ചൈന ഇവിടെ ആളാകേണ്ട!, പേരുമാറ്റം തേടി ചൈനാമുക്ക്; പേരുവന്നതിങ്ങനെ...

പത്തനംതിട്ട: അങ്ങനെ ഇപ്പോൾ ഈ നാട്ടിൽ ചൈന ആളാകേണ്ട! കോന്നിക്കാരുടേതാണ് അഭിപ്രായം. കോന്നി പട്ടണത്തോടു ചേർന്നുള്ള പ്രധാന ജംക്‌ഷനായ ‘ചൈനാ മുക്കി’ന്റെ േപരാണു ചൈനയോടുള്ള പ്രതിഷേധ സൂചകമായി മാറ്റാനൊരുങ്ങുന്നത്. അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചൈനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നീക്കം. 23ന് ഇതു സംബന്ധിച്ച അപേക്ഷ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ ഭരണസമിതിക്കു നൽകി.

ഭാരതത്തിന്റെ ധീര ജവാന്മാർ ജന്മനാടിനായി പോരാടി വീരമൃത്യു വരിച്ച സാഹചര്യത്തിൽ അവരോടുള്ള ആദരസൂചകമായി ചൈനാമുക്കെന്ന പേര് ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പേരു മാറ്റുന്ന വിഷയത്തിൽ അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്നു പ്രസിഡന്റ് എം.രജനി വ്യക്തമാക്കി.സ്ഥലത്തിന് കോന്നി മുക്ക് എന്ന പേരു വന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 1951ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു കോന്നി സന്ദർശിച്ചിരുന്നു. നെഹ്റുവിനെ സ്വീകരിക്കാൻ മേഖലയിൽ എങ്ങും കോൺഗ്രസിന്റെ പതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു.

എന്നാൽ ഇവിടെയെത്തിയപ്പോൾ എങ്ങും ചുവന്ന കൊടികളും തോരണങ്ങളും. ഇതു കണ്ട നെഹ്റു പ്രസംഗത്തിനിടെ കളിയായി താൻ ചൈനീസ് ജംക്‌ഷനിൽ ആണോ നിൽക്കുന്നതെന്നു ചോദിച്ചിരുന്നു. ഇതാണു പിന്നീട് ഇവിടം ചൈനാമുക്ക് ആയി അറിയപ്പെടാൻ കാരണമെന്ന് ഒരു വിഭാഗം പറയുന്നു. നേരത്തെ പ്രദേശത്തിന് ഈ പേരായിരുന്നു എന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. പേരു മാറ്റണമെന്നു നാട്ടുകാരിൽ ചിലരും ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫിനാണ് പഞ്ചായത്തിന്റെ ഭരണം. പ്രധാന പ്രതിപക്ഷമായ സിപിഎം പേരുമാറ്റത്തെ അനുകൂലിച്ചിട്ടില്ല.