ഞാന്‍ കണ്ട എസ്പിബി; ‘നേരേ ചൊവ്വേ’യില്‍ അല്ല: വിഡിയോ

johny
SHARE

ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ അഭിമുഖങ്ങളുണ്ടോ? – എന്നോടു പലരും ഇങ്ങനെ ചോദിക്കാറുണ്ട്.  ഈ പട്ടികയില്‍ പല പേരുകള്‍ ഉണ്ട്.  എന്നാല്‍ അതിലൊന്നാമത്തെ പേരുകാരനായി മാറുകയാണ് എസ്.പി.ബാലസുബ്രഹ്മണ്യം എന്ന പ്രിയഗായകന്‍. നഷ്ടപ്പെട്ട ശ്രുതിമധുരം എന്നല്ലാതെ എന്തു പറയാന്‍. 

അദ്ദേഹത്തിന്‍റെ അഭിമുഖം എടുക്കാന്‍ മൂന്നു സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഒരുങ്ങിയിരുന്നതാണ്.  അവിചാരിതമായ ചില തടസ്സങ്ങള്‍കൊണ്ട് അതു നടക്കാതെ പോയി.  ഒടുവില്‍ മഴവില്‍ മനോരമ മ്യൂസിക് അവാര്‍ഡ് പരിപാടിക്കായി അദ്ദേഹം രണ്ടു വര്‍ഷം മുമ്പ് ഞങ്ങളുടെ സ്റ്റുഡിയോയില്‍ വന്നു.  അദ്ദേഹത്തിന്റെ സമ്മതത്തോടെ അഭിമുഖത്തിനു തയ്യാറായെങ്കിലും തൊണ്ടയ്ക്കു സുഖമില്ലാത്തതുകൊണ്ട് അത് ഉപേക്ഷിക്കേണ്ടിവന്നു.  അന്നു വൈകുന്നേരം തൊണ്ടവേദനയെ അവഗണിച്ച് അദ്ദേഹം ആലപിച്ച ഗാനങ്ങളില്‍ ഞാന്‍ കണ്ടു ഒരു കലാകാരന്‍റെ ധര്‍മനിഷ്ഠ. ഒരു നല്ല മനുഷ്യന്‍റെ സമര്‍പ്പണം. മാസ്റ്റര്‍ പീസായ ശങ്കരാ നാദശരീരാ പരാ, എന്‍ കാതലേ, താരാപഥം ചേതോഹരം തുടങ്ങിയ പാട്ടുകള്‍ എസ്പിബിയില്‍നിന്ന് നേരിട്ടുകേട്ടു. ഊട്ടിപ്പട്ടണം എന്ന ഗാനം പാടാന്‍ മോഹന്‍ലാലും എംജി ശ്രീകുമാറും റിമി ടോമിയും അദ്ദേഹത്തിനൊപ്പം വേദിയിലെത്തി. ആ ആവേശപ്പാട്ടില്‍ ഏറ്റവും ഊര്‍ജം നിറച്ചത് തൊണ്ടവേദന മറന്നുപാടിയ എസ്പിബിയായിരുന്നുവെന്ന് എനിക്കൊപ്പം സദസും സമ്മതിക്കുമെന്ന്  ഉറപ്പാണ്. പിന്നീട് കണ്ടത് കഴിഞ്ഞ ഡിസംബറില്‍ തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനോത്സവത്തില്‍ ദക്ഷിണാമൂർത്തി നാദപുരസ്ക്കാരം സ്വീകരിക്കാന്‍ അദ്ദേഹം എത്തിയപ്പോഴായിരുന്നു. കേരളത്തിലെ, അദ്ദേഹത്തിന്‍റെ അവസാനത്തെ പൊതുചടങ്ങു കൂടിയായിരുന്നു അത്.   അന്നും അഭിമുഖത്തിനു സമയമുണ്ടായില്ല.  സ്വസ്ഥമായി അഭിമുഖം എടുക്കാന്‍ ചെന്നൈയിലേക്ക് എന്നെ ക്ഷണിച്ചു.  പിന്നീട് തിരക്കിന്‍റെ പെരുക്കത്തില്‍ അദ്ദേഹം പെട്ടു.  പിന്നാലെ കോവിഡ് വന്നു.  അഭിമുഖം നടന്നില്ലെങ്കിലും പെരിങ്ങോട്ടുകരയില്‍ ഏറെസമയം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞു.  വേദിയില്‍ അടുത്തടുത്ത കസേരകളിലാണ് ഞങ്ങള്‍ ഇരുന്നത്.  ഓരോരുത്തരും മലയാളത്തില്‍ പ്രസംഗിക്കുമ്പോള്‍ ചില വാക്കുകളുടെ അര്‍ത്ഥം എന്നോടു ചോദിക്കും.  ചില തമാശകള്‍ പറയും. എസ്.പി.ബിയുടെ  അനൗപചാരികതയും വിനയവും അറിയപ്പെടുന്നതാണെങ്കിലും വേദിയിലും പുറത്തും അദ്ദേഹത്തിന്‍റെ അതീവഹൃദ്യമായ പെരുമാറ്റം ഞാന്‍ സങ്കല്‍പ്പിച്ചതിനും അപ്പുറമായിരുന്നു.  .  ഇന്ത്യന്‍ സംഗീതരംഗത്തെ ഒരു ലെജന്‍ഡാണു  താന്‍ എന്ന് അദ്ദേഹത്തിനു അറിയില്ല എന്നുണ്ടോ? ഒരുവേള ഞാന്‍ സംശയിച്ചുപോയി. 

