സഞ്ചാരികളെ പരിഭ്രാന്തരാക്കി കൊമ്പന്‍റെ വിലസല്‍; ശാന്തമായി മടക്കം

wild-elephant-07
SHARE

വരയാടുകളെ കാണാൻ എത്തിയ വിനോദസഞ്ചാരികൾ കാട്ടാനയെ കൺനിറയെ കണ്ട് മടങ്ങി. രാജമലയുടെ പ്രവേശന കവാടമായ അഞ്ചാംമൈലിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു ഒറ്റയാൻ പൊടുന്നനെ സഞ്ചാരികൾ നിൽക്കുന്ന ഭാഗത്തേക്ക് നടന്ന് എത്തിയത്. രാജമല കണ്ട് തിരിച്ച് എത്തിയവരും കാണാൻ ടിക്കറ്റ് എടുത്ത് കാത്ത് നിന്നവരുമായി ഏകദേശം 500 സന്ദർശകർ ആണ് ഈ സമയം അഞ്ചാംമൈലിൽ ഉണ്ടായിരുന്നത്.

ടിക്കറ്റ് കൗണ്ടറിന് 50 മീറ്റർ ദൂരെ കാട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ ആണ് ആളുകൾ കൊമ്പനെ കണ്ടത്. ഇതോടെ സഞ്ചാരികൾ ഭയന്ന് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ അഭയം തേടി. ഇവിടെ വഴിവാണിഭം നടത്തുന്നവരും കടയും സാധനങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

റോഡ് വഴി നടന്ന് ടിക്കറ്റ് കൗണ്ടറിന് മുന്നിൽ എത്തിയ ഒറ്റയാൻ ഇവിടത്തെ വഴിവാണിഭക്കാർ വിൽപനയ്ക്ക് വച്ചിരുന്ന കാരറ്റും മാങ്ങയും ചോളവും മറ്റും ആവോളം ഭക്ഷിച്ചു. തുടർന്ന് ടിക്കറ്റ് കൗണ്ടറിന് മുന്നിലൂടെ വനം വകുപ്പിന്റെ മിനി ബസ് കിടക്കുന്ന ഭാഗത്ത് എത്തി നിലയുറപ്പിച്ചു. മുക്കാൽ മണിക്കൂറോളം സഞ്ചാരികൾക്ക് കാഴ്ച വിരുന്ന് ഒരുക്കി കുറുമ്പ് കാട്ടി വിലസിയ കൊമ്പൻ രണ്ടേമുക്കാലോടെ വാഹന പാർക്കിങ് മൈതാനത്തിലൂടെ നടന്ന് കാട് കയറി.

ആരേയും ഉപദ്രവിക്കാൻ ശ്രമിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്യാതെ സൗമ്യനായിട്ടായിരുന്നു കൊമ്പന്റെ വിലസൽ. ഭയത്തേക്കാൾ ഉപരി കാട്ടുകൊമ്പനെ തൊട്ടടുത്ത് കണ്ട ആവേശവും സന്തോഷവും ആയിരുന്നു ആന കാട് കയറിയതോടെ സന്ദർശകരുടെ മുഖങ്ങളിൽ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...