എങ്ങിനെ ആയാലും മ്മക്ക് ഒരു കൊയപ്പീല്യ; താരമായി കുട്ടി ഫായിസ്

കൊണ്ടോട്ടിയിലെ കുട്ടി മോട്ടിവേറ്റർ മുഹമ്മദ് ഫായിസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.  കടലാസുപയോഗിച്ച് പൂവുണ്ടാക്കുന്ന രീതി വിവരിക്കുന്നതിനിടെ ഉദ്ദേശിച്ച ആകൃതി ലഭിക്കാതായപ്പോൾ ഈ നാലാം ക്ലാസുകാരൻ ഉപയോഗിച്ച വാക്കുകൾ, തോറ്റുപോയെന്ന് തോന്നുന്നവർക്കുള്ള ഏറ്റവുംവലിയ പ്രചോദനമാണ്.

കടലാസുപയോഗിച്ച് പൂ നിർമിക്കാനായിരുന്നു മുഹമ്മദ് ഫായിസിൻ്റെ ശ്രമം. ഓരോ ഘട്ടവും തൻ്റെ സ്വന്തം ശൈലിയിൽ വിവരിക്കുന്നുമുണ്ട്. അവസാനം പേപ്പർ മുറിച്ച ഭാഗം മാറിപ്പോയതിനാൽ ശ്രമം പരാജയപ്പെട്ടെങ്കിലും ഈ നാലാം ക്ലാസുകാരൻ്റെ ആത്മവിശ്വാസം കാണുക.

ഭക്ഷണം കഴിക്കാൻ വരാതെ കുഞ്ഞനുജൻ മൊബൈലിൽ പകർത്തിയ കടലാസ് പൂ പരീക്ഷണം സഹോദരിമാരാണ് കണ്ടുപിടിച്ചത്. ചിരിയും ചിന്തയും ഒരുമിച്ചുളവാക്കുന്ന ഫായിസിൻ്റെ വാക്കുകൾ മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി. കടലാസ് പൂ മാത്രമല്ല. ഫായിസിൻ്റെ കൈയ്യിൽ വേറെയുമുണ്ട് വിദ്യകൾ. ജീവിതത്തിൽ പരാജയപ്പെടുന്നുവെന്ന് തോന്നുന്നവർക്ക് ഈ ഒൻപത് വയസുകാരൻ നൽകുന്ന ഗുണപാഠം ഇതാണ്.