ഇടയ്ക്കിടെ സന്ദര്‍ഭോചിത തമാശകള്‍ പൊട്ടിച്ചു എസ്.പി.ബി. അവാര്‍ഡ് ‍ജേതാവായ എസ്.പി.ബിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രഭാഷണം തുടങ്ങിയത് S.P.Balasubramaniam doesn't need any introduction എന്നു പറ‍ഞ്ഞാണ്.  മറുപടിപ്രസംഗം തുടങ്ങവേ എസ്.പി എല്ലാവരോടുമായി ചോദിച്ചു – ‘എസ്.പി.ബിക്ക് യാതൊരു ഇന്‍ട്രൊഡക്ഷനും വേണ്ട എന്നാണ് ഇവിടെ പറഞ്ഞത്.  എന്നാല്‍ അദ്ദേഹം ഉള്‍പ്പെടെ എല്ലാവരും തുടക്കംമുതലേ എന്നെക്കുറിച്ചാണു പറഞ്ഞുകൊണ്ടിരിക്കുന്നത്.  ഇതെന്തു കഥ?’

എസ്.പി.ബി പ്രസംഗിക്കുമ്പോള്‍ മൈക്കി‍ന്‍റെ ശബ്ദം ശരിയാക്കാന്‍ ഒരാള്‍ അടുത്തുവന്നു മൈക്ക് രണ്ടുമൂന്നു തവണ പിടിച്ചു തിരിച്ചു.  എസ്.പി.ബി അദ്ദേഹത്തോട് പറഞ്ഞു – ‘ഈ മൈക്ക് വളരെ സിംപിളാണേ, നിങ്ങള്‍ അതിനെ കോംപ്ലിക്കേറ്റഡ് ആക്കിക്കൊണ്ടിരിക്കുയാ.’

ചടങ്ങില്‍ ചില സംഗീതഞ്ജരെ മെമെന്‍റോ കൊടുത്ത് ആദരിച്ചതും എസ്.പി.ബി ആയിരുന്നു.  തടിയില്‍ തീര്‍ത്ത വയലിന്‍ ശില്‍പമായിരുന്നു മെമെന്‍റോ. ഒരു സംഗീതകാരന് അതു കൊടുത്തുകൊണ്ട് എസ്.പി.ബി ചോദിച്ചു – ‘താങ്കള്‍ കണ്ടോ സാധാരണ വയലിന് സ്ട്രിങ് കാണും.  ഈ അവാര്‍ഡ് ശില്‍പത്തില്‍ സ്ട്രിങ് ഇല്ല. ഞാന്‍ തരുന്നതുകൊണ്ടാണ്.  No strings attached.'

ചടങ്ങിനൊടുവില്‍ സംഘാടകരില്‍ ഒരാള്‍ കൃതജ്ഞത പറഞ്ഞപ്പോള്‍ എസ്.പി.ബി ഇടപെട്ടു.  ചടങ്ങിന്‍റെ തുടക്കത്തില്‍ മനോഹരമായി പ്രാര്‍ത്ഥന ഗാനം ആലപിച്ച മൂന്നു പെണ്‍കുട്ടികള്‍ക്കും പ്രത്യേകം നന്ദി പറയണം എന്നായി എസ്.പി.ബി.  സംഘാടകന് അതു പെട്ടെന്ന് മനസ്സിലായില്ല.  ഒഴുക്കന്‍ മട്ടില്‍ വീണ്ടും നന്ദി പറഞ്ഞ് ഒഴിയാന്‍ അദ്ദേഹം ശ്രമിച്ചു.  പക്ഷേ എസ്.പി.ബി വിട്ടില്ല.  ആ മൂന്നുപേരുടെയും പേര് എടുത്തുപറഞ്ഞ് നന്ദി പറഞ്ഞിട്ടേ സംഘാടകന് സ്റ്റേജ് വിടാന്‍ കഴിഞ്ഞുള്ളൂ.

അദ്ദേഹത്തിന്‍റെ നര്‍മബോധത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. അദ്ദേഹം എന്നെ ഉപദേശിച്ചു – ‘ജീവിതത്തെ വെറുതെ സീരിയസ് ആക്കരുത്. അതാണ് എന്‍റെ ഫിലോസഫി.’

