ചെളിയില്‍ കാല്‍പാദം; പ്രതി കുടുങ്ങി, ‘ഹണി’ പുതിയ സേതുരാമയ്യര്‍

honey-police-dog
SHARE

ചാവക്കാട് തിരുവത്ര ദീനദയാല്‍ നഗറില്‍ രണ്ടു ബൈക്കുകള്‍ക്കു തീയിട്ടിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട രണ്ടു ബൈക്കുകള്‍. തീ ആളി പടര്‍ന്ന് ജനല്‍ ചില്ലുകളിലേക്കും പടര്‍ന്നിരുന്നു. വീടിനകത്തെ കട്ടില്‍ വരെ കത്തിനശിച്ചു. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു ഈ അതിക്രമം. വീടിനകത്തേയ്ക്കു തീ പടര്‍ന്നപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. ഉടനെ, വീടിനുള്ളില്‍ നിന്ന് ചാടി പുറത്തിറങ്ങി. ഇല്ലെങ്കില്‍, വീട്ടുകാര്‍ക്കും പൊള്ളലേല്‍ക്കുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വെള്ളമൊഴിച്ച് തീ കെടുത്തി. എങ്ങനെയാണ്,  തീ പിടിച്ചതെന്ന് വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. ചാവക്കാട് പൊലീസിനെ വിവരമറിയിച്ചു. 

പെട്രോളൊഴിച്ച് തീയിട്ടു

കുന്നംകുളം എ.സി.പി: ടി.എസ്.സിനോജ്, എസ്.ഐ: യു.െക.ഷാജഹാന്‍ എന്നിവര്‍ വീട്ടില്‍ എത്തി വിശദമായി പരിശോധിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് മൂലം ബൈക്കിനു തീപിടിക്കാമല്ലോ?.. ഇനി, അങ്ങനെ എന്തെങ്കിലും സാധ്യതയുണ്ടോ?. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം വിശദമായി ഇഴകീറി പരിശോധിച്ചു. ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്ത് കുപ്പി എന്തെങ്കിലും ഉണ്ടോ?. ഇങ്ങനെയൊരു കുപ്പി ആ സ്ഥലത്തുണ്ടായിരുന്നില്ല. പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണെങ്കില്‍ കുപ്പി ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയുണ്ടാകുമല്ലോ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. പക്ഷേ, കുപ്പി കിട്ടിയില്ലെങ്കിലും കുപ്പിയുടെ ഒരു അടപ്പ് സ്ഥലത്തു നിന്ന് കിട്ടി. അതിനു പെട്രോളിന്‍റെ മണമുണ്ടായിരുന്നു. ബൈക്കുകള്‍ക്ക് തീയിട്ടതാണെന്ന് ഇതോടെ ഉദ്യോഗസ്ഥര്‍ക്കു മനസിലായി.

ഇനി തീയിട്ടതാര്

വീട്ടുടമസ്ഥന്റെ ശത്രുക്കള്‍ ആരാണ്?. ഈയിടെ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നോ?. ഇതിനുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനുള്ള ശ്രമത്തിലായിരുന്നു എ.സി.പിയും സംഘവും. വീട്ടുടമ ജയപ്രകാശന്റെ മക്കളുടെ ശത്രുക്കളായിരിക്കുമോ ഇതു ചെയ്തത്. ആദ്യഘട്ട അന്വേഷണം ഈ രീതിയില്‍ പുരോഗമിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്ര ഉല്‍സവത്തിന്റെ എഴുന്നള്ളിപ്പ് പോകുന്നതിനിടെ ബൈക്ക് എടുത്തതിനെ ചൊല്ലി ജയപ്രകാശന്റെ മകനും നാട്ടുകാരും തമ്മില്‍ ചില തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ ശത്രുതയില്‍ ആരെങ്കിലും ബൈക്കുകള്‍ കത്തിച്ചതാകാം! എ.സി.പിയും സംഘവും ഊഹിച്ചു. പക്ഷേ, ആര്? ചോദ്യത്തിന് ഉത്തരം കിട്ടാതെ പൊലീസ് പരക്കംപാഞ്ഞു. ഇതിനിടെ, എ.സി.പി.: ടി.എസ്.സിനോജിന്‍റെ മനസില്‍ ഒരു ഐഡിയ. ‘ഹണിയെ’  വിളിക്കാം. 

‘ഹണി’യുടെ വരവ്

തൃശൂര്‍ പൊലീസിലെ മിടുക്കിയാണ് ഹണി. ചാലക്കുടി ഇടശേരി ജ്വല്ലറി കവര്‍ച്ച, കൊടുങ്ങല്ലൂരിലെ യുവാവിന്റെ കൊലപാതകം ഇതു തെളിയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ സഹായിച്ച പൊലീസ് നായയാണ് ഹണി. പരിശീലകരായ പി.ജി.സുരേഷിനും റിജേഷിനും അനീഷിനുമൊപ്പം ഹണിയെത്തി. തീ പിടിച്ച ബൈക്കുകള്‍ക്കു സമീപം ആദ്യം നായയെ കൊണ്ടുവന്നു. പിന്നെ, വീടിനു ചുറ്റും കൊണ്ടുപോയി. വീടിനു പുറകില്‍ തെങ്ങിന് തടമെടുത്തിരുന്നു. ഈ തെങ്ങിന്‍ ചുവട്ടില്‍ ചളിയുണ്ടായിരുന്നു. ഈ ചളിയില്‍ ഒരു കാല്‍പാദം പതിഞ്ഞിരിക്കുന്നു. ഈ കാല്‍പാദം പ്രതിയുടേതാകുമോ? പൊലീസിന് സംശയം. ഉടനെ, ഹണിയെ ഈ കാല്‍പാദം പതിഞ്ഞ ഇടത്തേയ്ക്കു കൊണ്ടുവന്നു. 

