കൊറോണാവൈറസ്; ഭീതിയും പ്രതീക്ഷയും പങ്കുവച്ച് ഫൗചിയുടെ കുറിപ്പ്

corona-sars
SHARE

ലോകത്തെ സാധാരണ ജീവിതത്തെ താറുമാറാക്കി മുന്നേറുകയാണ് അപ്രതീക്ഷിതമായി എത്തിയ കൊറോണാവൈറസ്. ഇതിനുള്ള വാക്‌സിന്‍ എത്താന്‍ മാസങ്ങളെടുത്തേക്കുമെങ്കിലും രോഗത്തെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചയും പ്രതീക്ഷയും അതുപോലെ ഭീതിയും പങ്കുവച്ചിരിക്കുകയാണ് അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആൻഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടര്‍ ആന്തണി ഫൗചി. നേരത്തെ വന്ന് സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിംപ്റ്റം അഥവാ സാര്‍സിനെപോലെ ഇതിനെയും തടഞ്ഞു നിർത്താനുള്ള സാധ്യത ഫൗചി തള്ളിക്കളയുന്നില്ല എന്നതാണ് ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ കാര്യം. രോഗബാധിതരെ ഒറ്റപ്പെടുത്തിയാണ് സാര്‍സില്‍ നിന്ന് ലോകം രക്ഷപെട്ടത്.

പ്രതീക്ഷ: കൊറോണാവൈറസും സാര്‍സും ഒരു കുടുംബക്കാര്‍

ഇപ്പോള്‍ പടരുന്ന നോവല്‍ കൊറോണാവൈറസും സാര്‍സും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ഫൗചി പറഞ്ഞു. സാര്‍സ് 2003ല്‍ 26 രാജ്യങ്ങളിലായി 8000 പേരിലും പടര്‍ന്നിരുന്നു. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കു പടരുന്ന മറ്റൊരു രോഗമായിരുന്നു സാര്‍സ്. രോഗികളെ സമൂഹത്തില്‍ നിന്ന് മാറ്റിപാര്‍പ്പിക്കുക എന്ന തന്ത്രത്തിലൂടെയാണ് ലോകം അന്ന് അതില്‍ നിന്ന് മുക്തി നേടിയത്. ്അമേരിക്കയില്‍ 8 സാര്‍സ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവിടെ ആരും മരിച്ചതുമില്ല. എന്നാല്‍, ലോകവ്യാപകമായി സാര്‍സ് ബാധിതരായി മരിച്ചവരുടെ എണ്ണം 774 ആയിരുന്നു. രോഗബാധിതമായ പ്രദേശങ്ങളെല്ലാം ക്വാറന്റീന്‍ ചെയതതോടെ രോഗം ശമിക്കുകയായിരുന്നു. 2004നു ശേഷം ഒരു സാര്‍സ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പറയുന്നത്.

സാര്‍സിന്റെ കാര്യത്തില്‍ സംഭവിച്ചത് കൊറോണാവൈറസിന്റെ കാര്യത്തിലും നടന്നു കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഫൗചി പറഞ്ഞു. കൊറോണാവൈറസിന് അന്ത്യം കുറിക്കാനുള്ള സാധ്യതകളിലൊന്ന് അതാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ തളച്ചതിനു ശേഷം അതു തിരിച്ചുവന്നിട്ടില്ലെന്നും ഫൗചി പറയുന്നു.

ഭീതി: കൊറോണാവൈറസ് പരക്കുന്നതെങ്ങനെയെന്ന് അറിയില്ല

എന്നാല്‍, കൊറോണാവൈറസ് എന്ന പുതിയ ബാധ സാര്‍സിനെക്കാള്‍ വ്യത്യാസമുളളതാണ്. അത് വളരെ 'കാര്യക്ഷമതയോടെ'യാണ് പടരുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ വൈറസ് എങ്ങനെയാണ് പരക്കുന്നതെന്നത് കൃത്യമായി അറിയില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന്. വൈറസുള്ള ഒരു പ്രതലത്തില്‍കൈവച്ച ശേഷം തന്റെ വായിലോ, മൂക്കിലോ, ചിലപ്പോള്‍ കണ്ണിലോ വരെ സ്പര്‍ശിച്ചാല്‍ കോവിഡ്-19 പടര്‍ന്നേക്കാം. എന്നാല്‍, വൈറസ് പടരുന്ന പ്രധാന രീതി ഇതായിരിക്കണമെന്നില്ല എന്നാണ് ഫൗചി പറയുന്നത്.

ചൂടു കാലാവസ്ഥയില്‍ വൈറസ് അതിജീവിക്കുമോ?

സമൂഹത്തില്‍ പ്രചിരിക്കുന്ന മറ്റൊരു ആഭ്യൂഹമാണ് ചൂടുകാലവസ്ഥയില്‍ രോഗം പകര്‍ന്നേക്കില്ല എന്നത്. എന്നാല്‍ ഫൗചി ഇക്കാര്യത്തിലും തന്റെ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫൗചിയും രണ്ടുതട്ടിലാണെന്നും കാണാം. ട്രംപ് പറഞ്ഞത് ഏപ്രിലൊന്നു വന്നോട്ടെ, അല്‍പ്പം ചൂടുകൂടുമ്പോള്‍, വൈറസ് അദ്ഭുതാവഹമായി അപ്രത്യക്ഷമാകും എന്നാണ്.

വൈറസുകള്‍ക്ക് പൊതുവെ തണുത്ത കാലാവസ്ഥയാണ് പഥ്യം. ചൂടും ഈര്‍പ്പവുമുള്ള ഇടങ്ങളില്‍ അവയുടെ വ്യാപനം കുറവാണ്. എന്നാല്‍, ഇപ്പോള്‍ പരക്കുന്നത് പുതിയൊരു വൈറസാണ്. അതിനെപ്പറ്റി നമുക്ക് ഒന്നും അറിയില്ല. മുന്‍ വൈറസുകളുടെ വഴിയെ ഇതും പോകുമോ എന്ന് പറയാറായിട്ടില്ല.  അത്തരം ഒരു സാധ്യത പൂര്‍ണ്ണമായും പ്രതീക്ഷിക്കാനാവില്ല. ഓര്‍ത്തിരിക്കേണ്ട കാര്യം, നമ്മള്‍ ഇടപെടുന്നത് മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു വൈറസിനോടാണ് എന്നതാണെന്നും ഫൗചി പറയുന്നു. പുതിയ വൈറസിന്റെ ശീലങ്ങളെപ്പറ്റി ഒരു വിവരവും നമ്മുടെ കയ്യില്‍ ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില മരുന്നുകളെങ്കിലും ഫലവത്താകുമെന്നും ഫൗചി പ്രതീക്ഷിക്കുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...