കോവിഡിനോട് പോരാടിയ പെണ്ണുങ്ങൾ; ഇവർ തമ്മിൽ ഒരു സാമ്യമുണ്ട്: കുറിപ്പ്

women-covid-fighters
SHARE

കോവിഡ് കാലത്ത് പെണ്ണ് പോരാട്ടത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷിയായത്. തങ്ങളുടെ ജനങ്ങള്‍ക്ക് കരുതലും കാവലുമേകി കോവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായി നിന്നു ആരോഗ്യമന്ത്രി കെകെ ശൈലജ ഉള്‍പ്പെടെയുള്ള നേതാക്കള്‍. ലോകം ആദരിച്ച ആ നേതാക്കളുടെ കര്‍മ്മ കുശലതയെക്കുറിച്ചും നേതൃപാടവത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ.നെല്‍സണ്‍ ജോസഫ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോക്ടറുടെ കുറിപ്പ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

ചിലരെ പരിചയം കാണും...ചിലരെ പരിചയം കാണില്ല. അതുകൊണ്ട് പരിചയപ്പെടുത്തലാവാം ആദ്യം.

ഏറ്റവും ഇടതുവശത്ത് തായ് വാന്റെ പ്രസിഡന്റ് സായ് ലിങ് വെന്‍, അതു കഴിഞ്ഞ് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി സന മാരിന്‍, കേരളത്തിന്റെ ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ശൈലജ, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവരാണ്.

ഇവര്‍ക്കൊരു സാമ്യമുണ്ട്.

കൊറോണ വൈറസ് ബാധയുടെ കാലത്ത് വനിതാ നേതാക്കള്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവോ എന്ന ചോദ്യത്തിനുത്തരമായി ചൂണ്ടിക്കാട്ടപ്പെടുന്ന പേരുകളില്‍ ചിലതിന്റെ ഉടമകളാണ്.

ഇവിടെ കേരളത്തില്‍ നിപ്പ വന്നതുപോലെ അവിടെ വന്ന സാര്‍സില്‍ നിന്ന് അവര്‍ പാഠം പഠിച്ചുവെന്നാണ് മനസിലാക്കേണ്ടത്. അതിനു ശേഷം നാഷണല്‍ ഹെല്‍ത് കമാന്‍ഡ് സെന്റര്‍ സ്ഥാപിച്ചിടം തൊട്ട് അവരുടെ തയ്യാറെടുപ്പ് തുടങ്ങി..

എല്ലാ ദിവസത്തെയും പ്രസ് കോണ്‍ഫറന്‍സും എയര്‍പോര്‍ട്ടിലെ സ്‌ക്രീനിങ്ങും കോണ്ടാക്റ്റ് ട്രേസിങ്ങുമെല്ലാം അവിടെയും കാണാന്‍ കഴിയും. ഫലമോ ചൈനയോട് തൊട്ടടുത്ത് കിടന്നിട്ടും തായ് വാന്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 440 കേസുകള്‍ മാത്രമാണ്.

വൈറസ് കേരളത്തില്‍ എത്തുന്നതിനു മുന്‍പ് അവിടെ എത്തിയിട്ടുമുണ്ട്. എന്നിട്ടും വെറും എട്ട് മരണങ്ങള്‍ മാത്രമേ ആ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുള്ളൂ.

അടുത്തത് സന മാരിനാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളില്‍ ഒരാള്‍. മൂവായിരത്തിലേറെ മരണങ്ങള്‍ നടന്ന സ്വീഡന്റെ തൊട്ടടുത്ത് കിടക്കുന്ന രാജ്യമാണ് സനയുടെ ഫിന്‍ലാന്‍ഡ്. ആറായിരത്തിലധികം കേസുകളുണ്ടെങ്കിലും അവിടെ അതില്‍ 4000ല്‍ ഏറെ ആളുകള്‍ റിക്കവര്‍ ചെയ്തുകഴിഞ്ഞു.

