ആദ്യം പതറി; പിന്നെ ചൈന കോവിഡിനെ ചെറുത്തത് ഇങ്ങനെ: മലയാളി പറയുന്നു: അഭിമുഖം

china-kerala
ചൈനയിൽ നിന്നുള്ള ചിത്രത്തിന് കടപ്പാട്- അനില അജയൻ
SHARE

കോവിഡ് എന്ന മഹാമാരിയെ ചെറുക്കാൻ കേരള സർക്കാരും ആരോഗ്യവകുപ്പും അഹോരാത്രം കഷ്ടപ്പെടുകയാണ്. എന്നാൽ ഇപ്പോഴും കോവിഡ് എന്ന മഹാമാരിയുടെ ഗൗരവം സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തുന്നില്ല. അതിന്റെ തെളിവാണ് നിരോധനാജ്ഞ നിലനിൽക്കുന്ന കോഴിക്കോട് ജില്ലയിലെ ബവ്റേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ കണ്ട നീണ്ട ക്യൂ. 

ശാസ്ത്രസാങ്കേതിക വിദ്യയിലും ആരോഗ്യരംഗത്തും നമ്മളേക്കാൾ ബഹുദൂരം മുന്നിലാണ് ചൈനയും ഇറ്റലിയും. ബ്ലൂസ്‌ബെർഡിന്റെ ലോകത്തെ മികച്ച ആരോഗ്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇറ്റലിയും മൂന്നാം സ്ഥാനത്ത് ചൈനയുമുണ്ട്. ഇന്ത്യയുടെ സ്ഥാനം 120 ആണ്. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും നിൽക്കുന്ന രാജ്യങ്ങളിലെ മരണകണക്കുകൾ നമ്മുടെയെല്ലാം കൺമുന്നിലുണ്ട്.

ഇറ്റലിയിൽ മരണസംഖ്യ 5000 കടന്നു. അമ്പതിനായിരത്തിലധികം പേരാണ് നിരീക്ഷണത്തിലും മറ്റുമുള്ളത്. ആരോഗ്യരംഗത്ത് ഇത്രയേറെ പുരോഗമനമുണ്ടായിട്ടും ജനങ്ങൾ മരിച്ചു വീഴുന്നത് കണ്ടുനിൽക്കാനേ ജനപ്രതിനധികൾക്ക് സാധിച്ചുള്ളൂ. ഉറ്റവരും ഉടയവും കൺമുന്നിൽ ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കുന്നത് കാണുകയാണ് ഇറ്റാലിയൻ ജനത.

ചൈനയിലും സ്ഥിതി ഇതു തന്നെയായിരുന്നു. മൂവായിരത്തിലധികം പേരാണ് മരിച്ചത്. മൊത്തം കേസുകളുടെ എണ്ണം 81,093. മരണത്തെ പിടിച്ചു കെട്ടാൻ ചൈന കടുത്ത നടപടികളാണ് സ്വീകരിച്ചത്. എന്നിട്ടും മൂന്നുമാസമെടുത്തു കോവിഡിനെ ചെറുക്കാൻ. കോവിഡിനെ ചെറുക്കാൻ ചൈന സ്വീകരിച്ച മാർഗങ്ങളെക്കുറിച്ച് ചൈനീസ് അക്കാദമി ഓഫ് സയൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈട്രോബയോളജിയിലെ റിസർച്ചർ അനില അജയൻ മനോരമന്യൂസിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ:

anila-ajayan

എനിക്ക് നമ്മുടെ നാട്ടിലെ അവസ്ഥ കണ്ടിട്ട് ഭയം തോന്നുന്നുണ്ട്. ചൈന ആരോഗ്യരംഗത്ത് ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും മഹാമാരിയുടെ മുന്നിൽ പതറിപ്പോയി. കോവിഡ് സ്ഥിരീകരിച്ച നമ്മുടെ നാട്ടിൽ ഇപ്പോഴും സാധാരണ ജനങ്ങൾക്ക് കോവിഡിന്റെ ഭീകരതയെക്കുറിച്ച് കൃത്യമായി അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട്ട് ബിവറേജസിന്റെ മുന്നിൽ നീണ്ട നിര വരില്ലായിരുന്നു. കേവലം പനിയും ജലദോഷവുമല്ല കോവിഡ്, ആശുപത്രി കിടക്കയിലെ അനുഭവം അത്ര സുഖകരവുമായിരിക്കില്ല. 