കാല്‍പാദത്തിലെ മണം പിടിച്ചു

ചെളിയില്‍ പതിഞ്ഞ ഈ കാല്‍പാദത്തില്‍ നിന്ന് മണംപിടിച്ച ഹണി ബൈക്കിനു തീയിട്ട വീട്ടില്‍ എത്തി. പിന്നെ, പോയത് 250 മീറ്റര്‍ അകലെയുള്ള വീട്ടിലേയ്ക്കായിരുന്നു. ആ വീട്ടില്‍ എത്തി ചുറ്റും നടന്നു. ഉമ്മറത്തു വന്നു നിന്ന് കുരച്ചു. ആരുടെ വീടാണിത്? പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. തിരുവത്രം സ്വദേശി സുമേഷിന്റേതായിരുന്നു ആ വീട്. സ്ഥലത്തു നിന്ന് മാറിനിന്നിരുന്ന സുമേഷിനെ പൊലീസ് പിന്നീട് പിടികൂടി. സുമേഷും ജയപ്രകാശിന്റെ മക്കളും തമ്മിലായിരുന്നു കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായത്. ഉല്‍സവത്തിനിടെ ബൈക്ക് കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയുണ്ടായ പക. ഈ പകയാണ് ബൈക്കുകള്‍ക്കു തീയിടാന്‍ സുമേഷിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു.

തൂവാല തുമ്പിലെ ഫോണ്‍ നമ്പര്‍

ചാലക്കുടി ഇടശേരി ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ പൊലീസ് സംഘം ‘ ഹണിയുടെ’ സഹായം തേടി. സ്ഥലത്തെത്തിയ ഹണി മണംപിടിച്ച് ചെന്നെത്തിയ ഒരു തൂവാലയുടെ അരികില്‍. ഈ തുവാല പൊലീസ് സംഘത്തിന് കൈമാറി. തൂവാലയുടെ അറ്റത്ത് ഒരു കടലാസ് കഷണത്തില്‍ ഫോണ്‍ നമ്പര്‍ എഴുതിയിരുന്നു. കള്ളന്‍മാര്‍ ജ്വല്ലറി കവര്‍ച്ചയ്ക്കു വേണ്ടി ആശയവിനിമയത്തിനായെടുത്ത നമ്പര്‍. ഈ നമ്പര്‍ പിന്‍തുടര്‍ന്ന പൊലീസ് സംഘം പ്രതികളെ പിടിച്ചു. ‘ഹോളിഡേ റോബേഴ്സ്’ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ കവര്‍ച്ച സംഘം. നടി ഹേമമാലിനിയുടെ വീട് പോലും കൊള്ളയടിച്ച സംഘം. കേരളത്തില്‍ ഇവരുടെ ആദ്യത്തെ ഓപ്പറേഷനായിരുന്നു ഇത്. 

കൊടുങ്ങല്ലൂരിലെ കൊലപാതകം

യുവാവിനെ ബംഗാളികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിജനമായ പറമ്പില്‍ തള്ളി. സ്ഥലത്ത് എത്തിയ ഹണി മണംപിടിച്ച് നേരെ പോയത് പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍. കഴുത്തുഞെരിക്കാന്‍ ഉപയോഗിച്ച തുണിക്കഷണത്തില്‍ നിന്ന് മണംപിടിച്ചായിരുന്നു ഹണി കൊലയാളികളുടെ വീട്ടില്‍ എത്തിയത്. പക്ഷേ, കൊലയാളികള്‍ അപ്പോഴേക്കും നാടുവിട്ടിരുന്നു. പിന്നീട് അവരെ, ബംഗാളില്‍ നിന്ന് പൊലീസ് പൊക്കി. 

ഡി.ജി.പിയുടെ മെഡല്‍ 

മികച്ച സേവനത്തിന് ഡി.ജി.പിയുടെ മെഡല്‍ ഹണിയ്ക്കു ലഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട കേസുകളില്‍ പൊലീസ് ഉദ്യോഗസ്ഥരെ വലയ്ക്കാതെ പ്രതികളിലേക്ക് എത്തിക്കാന്‍ മിടുക്കുണ്ട് ഹണിയ്ക്ക്. തൃശൂര്‍ ജില്ലയിലെ ക്രൈം കേസുകളില്‍ പൊലീസിന് തുമ്പുണ്ടാക്കി ഹണിയുടെ ജൈത്രയാത്ര തുടരുകയാണ്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...