സഹോദരന്റെ നിരന്തര ലൈംഗിക പീഡനം; മദ്യപാനിയായ അച്ഛൻ; അതിജീവനം; കുറിപ്പ്

rape-post
SHARE

10 വയസ്സുള്ളപ്പോൾ തൊട്ട് സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചു. 12–ാം വയസ്സിൽ മറ്റൊരാളിൽ നിന്നും പീഡനം. അച്ഛൻ മദ്യപാനി. വീട്ടിലെ പ്രശ്നങ്ങൾ കാരണം മാതാപിതാക്കളോട് ഒന്നും തുറന്നു പറയാനായില്ല. ഒടുവിൽ വീട്ടിൽ എല്ലാം അറിഞ്ഞപ്പോൾ കൂടുതൽ പ്രശ്നങ്ങൾ. അച്ഛന്റെ രോഗവും മരണവും. ഒടുവിൽ എല്ലാതത്തിനെയും അതിജീവിച്ച് ഒരു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെയിൽ പങ്കുവച്ച കുറിപ്പാണ് പെൺകുട്ടിയുടെ അനുഭവം വിശദീകരിക്കുന്നത്.

യുവതിയുടെ കുറിപ്പ് വായിക്കാം: 

എന്റെ മൂത്ത സഹോദരൻ എന്നെ പീ‍ഡിപ്പിക്കാൻ തുടങ്ങുമ്പോൾ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. അവൻ എന്റെ പാന്റ് താഴേക്ക് അഴിക്കും. പിന്നീട് സ്വകാര്യഭാഗങ്ങൾ എനിക്ക് നേർക്ക് പ്രദർശിപ്പിക്കും. അമ്മയോട് പറഞ്ഞാൽ ഞാൻ നിന്നെ മർദിക്കുമെന്ന് പറയും. സഹോദരൻ എന്നെ മോശമായാണ് സ്പർശിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് 5 മാസം വേണ്ടി വന്നു. ഇത്രയും കാലം ഇത് ഞാൻ മാതാപിതാക്കളോട് പറഞ്ഞില്ല. അച്ഛൻ ഒരു മദ്യപാനിയായിരുന്നു. എന്റെ മാതാപിതാക്കൾ എപ്പോഴും വഴക്കിടുമായിരുന്നു. അവരെ ഇക്കാര്യം കൂടി അറിയിച്ച് വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എനിക്ക് 12 വയസ്സുള്ളപ്പോൾ സഹോദരൻ ഒരു അപകടത്തിൽപ്പെട്ട് കോമ സ്റ്റേജിലായി. അവൻ സുഖം പ്രാപിക്കുമ്പോൾ വീണ്ടും ആ രാക്ഷസനാകരുതെന്ന് ഞാൻ പ്രാ‍ർഥിച്ചു. പക്ഷേ 2 വർഷത്തെ തെറാപ്പിയും ചികിൽസയും അവനെ ആരോഗ്യവാനാക്കി. അവന് ഒരു മാറ്റവുമുണ്ടായില്ല. എന്നെ നോക്കി മോശം കമന്റുകൾ പറയുക പതിവായി. 

