30 വർഷം സ്ത്രീ ആയി ജീവിച്ചു; പൊടുന്നനെ പുരുഷൻ ആണെന്നറിഞ്ഞു; അമ്പരപ്പ്

man-and-woman
SHARE

30 വർഷം ഒരു സ്ത്രീ ആയാണ് ഈ കൊൽക്കത്ത സ്വദേശി ജീവിച്ചത്. ഒൻപത് വർ‌ഷങ്ങൾക്കു മുന്‍പ് വിവാഹിതയായി. തന്റെ സ്വത്വത്തെപ്പറ്റി യാതൊരുവിധ സംശയങ്ങളും ഉണ്ടായിരുന്നുമില്ല. പക്ഷേ പെട്ടെന്നൊരു ദിവസം സംഭവങ്ങൾ മാറിമറിഞ്ഞു. വയറുവേദനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ഒരു പുരുഷൻ ആണെന്ന് കണ്ടെത്തി. പരിശോധനയിൽ ടെസ്റ്റിക്യുലാർ ക്യാൻസർ ആണെന്നും തെളിഞ്ഞു. 28  വയലുള്ള സഹോദരിയിലും ഇതേ ജനിതക വ്യത്യാസം കണ്ടെത്തി. 

'ആൻഡ്രജൻ ഇൻസെൻസിറ്റിവിറ്റി സിന്‍ഡ്രം' എന്ന അവസ്ഥയാണ് ഇതിനു കാരണമായി ഡോക്ടർമാർ പറയുന്നത്. ജനിതകപരമായി പുരുഷൻ ആയി ജനിക്കുകയും എന്നാൽ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. രൂപത്തിൽ സ്ത്രീ തന്നെ ആയിരിക്കും. സ്ത്രീയുടെ ശബ്ദവും ശരീര അവയവങ്ങളും ഉണ്ടായിരിക്കും.ശരീരത്തിലെ സ്ത്രീ ഹോർമോണുകളുടെ സാന്നിധ്യമാണ് അത്തരം ശാരീരിക ഘടന നൽകുന്നത്.  പക്ഷേ, ജനിക്കുമ്പോൾ തന്നെ ഗർഭപാത്രവും അണ്ഡാശയവും ഉണ്ടായിരിക്കില്ല. ക്രോമസോം ഘടന XX നു പകരം XY ആയിരിക്കും. കൂടാതെ, ഈ സ്ത്രീക്ക് ഇതുവരെ ആർത്തവവും ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. ബയോപ്സി നടത്തിയപ്പോളാണ് ഇവർക്ക് ടെസ്റ്റിക്യുലാർ ക്യാൻസർ ആണെന്ന് കണ്ടെത്തിയത്. 

അടിവയറ്റിലുണ്ടായ വേദനയെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ ഈ സ്ത്രീയുടെ ജനിതകാവസ്ഥ കണ്ടെത്തിയത്. അപൂർവങ്ങളിൽ അപൂർവമായ ജനിതക പ്രതിഭാസമാണിതെന്നും ഡോക്ടർമാർ പറയുന്നു. 

ഈ സ്ത്രീക്കും ഭർത്താവിനും തങ്ങൾ കൗൺസിലിങ്ങ് നൽകി വരികയാണെന്നും മുന്‍പ് ജീവിച്ചിരുന്നതു പോലെ തന്നെ ഇനിയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഉപദേശിച്ചതായും ഡോക്ടർമാർ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...