‘ഭര്‍ത്താവിനെ കൊല്ലുമെന്നും പറഞ്ഞു’; അധ്യാപകന്റെ തെറിവിളി; കണ്ണീരോടെ ടീച്ചര്‍: അഭിമുഖം

teacher-crying
SHARE

അവധി ചോദിച്ചതിന് അധ്യാപികയെ കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞ പ്രധാനാധ്യാപകന്റെ വാർത്ത ഇന്നാണ് പുറംലോകം അറിയുന്നത്. പാലക്കാട് പിലാത്തറ എൽപി സ്കൂൾ അധ്യാപകൻ ഉദുമാൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 10 മിനിറ്റോളം നീളുന്ന പ്രധാനാധ്യപകന്റെ തെറി വാക്കുകളുടെ വോയ്സ് റെക്കോഡ് സമൂഹമാധ്യമത്തിൽ വൈറലാണ്. ഉദുമാൻകുട്ടിയുടെ അസഭ്യവർഷത്തെത്തുടർന്ന അധ്യാപിക കുഴഞ്ഞുവീണു. ഈ സംഭവത്തെക്കുറിച്ച് അധ്യാപിക മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു. കണ്ണീരോടെയാണ് അധ്യാപിക സംസാരിച്ചത്. വാക്കുകൾ ഇടയ്ക്ക് മുറിയുന്നുണ്ടായിരുന്നു. അധ്യാപികയുടെ വാക്കുകൾ ഇങ്ങനെ:

ഒരു അരദിവസത്തെ ലീവ് ചോദിച്ചതിനാണ് മാഷ് എന്നോട് ഇത്രയും മോശമായി സംസാരിച്ചത്. അധ്യാപകരെ ഈ രീതിയിൽ അസഭ്യം പറയുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി ഞങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നതാണ്. ഇപ്പോൾ റെക്കോഡ് പുറത്തുവന്നത് കൊണ്ടാണ് ഈ വിഷയം പുറംലോകം അറിയുന്നത്. എന്നാൽ പലപ്പോഴും റെക്കോഡിൽ പറയുന്നതിനേക്കാൾ മോശമായി സംസാരിച്ചിട്ടുണ്ട്. ലൈംഗികചുവയുള്ള തെറികൾ പതിവാണ്. പുരുഷന്മാരായ സഹപ്രവർത്തകരോടും സമാനമായ പെരുമാറ്റമാണ്. 

ഞാൻ ഈ സ്കൂളിൽ കയറിയിട്ട് മൂന്ന് വർഷമായി. മാഷിന്റെ താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് കണ്ടതോടെയാണ് ഈ രീതിയിലുള്ള സമീപനം തുടങ്ങിയത്. മാഷിന് വഴങ്ങാത്തവരോടെല്ലാം ഈ സമീപനമാണ്. 

എന്റെ ഭർത്താവാണ് സ്കൂളിന്റെ മാനേജർ. ഞാൻ എന്തെങ്കിലും അദ്ദേഹത്തോടെ പറഞ്ഞാൽ അദ്ദേഹത്തെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഉദുമാൻകുട്ടി മാഷ് ഏതാനും മാസങ്ങൾക്കുള്ളിൽ വിരമിക്കും. അതിനുശേഷം അദ്ദേഹത്തിന് മാനേജ്മെന്റ് പദവിയിൽ എത്തിയാൽ കൊള്ളാമെന്ന് മോഹമുണ്ട്. ആ ആഗ്രഹം കൂടി മനസിൽവെച്ചിട്ടാണ് എന്നോട് മോശമായി പറയുന്നത്. ഇത് പുറംലോകം അറിഞ്ഞാൽ ഞങ്ങളുടെ സ്കൂളിന് അഭിമാനക്ഷതമാകുമെന്നുള്ളത് കൊണ്ടാണ് ഇത്രയും കാലം സഹിച്ചത്. പക്ഷെ എത്രനാൾ ഇത് സഹിച്ചുകൊണ്ടിരിക്കും. 

അത്രമാത്രം ഗതികെട്ടത് കൊണ്ടാണ് എനിക്ക് മാഷ് പറയുന്നത് റെക്കോര്‍ഡ് ചെയ്യേണ്ടി വന്നത്. ആരെങ്കിലും ഇതെല്ലാം അറിയണമെന്നുണ്ടായിരുന്നു. എന്നാൽ മാഷ് ഇത്രമാത്രം വൃത്തികേട് പറയുമെന്ന് കരുതിയില്ല. മാഷിനോട് സംസാരിച്ച് ഇറങ്ങിയ ഉടൻ തന്നെ ഞാൻ മാനേജ്മെന്റിൽ ഈ കാര്യം വിളിച്ച് പറഞ്ഞു. എന്നിട്ട് സഹപ്രവർത്തകരോടും നടന്ന സംഭവങ്ങൾ വിവരിച്ചു. അപ്പോഴേക്കും ഞാൻ മാനസികമായി തളർന്നുകഴിഞ്ഞു. അങ്ങനെയാണ് കുഴഞ്ഞുവീഴുന്നത്. എന്നെ തെറിപറഞ്ഞ ശേഷം മാഷ് സ്കൂളിൽ നിന്നും ഇറങ്ങിപ്പോയി. അവിടെ പഠിക്കുന്ന കുട്ടികളോടും മോശം പെരുമാറ്റമാണ്. കുട്ടികൾക്ക് മാഷിന്റെ അടുത്ത് ചെല്ലാൻ ഭയമാണ്– അധ്യാപിക പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...