കുന്നിൻ മുകളിലെ വീടിന് വർഷങ്ങളുടെ പഴക്കം; അനന്തു ഇനി സ്വന്തം കാറിൽ വരും!

ananthu-lottery-winner
SHARE

കൊച്ചി: ‘ആദ്യം പണം കയ്യിലെത്തട്ടെ. എന്നിട്ടു തീരുമാനിക്കാം എന്തു ചെയ്യണമെന്നത്’– കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബർ സമ്മാനം ലഭിച്ചതിന്റെ അവിശ്വസനീയതയിൽതന്നെയാണ് അനന്തു വിജയൻ. 

കൊച്ചി എളംകുളം പൊന്നേത്ത് ക്ഷേത്രത്തിൽ അക്കൗണ്ടന്റായ ഇടുക്കി ഇരട്ടയാർ വലിയതോവാള പൂവത്തോലിൽ വിജയന്റെ മകൻ  അനന്തു പരിചയത്തിലുള്ള ബാങ്ക് ഉദ്യോഗസ്ഥ വഴി ഞായറാഴ്ചതന്നെ ഫെഡറൽ ബാങ്ക് ശാഖയിൽ ടിക്കറ്റ് ഏൽപിച്ചിരുന്നു.  ഉച്ചയോടെ കൊച്ചിയിൽനിന്നു ടാക്സിയിൽ ഇരട്ടയാറിലേക്കു പുറപ്പെട്ടു. 

ലോട്ടറിയടിച്ചെന്ന വിവരമെത്തിയ ഞായറാഴ്ച രാത്രി ഉറങ്ങാൻപോലുമായില്ലെന്ന് അനന്തു ‘മനോരമ’യോടു പറഞ്ഞു. ഇത്തവണ ബംപർ സമ്മാനം തനിക്കുതന്നെയെന്നു കൂട്ടുകാരോടു തമാശ പറഞ്ഞെങ്കിലും അതു യാഥാർഥ്യമായപ്പോൾ ഉൾക്കൊള്ളാനാകുന്നില്ല. 

ജീവിതം പുതിയ വഴിത്തിരിവിലെത്തിച്ച അവിസ്മരണീയ ഭാഗ്യത്തെക്കുറിച്ച് ആദ്യം വിളിച്ചറിയിച്ചത് പെയിന്റിങ് തൊഴിലാളിയായ അച്ഛൻ വിജയനെയും അമ്മ സുമയെയും. എംകോം ബിരുദധാരിയായ സഹോദരി ആതിര കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. സഹോദരൻ അരവിന്ദ് ബിബിഎ പൂർത്തിയാക്കി. 

ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അനന്തു പറയുന്നു. പുളിയൻമല ക്രൈസ്റ്റ് കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ കടയിൽ ജോലിക്കു നിന്നിരുന്നു. കോളജിൽനിന്നു കടയിലേക്ക്. ജോലി കഴിഞ്ഞു വീട്ടിലേക്ക്. കുന്നിൻമുകളിലാണു വീട്. 100 മീറ്ററിലധികം നടന്നു കയറണം. മൺകട്ടയിൽ നിർമിച്ച ഓടുമേഞ്ഞ വീടിന് വർഷങ്ങളുടെ പഴക്കമുണ്ട്. പണം മുടക്കി വാഹനങ്ങളിൽ ശുദ്ധജലം എത്തിച്ചാണ് ഉപയോഗിക്കുന്നത്. ലോക്ഡൗൺ കാലയളവിൽ മാത്രം 5000 രൂപയുടെ വെള്ളം എത്തിക്കേണ്ടി വന്നെന്ന് വിജയൻ പറയുന്നു. ക്ഷേത്രത്തിലെ അക്കൗണ്ടന്റ് ജോലി തുടരുമോ എന്നതു തീരുമാനിച്ചിട്ടില്ല. തുടക്കത്തിലെ മറുപടിതന്നെയാണ് അപ്പോഴും, പണം കയ്യിലെത്തട്ടെ. എന്നിട്ടാകാം.

ഒരു കോടി അമയന്നൂരിൽ വിറ്റ ടിക്കറ്റിന്

 സർക്കാരിന്റെ ഓണം ബംപർ 2–ാം സമ്മാനമായ ഒരു കോടി രൂപ അമയന്നൂരിൽ വിറ്റ ടിക്കറ്റിന്. പൊൻകുന്നം, കൊടുങ്ങൂർ, പള്ളിക്കത്തോട്, അമയന്നൂർ എന്നിവിടങ്ങളിൽ ഏജൻസി സ്റ്റാൾ ഉള്ള ചെങ്ങളം കാരിക്കാട്ട് വീട്ടിൽ കെ.കെ.ബിജുമോന്റെ ദേവമാതാ ലക്കി സെന്ററിൽ വിറ്റ ടി.ജി.787783 നമ്പർ ടിക്കറ്റിനാണ് സമ്മാനം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...