അതുപോലെയൊരു മന്ത്രിസഭ ഒരുപക്ഷേ ഇവിടെ സങ്കല്പിക്കാന്‍ പോലുമാവില്ല. ചുറ്റുമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പൊ ഫിന്‍ലന്‍ഡിന്റെ കേസുകളും റിക്കവറി റേറ്റും അത്ര മോശമെന്ന് പറയാനാവില്ല.

ഏതാനും മാസങ്ങള്‍ പ്രായമായ ഒരു മന്ത്രിസഭയുടെ മുന്നിലേക്ക് പാന്‍ഡമിക് വരുമ്പൊ അതിനെ കൈകാര്യം ചെയ്യുകയെന്നത് ഒരു വലിയ വെല്ലുവിളിതന്നെയാണ്

കേരളത്തിന്റെ സ്റ്റാറ്റസ്റ്റിക്‌സോ ഇവിടെ ചെയ്ത പ്രവര്‍ത്തനങ്ങളോ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

നിപ്പയുടെ സമയത്തും കൊറോണയുടെ സമയത്തുമുള്ള കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെയും അതിലെ ആശാ പ്രവര്‍ത്തകര്‍ തൊട്ട് ആരോഗ്യമന്ത്രി വരെയുള്ളവരുടെയും അദ്ധ്വാനത്തിന്റെ ഫലം കടലാസില്‍ മാത്രമല്ല വിദേശിയും സ്വദേശിയുമായ വാര്‍ത്തകളില്‍ വരെ തെളിഞ്ഞ് കാണാം.

ജസിന്‍ഡ ആര്‍ഡനെപ്പറ്റിയും പല തവണ എഴുതിക്കഴിഞ്ഞതാണ്. ന്യൂസിലാന്‍ഡില്‍ ആകെ 1498 കേസുകളില്‍ 21 പേര്‍ മാത്രമാണ് മരണപ്പെട്ടത് എന്നത് മാത്രമല്ല പ്രത്യേകത. ആക്ടീവ് കേസുകളുടെ എണ്ണം വെറും അന്‍പത്തിയാറാണ്. ആകെ ആശുപത്രിയിലുള്ളത് രണ്ടേരണ്ടുപേര്‍...

അവിടെ മാത്രമൊതുങ്ങുന്നില്ല. മാനുഷിക പരിഗണനയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അവിടെ കൂടുതലും നടപ്പാക്കിയിരുന്നതെന്നാണ് അവിടെയുള്ള സുഹൃത്തുക്കളോട് സംസാരിക്കവേ മനസിലാക്കാന്‍ കഴിഞ്ഞത്. തുടര്‍ച്ചയായുള്ള പത്രസമ്മേളനങ്ങളുടെയൊക്കെ കഥ അവിടെയും ആവര്‍ത്തിക്കുന്നത് കാണാം.

മെര്‍ക്കലിനെക്കുറിച്ച് പറയുന്നത് അവരുടെ വിവരങ്ങള്‍ വിശദീകരിക്കുന്നതിലെ ശാന്തതയും കൃത്യതയുമാണ്. ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ ജര്‍മനിയില്‍ രോഗം ബാധിക്കപ്പെട്ടവരായി ഉണ്ടായിരുന്നിട്ടും അതില്‍ ഒന്നര ലക്ഷത്തോളം പേര്‍ രോഗവിമുക്തരായി.

എന്തുകൊണ്ടാണ് മുന്‍ കരുതലുകള്‍ എടുക്കേണ്ടതെന്നും രോഗവ്യാപനം തടയേണ്ടതെന്നും വിശദീകരിക്കുന്ന അവരുടെ ഒരു വീഡിയോ ഒരുപാട് ആളുകളിലേക്ക് എത്തിയിരുന്നു. കൃത്യം കണക്കുകള്‍ വച്ചുള്ള ഒന്ന്.

