കോവിഡ്: സാമൂഹിക വ്യാപനം നടന്നാൽ എന്ത് സംഭവിക്കും?

covid-community-spread
SHARE

കാസർകോട് പോസിറ്റീവായ വ്യക്തി ഐസൊലേഷൻ നിബന്ധനകൾ പാലിക്കാതെ, ഫുട്ബോൾ മാച്ച്, രണ്ട് കല്യാണം എന്നിവയിൽ ഉൾപ്പടെ പങ്കെടുത്തു, രണ്ട് ജനപ്രതിനിധികളുമായും ബന്ധപ്പെട്ടുവത്രേ!

വാർത്തകൾ ശരിയാണെങ്കിൽ ഇത്തരം അലംഭാവങ്ങൾ അപലപനീയമാണ്. ഇത്തരം 5-6 വ്യക്തികൾ വിചാരിച്ചാൽ ഒരു സംസ്ഥാനം തന്നെ ലോക്ക് ഡൗണിലേക്ക് കൊണ്ടു പോവാം സാമൂഹിക വ്യാപനം നടന്നാൽ പിന്നെ ഈ നിലയ്ക്കാവില്ല കാര്യങ്ങൾ.

ഓരോ വ്യക്തിയും കുടുംബവും സംഘടനകളും അധികാരികളും കർശനമായ നടപടികളെടുക്കേണ്ട നിർണായക സമയമാണിത്.

സമൂഹ വ്യാപനം നടന്നു തുടങ്ങിയാൽ എന്താവും സംഭവിക്കുക?

ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഗുണിതങ്ങളായി, ക്രമാതീതമായി പെരുകുന്ന അവസ്ഥ വരും. അപ്പോൾ നമുക്ക് ഇപ്പോൾ ഉപയോഗിക്കുന്ന സമ്പർക്കമുള്ളവരെ കണ്ടെത്തി സ്‌ക്രീൻ ചെയ്യുന്ന തന്ത്രങ്ങളൊക്കെ ഒഴിവാക്കി, രോഗം വന്നവരെ ചികിൽസിക്കുന്നതിലേക്കും മരണങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.

ഇത് വിശദീകരിക്കാൻ സ്‌പെയിൻ ഒരു ഉദാ: ആയി എടുക്കാം.

സ്പെയിനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 31,

രണ്ടാമത്തെ കേസ് ഫെബ്രുവരി, മൂന്നാമത്തെ കേസ് 24.

ഇങ്ങനെ പതുക്കെ മുൻപോട്ടു പോയി ഫെബ്രുവരി 28 എത്തുമ്പോൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 13. സമൂഹ വ്യാപനം ആരംഭിക്കുന്നത് ഈ ദിവസം ആണ്.

മാർച്ച് ഒന്നിനും പുതിയ കേസുകൾ - 13 മാത്രം, പക്ഷേ പിന്നീട് അങ്ങോട്ട് പെരുക്കം തുടങ്ങുകയാണ്, മാർച്ച് 3 പുതിയ കേസുകൾ 69, മാർച്ച് 6 പുതിയ കേസുകൾ 118. മാർച്ച് 9 ആവുമ്പോൾ പുതിയ കേസുകൾ 555, അന്നും ആകെ കേസുകൾ 1200 മാത്രം.

11ന് ആകെ കേസുകൾ 2200 നു മേൽ, 12 -കേസുകൾ 3,100 , മാർച്ച് 13 ആകെ 5200 കഴിഞ്ഞു. 14 ആകെ 7800 കഴിഞ്ഞു.

ഇത് എഴുതുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 192 മരണം (ആകെ 830 ), 3200 പുതിയ കേസുകൾ (ആകെ 18000 ഓളം) രാജ്യം മുഴുവൻ ഷട്ട് ഡൗൺ എന്ന നിലയിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയതിനു ശേഷമാണിത്

ഇറ്റലിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജനുവരി 31 ന്. ഒരുമാസത്തിനുശേഷം അവലോകനം ചെയ്യുമ്പോൾ ഫെബ്രുവരി 28 ന് ആകെ കേസുകൾ 888 മാത്രം. എന്നാൽ മാർച്ച് 10 ആകുമ്പോൾ 10000 കേസുകൾ. 15 ആകുമ്പോഴേക്കും 25000 കേസുകളിലേക്കടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5000 ൽ പരം കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനകം സംഭവിച്ചിരിക്കുന്നത് 427 മരണങ്ങൾ. ഇതുവരെ ആകെ 41000 കേസുകളിൽനിന്ന് 3405 മരണങ്ങൾ.

സ്‌പെയിനും ഇറ്റലിയും ഒരു ഉദാ: ആയി എടുത്തു എന്നേയുള്ളൂ, പകർച്ചവ്യാധിയുടെ രീതികൾ പഠിച്ചാൽ സൗത്ത് കൊറിയ പോലുള്ള ചില ഒറ്റപ്പെട്ട മാതൃക ഒഴിച്ചാൽ എല്ലാ രാജ്യങ്ങളിലും ഒരേ ട്രെൻഡ് ആണ് കാണിക്കുന്നത്.

