അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കായി കാര്‍ ക്ലാസ്റൂമാക്കി; അധ്യാപികയുടെ നന്‍മ

teacher-made-car-as-classroom
SHARE

അയയ്ക്കുന്ന സന്ദേശങ്ങൾക്കൊന്നും വിദ്യാർഥികളിൽ നിന്നു മറുപടി ലഭിക്കാതായപ്പോൾ കളമശേരി ഏലൂർ എം.ഇ.എസ് ഈസ്റ്റേൺ യുപി സ്കൂളിലെ അധ്യാപികയായ ജയാ പോൾ കാര്യമന്വേഷിച്ച് കുട്ടികളുടെ വീട്ടിലെത്തി. മുപ്പത്തടം ഇടുക്കി ജംക്‌ഷനിൽ വാടകവീട്ടിലാണ് കുട്ടികളുടെ താമസം. അതിഥിത്തൊഴിലാളികളുടെ മക്കളാണ്. 1, 6, 8, 10 ക്ലാസുകളിൽ പഠിക്കുന്ന 4 കുട്ടികൾക്കും സ്മാർട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്നു കണ്ടെത്തി. ചെരിപ്പ് കമ്പനിയിൽ ജോലിക്കാരനായ പിതാവിന് സ്മാർട് ഫോൺ വാങ്ങാനുള്ള കഴിവില്ല.

ടിവിയുണ്ടെങ്കിലും കേബിൾ കണക്‌ഷൻ എടുത്തിട്ടില്ല. മക്കളിൽ 2 പേർ എംഇഎസ് സ്കൂളിലും 2 പേർ മുപ്പത്തടം സ്കൂളിലുമാണ് പഠിക്കുന്നത്. ഇവർക്കാർക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. അധ്യാപകർ നൽകുന്ന അസൈൻമെന്റുകളും ഹോം വർക്കുകളും ഇവർക്ക് അപ്രാപ്യം. ഇവയെല്ലാം സ്കൂൾ തുറന്നു ചെല്ലുമ്പോൾ അധ്യാപകർക്ക് കൈമാറേണ്ടതാണ്. മുതിർന്ന കുട്ടികൾ കടുത്ത മാനസിക വിഷമത്തിലാണ്. അതിഥിത്തൊഴിലാളികൾ ആയതിനാൽ ആരും ഇവരെ പരിഗണിക്കുന്നില്ല, ഒന്നിൽ പഠിക്കുന്ന കുട്ടികൾക്ക് കൈപിടിച്ച് എഴുതിക്കാനുൾപ്പെടെ പല ഘട്ടങ്ങളിലും അധ്യാപികയുടെ സാന്നിധ്യം അനിവാര്യമാണ്.

ഇതു മനസ്സിലാക്കിയ ജയാ പോൾ ആഴ്ചയിലെ അവസാനത്തെ ദിവസം ഇവരുടെ വീട്ടിലെത്തും. സാനിറ്റൈസറും ഹാൻഡ് വാഷും മാസ്കുമെല്ലാം ടീച്ചർ കരുതിയിട്ടുണ്ടാകും. മനസ്സിൽ ഭയമുണ്ടെങ്കിലും പഠനോപകരണങ്ങളെല്ലാം സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കി ഉപയോഗിക്കും. വിദ്യാർഥികളെ വീടിനു പുറത്തേക്ക് വിളിച്ചുവരുത്തി ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ ശുചീകരിച്ച് സ്വന്തം കാർ ക്ലാസ് റൂമാക്കി മാറ്റും.  ഒന്നിൽ പഠിക്കുന്ന മുഹമ്മദ് ഫർഹാനും 6 ൽ പഠിക്കുന്ന മുഹമ്മദ് റെയ്ഹാനും ഈ സഹായം വലിയ അനുഗ്രഹമാണ്. 

എന്നാൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന 2 കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലാണ്. ഇവർക്ക് പഠന സഹായത്തിന് ഒരു സ്മാർട് ഫോൺ വാങ്ങി നൽകാൻ സുമനസ്സുകൾ മുന്നോട്ടു വരണമെന്നാണ് ടീച്ചറുടെ അപേക്ഷ. മുപ്പത്തടത്തു മാത്രമല്ല, ഏലൂരിലെ ചിറാക്കുഴിയിൽ താമസിക്കുന്ന അസമിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ മക്കൾക്കും വീട്ടിലെത്തി പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ‍ ജയാപോൾ എത്തുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിന് ബാഹ്യസഹായം കൂടിയേ കഴിയൂ എന്ന് ടീച്ചർ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...