20 വയസിനിടെ 14 ശസ്ത്രക്രിയ; ഒറ്റക്കാലിൽ സൈക്​ളിങ്ങ്; ‍തളരില്ല ശ്യാം

വെല്ലുവിളികളെ 'ഒറ്റക്കാലിൽ' ചവിട്ടി മുന്നോട്ടു നീങ്ങുകയാണ് തിരുവന്തപുരം സ്വദേശി ശ്യാംകുമാർ. പേയാട് മൂങ്ങോട് സന്ധ്യാ ഭവനിൽ കൂലിപ്പണിക്കാരനായ ശ്രീകുമാറിന്റെയും സരള കുമാരിയുടെയും മകനായ ശ്യാംകുമാർ തന്റെ പ്രിയ വിനോദമായ സൈക്കിൾ യാത്രയ്ക്ക് കോവിഡ് കാലത്തും ഒരു കുറവും വരുത്തിയിട്ടില്ല. മുറിച്ചു മാറ്റിയ വലതു കാലിനു പകരം കൃത്രിമ കാലുമായി സൈക്കിളിൽ കിലോമീറ്ററോളം സഞ്ചരിക്കുന്ന ശ്യാംകുമാർ മുന്‍പും താരമാണ്.

എന്നാൽ ലോക്ഡൗൺമൂലം തന്റെ കൃത്രിമ കാലിലെ അറ്റകുറ്റപ്പണി  മുടങ്ങിയതോടെ ഒരു കാലു മാത്രം ഉപയോഗിച്ചാണ് ശ്യാം സൈക്ക്ലിങ്ങ് ആസ്വദിക്കുന്നത്

മലയും കയറ്റങ്ങളും ഇടുങ്ങിയ വഴികളും അടങ്ങുന്ന 20 കിലോമീറ്റർ ദിവസവും സൈക്കിളിൽ സഞ്ചരിക്കും. ദിവസങ്ങൾക്കു മുൻപ് 'മൂന്നാമത്തെ കാൽ' പണി കഴിഞ്ഞ് തിരികെ കിട്ടി. മെ‍ഡിക്കൽ കോളജിൽ നിന്നു ലഭിച്ച രണ്ട് കൃത്രിമ കാലുകളും സ്വകാര്യ കമ്പനി സ്പോൺസർ ചെയ്ത  കാലും ഉണ്ടെങ്കിലും ഇവ പലപ്പോഴും പണി മുടക്കാറുണ്ട്. ശരിയാക്കി കിട്ടുംവരെ ഒറ്റക്കാലിൽ ആണ് ശ്യാമിന്റെ സൈക്കിൾ യാത്ര.

എംജി കോളജിലെ രണ്ടാം വർഷ സൈക്കോളജി വിദ്യാർഥിയായ ശ്യാംകുമാർ ഇതിനിടെ 14 ശസ്ത്രക്രിയയ്ക്കു വിധേയനായി. വലതുകാൽ നടുഭാഗവുമായി ഒട്ടിച്ചേർന്ന് മടങ്ങിയ നിലയിൽ, മൂന്ന് വൃക്കകൾ, മൂത്രം പോകാൻ തടസ്സം അങ്ങനെ അപൂർവതകളേറെയായിരുന്നു. പിറന്നു 19–ാം നാൾ ആദ്യ ശസ്ത്രക്രിയ. എട്ടാം വയസ്സിൽ വലതുകാൽ മുറിച്ചു മാറ്റി. മൂന്ന് വൃക്കകൾ ഉണ്ടെങ്കിലും ഇവയുടെ പ്രവർത്തനം 23 ശതമാനത്തിൽ താഴെയാണ്. ‍ഏത് നിമിഷവും ഡയാലിസിസ് ചെയ്യാൻ പാകത്തിനു അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. ദിവസവും കഴിക്കുന്നത് മുപ്പതിലേറെ ഗുളികകൾ. സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായ ശ്യാം. നീന്താനും മരങ്ങളിൽ കയറാനും മിടുക്കനാണ്. മോട്ടിവേഷൻ ക്ലാസുകളിൽ നിറ സാന്നിധ്യവും.

'സേവ് ആലപ്പാട്' ക്യാംപെയ്നിന്റെ ഭാഗമായി സുഹൃത്തുക്കളുമായി 115 കിലോ മീറ്റർ അകലെയുള്ള ആലപ്പാട് സൈക്കിളിൽ പോയിരുന്നു ശ്യാം. തലസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ക്യാംപുകളിൽ സജീവമായിരുന്ന ശ്യാംകുമാറിനെ നേരിട്ട് കണ്ട മന്ത്രി തോമസ് ഐസക് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടിരുന്നു. പിന്നാലെ മന്ത്രി കെ.കെ.ശൈലജ ശ്യാംകുമാറിനെക്കുറിച്ച് അന്വേഷിച്ചു.എല്ലാ ചികിത്സയും സൗജന്യമായി നൽകാനും മന്ത്രി നിർദേശിച്ചു. എന്നാൽ ഇതുവരെ സൗജന്യ ചികിത്സ ലഭിച്ചിട്ടില്ലെന്ന് ശ്യാംകുമാർ പറഞ്ഞു. ഗുളികകൾക്കു മാത്രം മാസം അയ്യായിരത്തോളം രൂപ വേണ്ടി വരും.