സമൂഹ വ്യാപനം തടയാൻ നാം എന്തൊക്കെയാണ് പാലിക്കേണ്ടത്?

ഏറ്റവും പ്രധാനപ്പെട്ട നടപടിയാണിത്. ലാഘവത്വം കാണിച്ച മറ്റു രാജ്യങ്ങൾക്ക് പറ്റിയ അബദ്ധം നമ്മുടെ കൺമുന്നിലുണ്ട്. ആദ്യത്തെ ഒന്നു രണ്ട് കേസുകൾ വരുന്നു, അവരെ ഫലപ്രദമായി ചികിത്സിക്കുന്നു. തുടർന്ന് പുതിയ കേസുകൾ പ്രത്യക്ഷപ്പെടുന്നത് കുറയുകയോ, ഇല്ലാതാവുകയോ ചെയ്യുന്ന ദിനങ്ങൾ. ആദ്യത്തെ ചെറിയ പരിഭ്രാന്തിക്ക് ശേഷം ജനങ്ങൾ വീണ്ടും ലാഘവത്തോടെ കാര്യങ്ങളെയെടുക്കാൻ തുടങ്ങുന്നു.

കൊടുങ്കാറ്റിന് മുൻപുള്ള നിശബ്ദത പോലൊരു ഘട്ടം, ഇതിനു ശേഷം എത്ര ശ്രമിച്ചാലും അനിവാര്യമായ സാമൂഹിക വ്യാപനം! പ്രതിരോധ അണക്കെട്ടിൽ ആരുമറിയാത്ത ചെറിയൊരു വിള്ളൽ വീണ്, അത് ഒരു ഒഴുക്കായി മാറി അണക്കെട്ട് വിസ്ഫോടനം ആയി മാറുന്നു. സമാന രീതിയാണ് ഒട്ടുമിക്ക രാജ്യങ്ങളിലും കണ്ടത്.

∙ സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ പരസ്പരം അകലം പാലിക്കൽ.

∙ ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ.

∙ ഐസൊലേഷൻ/ക്വാറന്റീൻ.

∙ വ്യക്തി ശുചിത്വം - കൈകളുടെ ശുചിത്വം, ചുമ മര്യാദകൾ etc.

∙ കണ്ടെത്തിയ രോഗികളുടെ ശരിയായ പരിപാലനം.

∙ മുന്നൊരുക്കങ്ങൾ / കപ്പാസിറ്റി ബിൽഡിങ്ങ്.

ഇത് ഫലപ്രദമായി നടപ്പാക്കിയാലുള്ള ഗുണങ്ങൾ എന്ത് ?

ഏറെക്കുറെ അനിവാര്യമായ സാമൂഹിക വ്യാപനം താമസിപ്പിക്കാൻ കഴിയും. അങ്ങനെ കിട്ടുന്ന സമയം അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പുകൾക്ക് നീക്കിവയ്ക്കാൻ കഴിയും.

സമൂഹ വ്യാപനം നടന്നാൽ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ എന്തൊക്കെയാവണം?

∙ യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം

കൺമുന്നിലുള്ള വസ്തുതകൾ തമസ്കരിക്കാതെയിരിക്കുക. ഉദാ: "ഇറ്റലി, സ്പെയിൻ ഒക്കെ വിഭിന്നമാണ്, ഇവിടെ രോഗാണുക്കളെ ചൂട് കൊന്നോളും" എന്നൊക്കെയുള്ള മിഥ്യാധാരണകളിൽ അഭിരമിക്കരുത്.

∙ കൂട്ടായ പ്രവർത്തനം

കോവിഡിനെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ മെനക്കെട്ടിറങ്ങിയാൽ മാത്രം പോരാ. രാഷ്ട്രീയ സാമൂഹിക മത നേതാക്കൾ ഉൾപ്പെടുന്ന പൊതു സമൂഹം വഹിക്കുന്ന ഉത്തരവാദിത്വ ബോധവും പങ്കും അതി നിർണായകമാണ്.

∙ നിർദ്ദേശനങ്ങൾ കർശനമായി പാലിക്കുക

ഐസൊലേഷൻ സംബന്ധിച്ചതുൾപ്പെടെയുള്ള സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന പ്രവണത നമ്മളെയും നമ്മുടെ പ്രിയപ്പെട്ടവരെയും നാടിനെയുംതന്നെ അപകടത്തിലാകുന്ന കൃത്യമാണ്.

