3 ജീവനുകള്‍ പ്രളയമെടുത്തു; ആ കണ്ണീരിന് പകരം പാണക്കാട്ടെ കുടുംബം നല്‍കിയത്

കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലില്‍ ഉറ്റവര്‍ക്കൊപ്പം കിടപ്പാടവും നഷ്ടമായ മലപ്പുറം കോട്ടക്കുന്നിലെ ശരത്തിന് പാണക്കാട് കുടുംബം നിര്‍മിച്ചു നല്‍കിയ വീട്ടില്‍ താമസമാരംഭിച്ചു. വൈകാരിക നിമിഷങ്ങള്‍ക്കൊപ്പം മലപ്പുറത്തിന്റെ മനസു വ്യക്തമാകുന്നതായിരുന്നു ചടങ്ങുകള്‍. 

പ്രാര്‍ഥനയോടെയാണ് ഗൃഹപ്രവേശ ചടങ്ങുകള്‍ ആരംഭിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും അടക്കമുളളവര്‍ എത്തിയിരുന്നു. പിന്നാലെ കുടുംബത്തിനു നഷ്ടമായ മൂന്നു പേരുടേയും ചിത്രങ്ങള്‍ ഉമ്മറത്തു വച്ചു. ശരത്തും കുടുംബവും നിലവിളക്കു തെളിയിച്ച് അകത്തേക്കു പ്രവേശിക്കുബോള്‍ സാക്ഷിയായി എല്ലാവരും. 

പിന്നാലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാതില്‍ തുറന്നു നല്‍കി. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നല്ല നിലവാരത്തോടെ മാസങ്ങള്‍ക്കുളളിലാണ് വീട്പണി പൂര്‍ത്തിയാക്കി നല്‍കിയത്.  മലപ്പുറത്തിന്റെ സഹിഷ്ണുതയും ഐക്യവുമാണ് സൂചിപ്പിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഉറ്റവര്‍ക്കൊപ്പം വീടും ഭൂമിയും നഷ്ടമായ കുടുംബത്തിന് പുതുജീവനാണ് ലഭിച്ചതെന്ന് ശരത്തിന്റെ കുടുംബം പറയുന്നു. 

വ്യവസായി കളപ്പാടന്‍ ആരിഫാണ് വീടു വക്കാന്‍ ഭൂമി കൈമാറിയത്. ശരത്തും സഹോദരനും അച്ഛനുമാണ് പുതിയ വീട്ടില്‍ താമസക്കാരായുളളത്.