മടങ്ങുന്നവർക്ക് സാന്ത്വനം നിറച്ച് ദുബായിയുടെ ‘പേർഷ്യൻ പെട്ടി’; ഊഷ്മളം

box-wb
SHARE

സ്നേഹം അടുക്കിവെച്ച ഒരു കരുതൽ പെട്ടിയാണിത്.  കോവിഡ് 19 വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടും രോഗബാധയെ തുടർന്നും ദുബായിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസ് ആണ് വ്യത്യസ്തമായ ഇൗ ‘പേർഷ്യൻ പെട്ടി’  സമ്മാനിക്കുന്നത്.

box-2

ഗൾഫിൽ നിന്ന് മടങ്ങുന്ന പ്രിയപ്പെട്ടവരുടെ അവസ്ഥ ഒരു പക്ഷേ, നാട്ടിലുള്ള കൊച്ചുമക്കൾക്ക് അറിയില്ലായിരിക്കാം. അവർക്ക് പിതാവോ സഹോദരനോ മറ്റും ഗൾഫിൽ നിന്ന് ഒത്തിരി സമ്മാനങ്ങളുമായി തിരിച്ചുവരുന്നെന്നേ അറിയാവൂ. നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ഒന്നും വാങ്ങാൻ പറ്റാത്ത അവസ്ഥയാണു മടങ്ങിപ്പോകുന്ന മിക്കവരുടേതും. ഇത് ആ കുരുന്നുകളെയും മറ്റും വലിയ നിരാശയിലാക്കിയേക്കാം. ഇൗ സാഹചര്യത്തിലാണ് അവശ്യ വസ്തുക്കൾ അടങ്ങിയ 12 കിലോയുടെ പെട്ടി തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് ആദ്യഘട്ടത്തിൽ നൽകുന്നതെന്ന് എമിറേറ്റ്സ് കമ്പനീസ് ഹൗസ് സിഇഒ ഇക്ബാൽ മാർക്കോണി പറഞ്ഞു.

കുട്ടികൾക്ക് ചോക്ലേറ്റ്, ബിസ്കറ്റ്, ബദാം, പിസ്ത, ഇൗത്തപ്പഴം, നിഡോ, ടാങ്ക്, പെർഫ്യൂം, ടോർച്ച്, ടാൽകം പൗഡർ, ടൈഗർ ബാം, നഖംവെട്ടി തുടങ്ങി 15 ലധികം സാധനങ്ങൾ പെട്ടിയിലുണ്ട്. ഇത് ഏറെ സമ്മർദങ്ങളനുഭവിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നവരിൽ പകരുന്ന ആശ്വാസം നിസാരമല്ല. ഒരു കാലത്ത് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി കൈയയഞ്ഞ് സഹായിച്ചവരുടെ നെടുവീർപ്പും മനസിലെ നെരിപ്പോടും നിസ്സംഗതയോടെ നോക്കിനിലക്കാൻ കഴിയാതിരുന്നതിനാലാണ് ഇത്തരമൊരു പേർഷ്യൻ പെട്ടി ആശയം നടപ്പിലാക്കിയതെന്ന് കോഴിക്കോട് സ്വദേശിയായ ഇക്ബാൽ മാർക്കോണി പറഞ്ഞു. 

മലയാളിയുടെ വിദേശ കുടിയേറ്റ ചരിത്രത്തിൽ സുപ്രധാന പങ്കുണ്ടായിരുന്നു പേർഷ്യൻ പെട്ടിക്ക്. അതു കൊണ്ടാണ് ഗൃഹാതുരത പേറുന്ന ഈ സമ്മാനത്തിന് അങ്ങനെയൊരു പേര് നൽകിയതെന്ന് വ്യക്തമാക്കി. ദുബായ് ഖിസൈസിലെ അൽ തവാർ സെന്ററിലാണ് എമിറേറ്റ്സ് കമ്പനീസ് ഹൗസ് പ്രവർത്തിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...