ഇറ്റലിയിലെ സംഭവം ഒരു പാഠമാണ്, സർക്കാർ റെഡ് സോൺ പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോൾ ഒരു മാധ്യമമത് ചോർത്തി പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്ന് ഈ മേഖലയിലെ പതിനായിരത്തോളം പേർ അധികാരികളുടെ കണ്ണു വെട്ടിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്കു കടന്നു. അതിന്റെ പരിണിതഫലം കൂടിയാണ് ഇറ്റലിയിൽ ഇന്ന് കാണുന്ന ദുരവസ്ഥ.

∙ കർശന നിയമങ്ങൾ / നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ

ഇക്കാര്യത്തിൽ രാഷ്ട്രീയവും ഭരണപരവുമായ ഇച്ഛാശക്തിയും പ്രതിബദ്ധതയും ഉണ്ടാവാൻ സമൂഹം ശക്തമായ പിന്തുണ നൽകണം.

സാമൂഹിക വ്യാപനം തടയാൻ ഉതകുന്ന കർശന നിയന്ത്രങ്ങൾ കൊണ്ടു വരുന്നത് ഇത്തരുണത്തിൽ ഉചിതമാവും. പൊതുജനാരോഗ്യ നിയമം പരിഷ്കരിക്കാനും ദുരന്ത നിവാരണ വകുപ്പ് പ്രകാരം കർശന നടപടികളെടുക്കാൻ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതും ആവശ്യമായി വന്നേക്കും.

ഹോം ഐസൊലേഷൻ പോലുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ വിമുഖതയുള്ളവരെയും വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെയുമൊക്കെ പൊതു നന്മ ലാക്കാക്കി കർശന നടപടികൾക്ക് വിധേയമാക്കണം.

നിർണായക വിവരങ്ങൾ അധികാരികളോടും, ആരോഗ്യപ്രവർത്തകരോടും വെളിപ്പെടുത്താത്തവർക്കും എതിരെ ശിക്ഷകൾ നടപ്പാക്കുന്നത് ഉചിതമാവും.

ചുരുക്കം രാജ്യങ്ങൾ ഒഴിച്ചാൽ ലോകത്തു എല്ലായിടത്തും ഒരേ കഥയാണ്, പതുക്കെ വ്യാപനം തുടങ്ങുന്ന സമയത്തു മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ അധികാരികൾ മടിക്കുന്നു. കാരണം, ഇത് വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം, മുൻകൂട്ടി കാണാനുള്ള മികവില്ലായ്മ, അമിത പ്രതീക്ഷ, സാമ്പത്തിക മേഖലകളിൽ ഉണ്ടാവുന്ന തകർച്ചയെ ഭയം etc. മലവെള്ളത്തെ മുറം കൊണ്ട് തടുക്കാൻ ആവില്ല എന്ന് വൻകിട രാജ്യങ്ങൾ പോലും അറിഞ്ഞിരിക്കുന്നു ഇന്ന്. ഫ്ലൂ ബാധ പോലെ വന്നു പോവും അടച്ചിടലുകൾ ഒന്നും വേണ്ട എന്ന് പ്രസിഡന്റ് പറഞ്ഞ യുഎസി ൽ പോലും ഇന്ന് കർശന നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു.

കതിരിൽ വളം വയ്ക്കുന്നതു പോലെ ഇറ്റലിയിലും ഇറാനിലും യൂറോപ്യൻ രാജ്യങ്ങളിലും, അമേരിക്കയിലും ഇപ്പൊ നിയമങ്ങൾ വന്നിട്ടുണ്ട്. അല്പം ക്രാന്ത ദർശിത്വം കാണിച്ചാൽ നമുക്ക് ഈ മഹാമാരിയെ ശക്തമായി തടഞ്ഞു നിർത്താം. ഇറ്റലിയിൽ രോഗമുള്ള ഒരാൾ കറങ്ങി നടന്നാൽ കൊലപാതക ശ്രമത്തിനാണ് കേസെടുക്കുക ( 1 മുതൽ 12 വർഷം വരെ തടവ്).

കോവിഡ് ഓരോ സ്ഥലത്തും പ്രഹരം ഏൽപ്പിക്കുന്നത് കേവലം ഏതാനും മനുഷ്യരുടെ മരണത്തിലൂടെ മാത്രമല്ല, ഈ രോഗാണു വ്യാപനം ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക ആരോഗ്യ മേഖലകളിലെ സവിശേഷ പ്രത്യാഘാതങ്ങളിൽ കൂടിയാണ്.

നമ്മൾ ഏത് ഘട്ടത്തിലാണിപ്പോൾ എന്ന് മനസ്സിലായിക്കാണുമല്ലോ, ഈ ഘട്ടത്തിൽ കുറച്ച് പ്രയാസമുണ്ടാക്കുന്നതെങ്കിലും പ്രതിരോധ നടപടികൾ സമൂഹം മൊത്തം സ്വാംശീകരിച്ചാൽ നമ്മൾക്ക് അതിജീവിക്കാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...