ഇവര്‍ മാത്രമല്ല, ഇതേ ചോദ്യം ചര്‍ച്ച ചെയ്യുന്ന ഗാര്‍ഡിയന്റെ ലേഖനം ചൂണ്ടിക്കാട്ടുന്ന ചെറുതും വലുതുമായ രാജ്യങ്ങളിലെ വനിതാ നേതാക്കളുടെ നീണ്ട ഒരു നിരയുണ്ട്.

സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും അവര്‍ക്ക് നിര്‍ദേശം നല്‍കാനും ഇച്ഛാശക്തിയും സ്ഥൈര്യവുമുള്ള സ്ത്രീകളുടെ ഒരു നീണ്ട നിര. മോശം പ്രകടനം നടത്തിയവരുമുണ്ട് എങ്കിലും അവരുടെ എണ്ണം വളരെ ചുരുക്കമാണ്.

ഈ അവസരത്തില്‍ ആലോചിക്കേണ്ട ഒരു വസ്തുതയുണ്ട്.

ജനസംഖ്യയില്‍ ഏതാണ്ട് പാതിയോളം തന്നെ സ്ത്രീകളുള്ള ഈ ലോകത്ത് അധികാരത്തില്‍ ആ അന്‍പത് ശതമാനത്തെ പ്രതിനിധാനം ചെയ്യാന്‍ എത്ര ശതമാനം സ്ത്രീകളുണ്ടെന്ന്?

ആലോചിച്ച് തല പുണ്ണാക്കണ്ട. 24.3% സ്ത്രീകളാണ് ലോകത്തെ എല്ലാ പാര്‍ലമെന്റേറിയന്മാരുടെയും കണക്കെടുത്താല്‍ അതിലെ വനിതാ പ്രാതിനിദ്ധ്യം. 1995 ല്‍ ഇത് 11.3% ആയിരുന്നു. വെറും മൂന്നേ മൂന്ന് രാജ്യങ്ങളിലാണ് അന്‍പത് ശതമാനത്തിനു മുകളിലുള്ളത് എന്നുകൂടി അറിയണം.

അണുനാശിനിക്ക് വൈറസിനെ നശിപ്പിക്കാന്‍ സാധിക്കും എന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ ' എങ്കില്‍ അണു നാശിനി കുത്തിവച്ചൂടേ? ' എന്ന് ചോദിക്കില്ല .

എന്ന് മാത്രമല്ല, കൊറോണ വൈറസ് ബാധയുടെ സമയത്ത് അങ്ങനെ മറ്റൊരു രാഷ്ട്രത്തലവന്‍ പറഞ്ഞതിനെക്കുറിച്ച് ചോദിക്കുമ്പൊ അത് ഒഴിവാക്കി വിടാന്‍ ഔചിത്യവും കാണിക്കുന്ന നേതൃനിരയാണ് ഇത്.

അന്‍പത് ശതമാനം സ്ത്രീകളെ പ്രതിനിധീകരിക്കുന്നവരുടെ എണ്ണം ഇത്രയിലൊതുങ്ങിപ്പോയത് കഴിവുള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല എന്നുകൂടിയുള്ളതിന്റെ തെളിവാണ് ഇവര്‍. ഇവര്‍ മാത്രമല്ല, മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യുന്ന മറ്റ് വനിതാ നേതാക്കളും.

വൈറസിനെ തോല്പിച്ച് കഴിയുമ്പൊ, അല്ലെങ്കില്‍ വൈറസിനൊപ്പം ജീവിക്കാന്‍ പഠിച്ച് കഴിയുമ്പൊ ഒരിക്കല്‍ ശരിയെന്ന് കരുതി പിന്തുടര്‍ന്നിരുന്ന തെറ്റുകള്‍ തിരുത്തുന്ന കൂട്ടത്തില്‍ തിരുത്തേണ്ടുന്ന ഒരു തെറ്റാണ് ആ പഴയ ചൊല്ല് എന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...