ഉഗ്രനൊരു സല്യൂട്ട്; ലക്ഷങ്ങൾ വായ്പയെടുത്ത് ഈ എഎസ്ഐ ചെയ്യുന്നത്..

asi-charity
SHARE

കൊല്ലം: ഉഗ്രനൊരു സല്യൂട്ട് നൽകാം, നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ: ഡി.ശ്രീകുമാറിന്. പൊലീസ് ജോലി ചെയ്യുന്നതിനിടെ, മദ്യപാനമാണു ഏറ്റവും വലിയ അപകടകാരി എന്നറിഞ്ഞപ്പോൾ ലഹരി വിമുക്തികേന്ദ്രം ആരംഭിച്ചതിന്, ഇളയ മകന് ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒരു ഓട്ടിസ്റ്റിക് സെന്റർ തന്നെ തുടങ്ങാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന ആ മനസ്സിന്, സ്ത്രീകൾക്കായി സൗജന്യ സ്വയം തൊഴിൽ പരിശീലനകേന്ദ്രം ആരംഭിച്ചതിന്, ഈ പ്രവർത്തനങ്ങൾക്കായി സ്വന്തം കുടുംബ വസ്തുവിൽ ലക്ഷങ്ങൾ വായ്പയെടുത്ത് 2 ബഹുനില കെട്ടിടങ്ങൾ പണി കഴിപ്പിച്ചതിന്. 

നീണ്ടകരയിൽ ശ്രീകുമാർ നടത്തുന്ന മദർഹുഡ് ചാരിറ്റി മിഷൻ എന്ന സ്ഥാപനത്തിലെ സൗജന്യ സ്വയം തൊഴിൽ പരിശീലനത്തിൽ പങ്കെടുക്കുന്നതു നാനൂറോളം സ്ത്രീകളാണ്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം നടപ്പാക്കുന്ന ജൻ ശിക്ഷക് സൻസ്ഥാൻ പദ്ധതി പ്രകാരമാണു പരിശീലനം നൽകുന്നത്. 2005ൽ മദർഹുഡ് ചാരിറ്റി മിഷൻ എന്ന സ്ഥാപനത്തിലൂടെയാണ് അദ്ദേഹം ഇത്തരം പ്രവർത്തനങ്ങൾക്കു തുടക്കമിടുന്നത്. സബർമതി എന്ന പേരിലൊരു ലഹരിവിമുക്ത കേന്ദ്രമാണ് മദർഹുഡിൽ ആദ്യമാരംഭിച്ചത്. 

അതിനുള്ള കാരണമാകട്ടെ, പലപ്പോഴും പൊലീസ് സ്റ്റേഷനിലെത്തുന്ന കേസുകളും. 90 ശതമാനം കേസുകൾക്കും കാരണം മദ്യപാനമാണെന്നു തിരിച്ചറിഞ്ഞതോടെ ഈ പ്രശ്നത്തിന് എന്തെങ്കിലുമൊരു പരിഹാരം കാണണമെന്നു കരുതിയാണു സബർമതി ലഹരി വിമുക്ത കേന്ദ്രം ആരംഭിക്കുന്നത്. കൗൺസലിങ് സൗകര്യമാണ് ഇവിടെ നൽകുന്നത്.

ശ്രീകുമാറിന്റെ കുടുംബവീടാണു നീണ്ടകരയിലെ വസ്തുവിലാണു 3 നില കെട്ടിടം മദർഹുഡിനായി ആദ്യം പണി കഴിപ്പിച്ചത്. സ്വയം തൊഴി‍ൽ പരിശീലനം ഉൾപ്പെടെ നടക്കുന്നത് ഇവിടെയാണ്. 5 വർഷം മുൻപാണു ശ്രീകുമാറിനും ഭാര്യ സുജയ്ക്കും ഇളയമകൻ ബാലാജി ജനിക്കുന്നത്. 3 വയസ്സുള്ളപ്പോഴാണ് അവന് ഓട്ടിസമുണ്ടെന്നു തിരിച്ചറിയുന്നത്. പിന്നീടു ബെംഗളൂരു മുതൽ ഒട്ടേറെ സ്ഥലങ്ങളിൽ ചികിത്സയ്ക്കായി കയറിയിറങ്ങി. അതോടെ ഒരു കാര്യം മനസ്സിലുറപ്പിച്ചു, ഇത്തരം കുട്ടികൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്ന ഓട്ടിസം സെന്റർ ആരംഭിക്കണമെന്ന്.

ഈ ഓട്ടിസം സെന്ററിനായി ഇരുനില കെട്ടിടം അദ്ദേഹം പണിതു. ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതും അധ്യാപകരെ നിയമിക്കുന്നതുമാണ് ഇനിയുള്ള കടമ്പ. അതു പൂർത്തിയായാൽ ഓട്ടിസം സെന്റർ പ്രവർത്തനമാരംഭിക്കും.

30 ലക്ഷത്തോളം രൂപ ഇനിയും വായ്പയുണ്ട്. എങ്കിലും അതൊന്നുമല്ല, ഇനിയും ആരംഭിക്കാനിരിക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ് ശ്രീകുമാറിന്റെ മനസ്സിലിപ്പോൾ. ദിവസവും 7 മണിക്ക് മദർഹുഡിൽ എത്തുന്ന ശ്രീകുമാർ 9 വരെ അവിടുത്തെ കാര്യങ്ങൾ നോക്കിയതിനു ശേഷം നീറ്റ് എൻട്രൻസിനു തയാറെടുത്തുക്കൊണ്ടിരിക്കുന്ന മകൻ ശിവജിയെ സ്ഥാപനം ഏൽപ്പിച്ച് ഓഫിസിലേക്കു പോകും.  പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ആർ.ഷാബു, മഞ്ജുലാൽ, മുഹമ്മദ് ഷാഫി, എം.സി.പ്രശാന്തൻ, എസ്.അശോകൻ എന്നിവർ പൂർണ പിന്തുണയുമായി ഒപ്പമുണ്ടെന്നു ശ്രീകുമാർ പറയുന്നു.

തയ്യാറാക്കിയത് സായൂജ്യ സെബാസ്റ്റ്യൻ, മനോരമ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...