ലോകാവസാനം ഭയന്ന് അച്ഛൻ മക്കളെ നിലവറയിൽ പൂട്ടിയിട്ടത് 9 വർഷം

family-dutch
SHARE

ലോകാവസാനം ഭയന്ന് ഒരച്ഛൻ ആറുമക്കളെ നിലവറയിൽ പൂട്ടിയിട്ടു. അതും ഒന്നും രണ്ടും വർഷമല്ല ഒമ്പത് വർഷം. ഹോളണ്ടിലെ ഡെന്ത്ര പ്രവിശ്യയിലെ റുയീനർവോൾഡ് എന്ന ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് സംഭവം. ഒരു ദിവസം അച്ഛന് തോന്നി ലോകാവസനം അടുക്കാറായെന്ന്. തന്റെ മക്കളെ സുരക്ഷിതരാക്കാനായി മക്കളോടൊപ്പം ഫാം ഹൗസിന്റെ നിലവറയിൽ പ്രവേശിച്ച അച്ഛൻ അവരെ അവിടെ പൂട്ടിയിട്ടു. പിന്നീടുള്ള ഒമ്പതുവർഷങ്ങൾ മക്കൾ പുറംലോകം കണ്ടിട്ടില്ല. മക്കളുടെ കാര്യവും ഫാം ഹൗസിന്റെ കാര്യങ്ങളും നോക്കാൻ അച്ഛൻ ഒരു ജീവനക്കാരനെയും നിയമിച്ചു. 

ഫാം ഹൗസിന്റെ വളപ്പിൽ പച്ചക്കറി കൃഷിയും മൃഗങ്ങളെ വളർത്തലുമുണ്ടായിരുന്നു. ഈ പച്ചക്കറികളും പാലും കുടിച്ചാണ് ഇവർ ജീവൻ നിലനിർത്തിയത്. 16-25 വയസ് വരെ പ്രായമുണ്ട് മക്കൾക്ക്. ഒരു ദിവസം രാത്രിയിൽ കാവൽക്കാരന്റെ കണ്ണുവെട്ടിച്ച് മൂത്തമകൻ പുറത്തേക്ക് ഓടി രക്ഷപെട്ടതോടെയാണ് ഈ വിവരം ലോകം അറിയുന്നത്. ഫാം ഹൗസിൽ നിന്നും ഓടി രക്ഷപെട്ട ഇയാൾ ചെന്നുകയറിയത് ഒരു ബാറിലാണ്. ബിയർ വേണമെന്ന് ആവശ്യപ്പെട്ട ശേഷം ജീവനക്കാരനോട് തന്റെ സഹോദരങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. തലമുടിയും താടിയും വളർന്ന് പ്രാകൃതരൂപത്തിലായിരുന്നു 25കാരൻ. ഇത്രയും വർഷം പുറംലോകം കാണാത്തതിന്റെ പരിഭ്രമവും ഇയാൾക്കുണ്ടായിരുന്നു. 

യുവാവ് നൽകിയ വിവരങ്ങൾ കേട്ട ജീവനക്കാരൻ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. ഒറ്റനോട്ടത്തിൽ ആർക്കും കാണാൻ സാധികാത്ത രീതിയിൽ, ഒരു അലമാരയ്ക്കുള്ളിലൂടെയായിരുന്നു മക്കളെ ഒളിപ്പിച്ചിരുന്ന രഹസ്യ നിലവറയിലേക്കുള്ള ഗോവണി. പൊലീസെത്തി ഇവരെ മോചിപ്പിച്ചു. ഇതോടൊപ്പം കാവൽക്കാരനേയും അറസ്റ്റ് ചെയ്തു. ഒരു മക്കൾക്കും വിദ്യാഭ്യാസം നൽകിയിട്ടില്ല. ലോകം കാണാതെ ജീവിച്ചതിന്റെ മാനസികപ്രശ്നങ്ങൾ ഓരോരുത്തർക്കുമുണ്ട്. പെൺകുട്ടികളുടെ അവസ്ഥ ദയനീയമായിരുന്നു. മൂത്ത മകന്റെ ധൈര്യം കൊണ്ടുമാത്രമാണ് ഇവർക്ക് പുറംലോകം കാണാൻ സാധിച്ചത്.

 ഡ്രെന്തെ പ്രവിശ്യയിലെ ജനസാന്ദ്രത കുറഞ്ഞ ഗ്രാമമാണ് റുയീനർവോൾഡ്. ആകെ 300 പേർ മാത്രമാണ് ഇവിടെ ജീവിക്കുന്നത്. ഫാം ഹൗസ് പലരും കണ്ടിട്ടുണ്ടെങ്കിലും അവിടെ ആരെങ്കിലും താമസമുണ്ടെന്ന് അറിയില്ലായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ഗൃഹനാഥനെ കാണാറുണ്ട്. അതല്ലാതെ മക്കളുണ്ടെന്ന് അറിയില്ലായിരുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞ ഫാം ഹൗസിനെ ഗ്രാമവുമായി വേർതിരിക്കുന്ന ഒരു കനാലുണ്ട്. കനാലിലെ പാലം കടന്നുവേണം അവിടെയെത്താൻ. ആവശ്യങ്ങൾക്കല്ലാതെ ആരും ഈ പ്രദേശത്ത് മറ്റുള്ളവരുടെ പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാറില്ല. അച്ഛനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഓർമവച്ചനാൾ മുതൽ അച്ഛനെ മാത്രമാണ് കാണുന്നതെന്നും അമ്മയാരെന്ന് അറിയില്ലെന്നും മക്കൾ പൊലീസിനെ അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...