> സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്സ് പോയി സിസ്റ്റം അപ്‌ഡേറ്റുകൾ പരിശോധിച്ചാൽ മതിയാകും.

കാലഹരണപ്പെട്ട സ്മാര്‍ട് ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാൻ വാട്‌സാപ് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെ തന്നെ പുതിയ വാട്സാപ് അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സന്ദേശമയയ്‌ക്കൽ സേവനമാണ് വാട്സാപ്. വ്യക്തിപരമോ പ്രൊഫഷണൽ കാര്യത്തിനോ ആകട്ടെ, ആളുകൾ എല്ലാത്തരം ആശയവിനിമയത്തിനും വാട്സാപ്പിനെയാണ് ആശ്രയിക്കുന്നത്. കാലോചിതമായ മാറ്റമാണിതെന്നാണ്  അധികൃതരുടെ വാദം.