സാധനങ്ങൾ പൈപ്പിലൂടെ; സാമൂഹ്യ അകലത്തിനു മാതൃകയായി തിരുവനന്തപുരത്തു ഒരു റേഷൻ കട

social-distance-methods
SHARE

കോവിഡിന് സാമൂഹ്യ അകലം പ്രഖ്യാപിച്ച ഒരു റേഷന്‍ കടയുണ്ട് തിരുവനന്തപുരം വെണ്‍പാലവട്ടത്ത്. ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നേരിട്ട് എടുത്തുനല്‍കുന്നതിന് പകരം അകലം പാലിച്ച് പിവിസി പൈപ്പിലൂടെയാണ് ഉടമയായ സുകുമാരന്‍ സാധനങ്ങള്‍ നല്‍കുന്നത്. സുകുമാരനും ഭാര്യ സോജയും കണ്ടെത്തിയ ആശയത്തിന് നാട്ടുകാര്‍ക്കിടയിലും മികച്ച അഭിപ്രായമാണ്. 

കോവിഡല്ല ഇനി ആരുവന്നാലും സുകുമാരന്റെയും ഭാര്യ സോജയുടെയും റേഷന്‍ കടയില്‍ നിന്ന് ഒരു നിശ്ചിത അകലം വിട്ടെ നില്‍കാനാകൂ. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യ സാധനങ്ങളുടെ വില്‍പന കേന്ദ്രമായതിനാല്‍ റേഷന്‍ കട തുറക്കേണ്ടതുണ്ട്. സാധനം വാങ്ങാനെത്തുന്നവരുടെയും സ്വയം സുരക്ഷയും കണക്കിലെടുത്താണ് ഭക്ഷ്യസാധനങ്ങള്‍ പൈപ്പിലൂടെ നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇവരുടെ ആശയം സമീപത്തുള്ള കച്ചവടക്കാരും ഏറ്റെടുത്തു കഴിഞ്ഞു.

കോവിഡ് 19നെ തുരത്താനുള്ള നെട്ടോട്ടത്തിലാണ് രാജ്യം. മൂന്നാഴ്ചത്തേക്ക് രാജ്യത്ത് സമ്പൂര്‍ണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ പലരും വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. അവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ തുറക്കാനും സർക്കാർ നിശ്ചിത സമയം നിര്‍ദേശിച്ചിട്ടുണ്ട്.  കോവിഡ് 19 നെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏക മാര്‍ഗ്ഗമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യ വ്യാപകമായി കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒന്നില്‍ അധികം ആളുകള്‍ ഒരേ സമയത്ത് എത്താന്‍ സാധ്യതയുണ്ട്.  ഇത്തരം സാഹചര്യങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ ചില കടയുടമകള്‍ കണ്ടെത്തിയ പോംവഴികള്‍ ശ്രദ്ധിക്കപ്പെടുകയാണ്. കടയിലെത്തുന്നവരെ കൃത്യമായ അകലത്തില്‍ നിര്‍ത്താന്‍ കടകള്‍ക്ക് മുമ്പില്‍ പ്രത്യേക സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് ഇവർ. 

വൃത്തവും ചതുരവും ഒക്കെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഓരോരുത്തരും നില്‍ക്കേണ്ട സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത്. പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഇത്തരത്തിലുള്ള ചില വ്യാപാര സ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ഈ പ്രതിരോധമാർഗം കയ്യടി നേടുകയാണ് സമൂഹമാധ്യമങ്ങളിൽ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...