ചൈനയിൽ പാർട്ടിയെ ജനങ്ങൾക്ക് ഭയമുണ്ട്. ആ ഭയം ഒരുതരത്തിൽ കോവിഡ് കാലത്ത് ഗുണകരമായി. 45 മിനിറ്റ് കൊണ്ട് ജനങ്ങൾ ലോക്ക്ഡൗണിന് തയാറായി. ഒരാൾ പോലും വീടിന്റെ പുറത്ത് ഇറങ്ങിയിട്ടില്ല. ഫെബ്രുവരിയിൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ ഒരു സമയം ഒരാളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതിനുശേഷം കമ്യൂണിറ്റി ഷോപ്പിങ്ങ് വന്നു. റസിഡൻസ് അസോസിയേഷനുകളിലെ ചുമതലപ്പെട്ട ആളുകൾ മാത്രം സാധനങ്ങൾ എല്ലാവർക്കുമായി വാങ്ങും. നമ്മൾ ലിസ്റ്റ് കൊടുക്കണം. അതിനനുസരിച്ച് സാധനങ്ങൾ വൃത്തിയായി പാക്ക് ചെയ്ത് അണുവിമുക്തമാക്കി മുറികളിൽ എത്തിക്കും. എല്ലാവരെയും തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. നിർബന്ധമായും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. കോഴിക്കോട് ബിവറേജസിന്റെ മുന്നിൽ കണ്ട നിരപോലെയൊരു അവസ്ഥ ചൈനയിൽ ഒരിക്കലും കണ്ടിട്ടില്ല. അവശ്യസാധനങ്ങൾക്ക് ദൗർലഭ്യം ഉണ്ടായിട്ടില്ല. ഗവൺമെന്റ് ജനങ്ങൾക്ക് വേണ്ട സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചിരുന്നു. ഇപ്പോൾ കുറച്ച് അയവ് വന്നിട്ടുണ്ട്. ആഴ്ചയിൽ രണ്ടുതവണ ജനങ്ങൾക്ക് ഗ്രൂപ്പ് ഷോപ്പിങ്ങ് നടത്താം. എത്രപേർ ഒരേ സമയം ഷോപ്പിങ് മാർക്കറ്റിൽ കയറാം എന്നുള്ളതിന് കണക്കുണ്ട്. അത് തെറ്റിക്കാൻ പാടില്ല. 

വീട്ടിലിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. പക്ഷെ നമുക്കും മറ്റുള്ളവർക്കും രോഗം വരാതിരിക്കാൻ അങ്ങനെ ചെയ്തേ പറ്റൂ. സർക്കാർ കർശനമായും ലോക്ക്ഡൗൺ കൊണ്ടുവന്നാൽ മാത്രമേ നമ്മുടെ നാടിന് കോവിഡിനെ തടയാൻ സാധിക്കൂ. പ്രളയവും നിപ്പയും അതിജീവിച്ച നാടല്ലേ, എന്നു പറഞ്ഞ് പുറത്തിറങ്ങി നടക്കുന്നത് നിങ്ങൾക്കും മറ്റുള്ളവർക്കും ദോഷമാണ്. സർക്കാർ സംവിധാനങ്ങളെ അനുസരിക്കുന്നതാണ് ഒരു പൗരൻ എന്ന നിലയിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല കാര്യം- അനില പറഞ്ഞു. 

രാജ്യത്താകെ കോവിഡ് കാരണം കനത്ത നിയന്ത്രണങ്ങൾ വരുമ്പോൾ, മുമ്പുള്ള രണ്ടുദിവസങ്ങളിലും 12 പുതിയ രോഗികൾ വീതമുണ്ടായ കേരളത്തിൽ, ഇന്നലെ 15 പേരാണ് പുതുതായുണ്ടായത്. അതിൽ രണ്ടു പേര്‍ എറണകുളം ജില്ലക്കാരും രണ്ടു പേര്‍ മലപ്പുറം ജില്ലക്കാരും രണ്ടു പേര്‍ കോഴിക്കോട് ജില്ലക്കാരും നാലു പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ചു പേര്‍ കാസർകോട് ജില്ലക്കാരുമാണ്.

ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 59295 പേർ ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.

കേരളത്തിലെ 7 ജില്ലകൾക്ക് കേന്ദ്രസർക്കാർ പെട്ടന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആദ്യമൊരാശങ്കയുണ്ടാക്കിയെങ്കിലും അവ കർശനനിയന്ത്രണങ്ങളിലൊതുക്കിയത് പൊതുവേ ആശ്വാസം പകർന്നു. പക്ഷേ ഏഴല്ലാ,14 ജില്ലകളും വരും ദിവസങ്ങളിൽ ലോക് ഡൗണിലേക്ക് പോകാമെന്ന ധാരണ നമുക്കുണ്ടാവണം. നിലവിൽ 2 ജില്ലകളിൽ 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...