'പൂജ,നീ വളരെ സെക്സി’, ‘എനിക്ക് നിന്റെ ഷോർട്ട്സ് ഇഷ്ടമാണ്’, ‘നീ നടക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്’. തുടങ്ങിയ കാര്യങ്ങൾ പറയുമായിരുന്നു. ഒരിക്കൽ, ഞാൻ കുളിക്കുമ്പോൾ, അവൻ കുളിമുറിയിലേക്ക് എത്തിനോക്കാൻ ശ്രമിച്ചു. അമ്മ അവനെ പിടികൂടി. അവന്റെ മനസ്സ് മോശമാണെന്ന് അറിഞ്ഞു. എന്നാൽ അതിലും ഞെട്ടിക്കുന്ന ഒരു സംഭവം ഉണ്ടായി. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് എന്റെ ഒരു ബന്ധു സഹായം ചോദിച്ച് വീട്ടിലെത്തി. അയാൾ എന്റെ മാറിലും പുറത്തും സ്പർശിച്ചു. അയാൾക്ക് എന്റെ മുത്തച്ഛനാകാനുള്ള പ്രായം ഉണ്ടായിരുന്നു. ഞാൻ ഞെട്ടി അയാളെ തള്ളി മാറ്റി. അപ്പോൾ അയാൾ പറഞ്ഞത് ഇതൊക്കെ സാധാരണമാണെന്നും എല്ലാ സ്ത്രീകളും ഇതൊക്കെ അഭിമുഖീകരിക്കേണ്ടി വരുമെന്നുമാണ്. മാതാപിതാക്കളോട് ഇത് അറിയിക്കുമെന്ന് പറഞ്ഞു. അപ്പോൾ അയാൾ 1000 രൂപ എനിക്ക് തന്നു. അത് ഞാനയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഞാൻ മാതാപിതാക്കളോട് കാര്യം പറ‍ഞ്ഞു. 

പിന്നെ, ഞാൻ പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു. അടുത്ത തവണ എന്റെ സഹോദരൻ എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ അവനെ അടിക്കുകയും മാതാപിതാക്കളോട് പറയുകയും ചെയ്തു . പപ്പയ്ക്ക് ദേഷ്യം വന്നു. എന്നെ സംരക്ഷിക്കാൻ കഴിയാത്തതിൽ കുറ്റബോധം തോന്നി. കൂടുതൽ കുടിക്കാൻ തുടങ്ങി. എല്ലാ ദിവസവും വീട്ടിൽ വഴക്കുകൾ ഉണ്ടായി. ദേഷ്യപ്പെടുമ്പോൾ എന്റെ സഹോദരൻ എന്റെ മാതാപിതാക്കളെ പോലും അടിച്ചു. പപ്പയ്ക്ക് കടുത്ത രോഗം പിടിപെട്ടു.  ഞങ്ങൾ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പക്ഷേ ഞങ്ങൾക്ക് പണം തീർന്നു. സർക്കാർ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. ഞാൻ ഒരു പാർട്ട് ടൈം ജോലി ചെയ്തു. രാത്രി ആശുപത്രിയിലിരുന്ന് പഠിച്ചു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം, പപ്പ മരണത്തിന് കീഴടങ്ങി.

അദ്ദേഹത്തിന്റെ ശവസംസ്കാര വേളയിൽ, എന്റെ സഹോദരൻ പപ്പയുടെ അന്ത്യകർമങ്ങൾ ചെയ്യാനുള്ള അവസ്ഥയിലായിരുന്നില്ല, അതിനാൽ അമ്മ പുരോഹിതനോടും ഞങ്ങളുടെ ബന്ധുക്കളോടും യുദ്ധം ചെയ്തു, ഞാൻ പപ്പയുടെ ചിത കത്തിക്കണമെന്ന് നിർബന്ധിച്ചു. ശേഷം, ഞാൻ അത് ചെയ്തു.  ഞാൻ എന്റെ സഹോദരനെ ഹോം കെയറിൽ പ്രവേശിപ്പിച്ചു. അമ്മയും ഞാനും പതുക്കെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങി.

ഇപ്പോൾ 2 വർഷമായി.  എനിക്ക് നല്ല ശമ്പളമുള്ള ജോലിയുണ്ട്, ഒപ്പം അമ്മയെയും സഹോദരനെയും സാമ്പത്തികമായി പിന്തുണയ്ക്കുന്നു. എനിക്ക് എന്റെ സഹോദരനോട് ക്ഷമിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ മുന്നോട്ട് പോകാൻ ഞാൻ പഠിച്ചു. എന്റെ ബന്ധുക്കൾ പലപ്പോഴും പറയുന്നു നീ ഈ കുടുംബത്തിലെ പുരുഷനാണെന്ന്. ‌പക്ഷേ അത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ഞാൻ ഈ കുടുംബത്തിലെ സ്ത്രീയാണ്, അങ്ങനെയാണ് ഞാൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...