നാല്‍പതു വര്‍ഷം മുമ്പ് ഇറങ്ങിയ ശങ്കരാഭരണം എന്ന സിനിമയുടെ ത്രസിപ്പിക്കുന്ന ഓര്‍മയിലായിരുന്നു ഞാന്‍.  എസ്.പി.ബാലസുബ്രഹ്മണ്യത്തിന്‍റെ ഗാനങ്ങള്‍ ഇല്ലാതെ ശങ്കരാഭരണത്തെ സങ്കല്‍പ്പിക്കാനാവില്ലല്ലോ. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് പാട്ടു പാടാനുളള കഴിവിന്‍റെ ഒരു അളവുകോല്‍ ശങ്കരാഭരണത്തിലെ ഗാനങ്ങളുടെ ആലാപനമായിരുന്നു.  എസ്.പി.ബി പാടിയ ഓംകാര നാദാനു, രാഗം താനം പല്ലവി, മാനസ സഞ്ചാരരേ, ശങ്കരാ നാദ ശരീരാ എന്നീ പാട്ടുകളൊക്കെ സ്വകാര്യമായി പാടാന്‍ ശ്രമിച്ചു പരാജയപ്പെട്ട പടുപാട്ടുകാരില്‍ ഞാനും ഉണ്ടായിരുന്നു. 

ശങ്കരാഭരണത്തിനു ഇന്ത്യയുടെ സാംസ്ക്കാരിക ചരിത്രത്തില്‍തന്നെ വലിയ സ്ഥാനമുണ്ട്.  എസ്.പി.ബാലസുബ്രഹ്മണ്യത്തിനും. ദക്ഷിണേന്ത്യയിലെ ഒരു ഭാഷ മാത്രമായ തെലുങ്കില്‍ ഇറങ്ങിയ ഒരു സിനിമ ഇന്ത്യ മുഴുവന്‍ ഏറ്റെടുത്തു. പിന്നീട് ഉണ്ടായ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലിയെപ്പോലെ പിടിച്ചിരുത്തുന്ന ആക്ഷന്‍ രംഗങ്ങളോ വിസ്മയിപ്പിക്കുന്ന സെറ്റുകളോ വഴിയല്ല അതു ജനമനസ്സുകളില്‍ കയറിയത്.  ജീവിതവും സംഗീതവും പറഞ്ഞാണ്.  ഇപ്പോള്‍ നമ്മള്‍ ഒരു ഇന്ത്യയെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ മറന്നുപോകുന്നത് സാംസ്ക്കാരികമായി ഇന്ത്യയെ ഏകീകരിച്ച ഇത്തരം ചലച്ചിത്രങ്ങളുടെയും എസ്.പി.ബിയെപ്പോലുള്ള കലാകാരന്മാരുടെയും പങ്കാണ്.  തമിഴ് സംഗീതം, തെലുങ്കു സംഗീതം, മലയാള സംഗീതം, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നൊക്കെ അതിന്‍റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ആളുകള്‍ സംഗീതം ആസ്വദിക്കുന്നു. കലാകാരന്മാരെ ആദരിക്കുന്നു. അങ്ങനെ നമ്മള്‍ ‘ഡൈവേഴ്സിറ്റി’  എന്നു പറയുന്ന ബഹുസ്വരത തന്നെ ഏകീകരണ ശക്തിയാക്കിയത് ഈ കലാകാരന്മാരാണ്. 

ശങ്കരാഭരണത്തിനു എസ്.പി.ബിയുടെ ജീവിതത്തിലും ചലച്ചിത്രസംഗീത ചരിത്രത്തിലും മറ്റൊരു വലിയ സ്ഥാനം കൂടിയുണ്ട് എന്നു ഞാന്‍ കരുതുന്നു.   ശാസ്ത്രീയസംഗീതത്തെ ജനപ്രിയ സിനിമയില്‍ ഉപയോഗിക്കുക എന്ന ട്രെന്‍ഡ് ഉണ്ടാക്കിയത് ആ സിനിമയാണ്.  പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ നാം അതു കണ്ടു.  സ്വാതിതിരുനാള്‍ എന്ന സിനിമയിലെ കീര്‍ത്തനങ്ങള്‍ തന്നെ സിനിമാപാട്ടുകളായി സ്വീകരിക്കപ്പെട്ടു.  ഹരിമുരളീരവവും, ഗംഗേയും പോലുള്ള പാട്ടുകള്‍ ഏതു ഗാനമേളയിലും ശ്രോതാക്കള്‍ ആവശ്യപ്പെടുന്നതായി മാറി.

ഒരു സിദ്ധാന്തംപോലെ ഓരോരുത്തരും വേറിട്ടു കേട്ട ശബ്ദമായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. അദ്ദേഹത്തില്‍നിന്ന് നമ്മുടെ കാതില്‍ വീണതൊന്നും വറ്റില്ല,  വാക്കായാലും, പാട്ടായാലും. ആ അപൂര്‍വതയ്ക്ക്, അപാരതയ്ക്ക് പ്രണാമം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...