സ്നേഹത്തണലൊരുക്കി ആന്ധ്രയിലെ കുടുംബം; അഭിരാമി വീടണഞ്ഞു

abhirami-family
SHARE

ചില ചേർത്തിണക്കലുകൾ നമ്മെ അതിജീവിക്കാൻ പഠിപ്പിക്കും. മാഞ്ഞ ചിരി തെളിഞ്ഞുവരും, തനിയെ.. അതൊരു പകരംവയ്ക്കലാണ്, ലാഭനഷ്ടക്കണക്കുകൾ നോക്കാതെ ചേർത്തണയ്ക്കാൻ കഴിയുന്ന കരങ്ങൾക്കുള്ളിൽ നമ്മൾ സുരക്ഷിതരാണ്, അതെവിടെയാണെങ്കിലും..!

ആന്ധ്രാപ്രദേശിലെ  രാജമുൻഡ്രി എന്ന സ്ഥലത്ത് ആതുരസേവനം  പഠിക്കാൻ   കടൽകടന്നെത്തിയ കൊട്ടാരക്കര സ്വദേശിനി അഭിരാമി  അറിഞ്ഞിരുന്നില്ല, ഒരു അടച്ചുപൂട്ടൽ അതിജീവിക്കേണ്ടിവരുമെന്ന്. മസ്കറ്റിൽ  ജനിച്ചുവളർന്ന അഭിരാമി സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത് എംബിബിഎസ് അതും തെലുങ്കുദേശത്ത്. പഠനത്തിന്റെ മൂന്നാംവർഷം പാഠപുസ്തകത്തിലില്ലാത്ത പാഠങ്ങളും പ്രാക്ടിക്കൽ പരീക്ഷകളുമാണ് മുഖാമുഖം വന്ന് അഭിരാമിയെ ഒന്നുലച്ചുകളഞ്ഞത്.

കോവിഡ് കേസുകൾ  പതിയെ നമ്മുടെ രാജ്യത്തേയും പിടിമുറുക്കാൻ നടന്നെത്തിയ സമയം,   ഒരുദിവസം രാജ്യം പെട്ടെന്നങ്ങ് അടച്ചുപൂട്ടി.. നിങ്ങൾ  എവിടെയാണോ അവിടെ തുടരാൻ പ്രധാനമന്ത്രി പറഞ്ഞതും കരുണ വറ്റാത്ത ഹൃദയങ്ങൾ രാജ്യത്തിന്റെ ഒാരോ കോണിലുമുണ്ടാകുമെന്ന  തിരിച്ചറിവിൽ നിന്നാകാം.

രാജമുൻഡ്രിയിലെ കോളജ് ഹോസ്റ്റൽ അടച്ചു , പോകാനിടമില്ല, കൂട്ടുകാരിയുടെ വീട്ടിൽ ഒരാഴ്ച. പിന്നെ ബുദ്ധിമുട്ടായി തുടങ്ങി അവർക്കും. പെരുമഴയത്ത് കുടയില്ലാതെ ഒറ്റപ്പെട്ടുപോയ കുട്ടിയെപ്പോലെയായി അവൾ .അച്ഛനും അമ്മയും വിദേശത്ത്, ബന്ധുക്കളെല്ലാം കൊല്ലത്ത്. സഹായത്തിനാരുമില്ല.. കടലിനക്കരെയിരുന്ന് അച്ഛനുമമ്മയും പിടഞ്ഞു. മകളെ സുരക്ഷിതമായിരുത്താൻ  ഒരു സ്നേഹത്തണൽ  തേടി അവരുടെ മനസ് പാഞ്ഞു. അവസാനം ആന്ധ്രയിലെ മലയാളി സമാജം പ്രവർത്തകർ തുണയായി. അവർ വഴി  ഓങ്കോളിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട്ടുകാരന്  പ്രകാശ് ബാബുവും ഭാര്യ ജയശ്രീയും വിവരമറിഞ്ഞു. അവിടെ സ്കൂൾ നടത്തുകയാണവർ. സമാജം പ്രവർത്തകരിൽ നിന്ന് അഭിരാമിയെക്കുറിച്ചറിഞ്ഞ പ്രകാശ് ബാബു രണ്ടാമതൊന്നാലോചിക്കാതെ വണ്ടിയെടുത്ത് പുറപ്പെട്ടു, നാലുമണിക്കൂർ  ദൂരം താണ്ടി  രാജമുൻഡ്രിയിലെത്തി.

