ജോളിക്ക് പിന്നാലെ സയനൈഡ് ശിവ; പ്രസാദം നൽകി കൊന്നത് 10 പേരെ

ap-cynade-shiva
SHARE

അന്താരാഷ്ട്രതലത്തിൽ പോലും ചർച്ചയായ കൂടത്തായി ജോളി കേസിന് പിന്നാലെ മറ്റൊരു സയനൈഡ് കൊലപാതകങ്ങളുടെ കൂടി ചുരുളഴിയുകയാണ്. ആന്ധ്രാപ്രദേശിലാണ് 10 പേരെ കൊന്നൊടുക്കിയ കൊലപാതകപരമ്പര അരങ്ങേറിയത്. വെളങ്കി സിംഹാദ്രി അഥവാ ശിവ (38) ആണ് കൊലപാതകി. 20 മാസത്തിനുള്ളിൽ ഇയാൾ കൊന്നൊടുക്കിയത് 10 പേരെയാണ്. ഫെബ്രുവരി 2018 വരെ രണ്ട് മാസം കൂടുമ്പോൾ ഒരാളെ വീതമാണ് ശിവ കൊന്നത്. മരിച്ചവരിൽ ഇയാളുടെ അമ്മൂമ്മയും സഹോദരന്റെ ഭാര്യയും പുരുഷോത്തമാശ്രമത്തിലെ ആചാര്യൻ രാമകൃഷ്ണാനന്ദ എന്നിവർ ഉൾപ്പെടുന്നു.

വാച്ച്മാനായി ജോലി നോക്കിയിരുന്ന ശിവ പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിയുകയായിരുന്നു. എന്നാൽ റിയൽ എസ്റ്റേറ്റിൽ നഷ്ടങ്ങൾ നേരിട്ടതിനെത്തുടർന്ന് തനിക്ക് ആത്മീയസിദ്ധി കൈവരിച്ചുവെന്ന നാട്ടുകാരെ തെറ്റിധരിപ്പിക്കാൻ തുടങ്ങി. മാത്രിക ശക്തിയുള്ള അരിയും നാണയങ്ങളും ഇരുതലയുള്ള സർപ്പവും ധനം ഇരട്ടിക്കാനും രോഗശാന്തിക്കും ഉത്തമമാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഭൂമിയിൽ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തി.

ഭാഗ്യം പ്രതീക്ഷിച്ച് വീഴുന്നവരോട് ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് പണവും സ്വർണവും കൊണ്ടുവരാൻ ആവശ്യപ്പെടും. അവിടെവച്ച് അവർക്ക് കഴിക്കാൻ പ്രസാദവും നൽകും. പ്രസാദം കഴിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് അവിടെവച്ച് തന്നെ കഴിപ്പിക്കും. വിശ്വാസികൾ കുഴഞ്ഞുവീണ് മരിക്കുന്നതോടെ സ്വർണവും പണവും കൈക്കലാക്കി ശിവ രക്ഷപെടും. ഏകദേശം 24 ലക്ഷത്തിലധികം രൂപയും 35 പവൻ സ്വർണവും ഈ രീതിയിൽ ഇയാൾ തട്ടിപ്പിലൂടെ സ്വന്തമാക്കി. ഈ പണം കൊണ്ട് പുതിയ വീടും സ്ഥലവും വാങ്ങി. 

എല്ലൂരിലുള്ള കായികാധ്യാപകൻ കെ.നാഗരാജുവിന്റെ മരണത്തോടെയാണ് ശിവ സംശയത്തിന്റെ നിഴലിലാകുന്നത്. സർക്കാർ സ്കൂളിലെ അധ്യാപകനായ നാ​ഗരാജു സ്വർണ്ണവും പണവും ബാങ്കിൽ നിഷേപിക്കുന്നതിന് വേണ്ടി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു.

അതിനിടെ നാ​ഗരാജു സിംഹാദ്രിയെ കാണാനായി അയാളുടെ സ്ഥലത്തേക്ക് പോയി. അവിടെവച്ച് ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാ​ഗരാജുവിന് ഒരു നാണയം സിംഹാദ്രി നൽകി. രണ്ടുലക്ഷം രൂപ കൈപ്പറ്റിയാണ് നാ​ഗരാജുവിനെ സിംഹാദ്രി നാണയം നൽകി പറ്റിച്ചത്. ഇതിന് പിന്നാലെ സയനൈഡ് കലർത്തിയ പ്രസാദവും സിംഹാദ്രി നാ​ഗരാജുവിന് നൽകി. ഈ പ്രസാദം കഴിച്ച നാഗരാജുവും കുഴഞ്ഞുവീണ് മരിച്ചു. എന്നാൽ പെട്ടന്നുള്ള മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പോസ്റ്റമാർട്ടം നടത്തിയതോടെ സയനൈഡ് കഴിച്ചുള്ള മരണമാണെന്ന് തിരിച്ചറിഞ്ഞു. നാഗരാജു ആത്മഹത്യ ചെയ്യാനുള്ള സാധ്യതകളൊന്നുമില്ലായിരുന്നു. അതുകൊണ്ട് തുടർന്ന് നടത്തിയ അന്വേഷണം സിംഹാദ്രിയിൽ എത്തുകയായിരുന്നു. നാഗരാജുവിനെ കൊന്നത് താനാണെന്ന് സിംഹാദ്രി സമ്മതിച്ചിട്ടുണ്ട്. ഇതോടെ സമാന രീതിയിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ പരാതിയുമായി എത്തുകയായിരുന്നു. രോഗശാന്തി തേടിയെത്തുന്നവരുടെ മരുന്നിലും ഇയാൾ സയനൈഡ് കലർത്തി നൽകിയിട്ടുണ്ട്. രോഗബാധിതരായതിനാൽ പെട്ടന്നുള്ള മരണത്തിൽ ആരും സംശയിക്കില്ലെന്ന ബലത്തിലാണ് ഇങ്ങനെ നൽകിയത്. 

സയനൈഡ് ഉള്ളിൽ ചെന്നാണോ മറ്റുള്ളവരും മരിച്ചതെന്ന് അറിയാൻ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റമാർട്ടം ചെയ്യും. സിംഹാദ്രിക്ക് സയനൈഡ് എത്തിച്ച് നൽകിയ വ്യക്തിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...