അതൊരു ചേർത്തണയ്ക്കലായിരുന്നു , ഒരമ്മയുടെ സ്നേഹത്തണലിലേക്ക്  ഓങ്കോളിലെ വീട്ടിലേക്ക് അവളെ അവർ കൊണ്ടു പോയി. ആദ്യത്തെ അപരിചിതത്വം ഹൃദയബന്ധങ്ങൾക്ക് വഴിമാറാൻ രണ്ടുദിവസംപോലുമെടുത്തില്ലെന്ന് അഭിരാമി പറയുന്നു. സ്വന്തം വീടല്ലെന്ന് തോന്നിയതേയില്ല. ലോക്ഡൗൺ  നീണ്ടുപോകുംതോറും അവർക്കവൾ മകളായി മാറുകയായിരുന്നു.അങ്ങനല്ലെന്ന് വിശ്വാസിക്കാൻ തന്നെ പ്രയാസം. ഒന്നരമാസം അതൊരു സ്വർഗമായിരുന്നെന്ന് പറയുമ്പോൾ അഭിരാമിയുടെ കണ്ണുകളിൽ തിളക്കം.

ലോക്ഡൗണിൽ ഇളവുകൾ വന്നപ്പോൾ ആ മകളെ സ്വന്തം നാട്ടിലേക്ക്  തിരിച്ചെത്തിക്കാൻ രണ്ടാമതൊന്ന് അവർക്ക്  ആലോചിക്കേണ്ടിവന്നില്ല. കുറേയലഞ്ഞു പാസ് സംഘടിപ്പിക്കാൻ.  അവസാനം സംസ്ഥാന അതിർത്തി കടക്കാൻ  അനുവാദം.  അങ്ങനെ  ആ സ്നേഹത്തണലിനോട് യാത്രപറഞ്ഞ് അവർ പുറപ്പെട്ടു കൊല്ലം കൊട്ടാരക്കരയിലേക്ക്.

ആ പടിയിറങ്ങിയപ്പോൾ  പൊട്ടിക്കരഞ്ഞുപോയി അവിടത്തെ അമ്മയും  ഈ മകളും. 'അവരുമെനിക്ക് എന്റമ്മ തന്നെയായിരുന്നു'. ഇടയ്ക്കിടെ വാക്കുകൾ മുറിഞ്ഞ് അഭിരാമി പറയുന്നു. ലോക്ഡൗൺ  എനിക്ക് സമ്മാനിച്ച ഒരു സ്നേഹ കൂടായിരുന്നു പ്രകാശ്  അങ്കിളിന്റെ വീട്. ആശങ്ക ആശ്വാസത്തിന് വഴിമാറിയ 40 രാപകലുകൾ.. അച്ഛന്റെ  വീടായ കൊട്ടാരക്കരയിൽ അഭിരാമിയെ എത്തിക്കാനായിരുന്നു അവരുടെ യാത്ര. പക്ഷെ ആര്യങ്കാവ് ചെക് പോസ്റ്റ് പച്ചക്കൊടി വീശിയില്ല. അതിർത്തി കടത്തിയത് അഭിരാമിയെ മാത്രം..! കൂട്ടിക്കൊണ്ടു പോകാനെത്തിയ ബന്ധുക്കൾക്കൊപ്പം അവൾ പോകുന്നത്  ഒരു മകളെ പിരിയുന്ന അച്ഛന്റെ ഹൃദയ വേദനയോടെ പ്രകാശ് ബാബു നോക്കി നിന്നു.. ബന്ധനങ്ങളില്ലാത്ത മനസോടെ , വിങ്ങലോടെ അതിനപ്പുറം ഉത്തരവാദിത്തമുള്ള ഒരച്ഛനായി അയാൾ മടങ്ങി.

മകളെ തിരിച്ചെത്തിച്ചതിന്റെ ആശ്വാസവുമായി വിദേശത്ത് കൂപ്പുകൈകളോടെയിരിക്കുന്നു, ഒരച്ഛനുമമ്മയും..! കൊട്ടാരക്കരയിലെ കുടുംബവീട്ടിൽ  14 ദിവസത്തെ ക്വാറന്റീനിലാണ് അഭിരാമി. ഈ സമയവും കടന്നു പോകുമെന്ന് അവൾ വിശ്വസിക്കുന്നു. പഠനത്തിനായി ഇനി തിരിച്ചെത്തുമ്പോൾ അവിടെ ഇനി തന്നെ കാത്തൊരു കുടുംബമുണ്ടെന്ന ആത്മവിശ്വാസമുണ്ട് കൈമുതലായ്.. ഈ  ലോക്ഡൗൺ കാലത്തെ കരുതലിന്റെ നല്ല മാതൃകയായി ഇവരെ നമ്മുടെ മനസിൽ  കാലം അടയാളപ്പെടുത്തും തീർച്ച.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...