റോയിയുടെ മരണത്തിൽ സംശയമുന്നയിച്ചു; പിന്നാലെ മരണം; നടുക്കും ക്രൂരതയുടെ തിരക്കഥ

jolly-arrested-crime
SHARE

കോഴിക്കോട് കൂടത്തായിയിലെ ദുരൂഹ മരണത്തിൽ ജോളിയെ കസ്റ്റഡിയിലെടുത്തു. മരണങ്ങളുമായി ജോളിക്ക് നേരിട്ട് പങ്കുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ്. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് ഇന്നലെ കല്ലറ തുറന്നത്.ആറു മരണങ്ങളിൽ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റുമാർട്ടം ചെയ്തിരുന്നത്. കുടുംബത്തിലെ 6 പേരുടെയും മരണം സയനൈഡ് ഉള്ളില്‍ ചെന്നെന്ന് പൊലീസ് വ്യതക്തമാക്കുന്നു.  

ജോളിക്ക് സയനൈഡ് നല്‍കിയത് ജ്വല്ലറി ജീവനക്കാരനാണ്. താമരശേരി സ്വദേശിയായ ജ്വല്ലറി ജീവനക്കാരന്‍ കസ്റ്റഡിയിലാണെന്നും പൊലീസ് സൂചന നല്‍കുന്നു. ആറ് മരണങ്ങള്‍ സംഭവിച്ച വഴി ഇങ്ങനെ: 

1. അന്നമ്മ തോമസ് (57), റിട്ട. അധ്യാപിക, ജോളിയുടെ ഭർതൃമാതാവ്, മരണം: 22.08.2002

ആട്ടിൻസൂപ്പ് കഴിച്ചതിനു പിന്നാലെ ഛർദിച്ചു തളർന്നുവീഴുന്നു. വായിൽ നിന്ന് നുരയും പതയും. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു മരിച്ചു.

2. ടോം തോമസ് പൊന്നാമറ്റം (66), ജോളിയുടെ ഭർതൃപിതാവ് മരണം: 26.08.2008

കപ്പപ്പുഴുക്കു കഴിച്ചതിനുശേഷം ഛർദിച്ചു തളർന്നുവീഴുന്നു. വീട്ടിലുണ്ടായിരുന്നത് മകൻ റോയിയുടെ ഭാര്യ ജോളി മാത്രം. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വായിൽ നുരയും പതയുമായി നിലത്തുകിടന്ന ടോം തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയിൽ മരിച്ചു.

3. റോയ് തോമസ് (40), ജോളിയുടെ ഭർത്താവ്, മരണം- 30.09.2011

പുറത്തുപോയി വന്നതിനുശേഷം ഭക്ഷണം കഴിച്ചയുടൻ ശുചിമുറിയിലേക്ക്. അവിടെ ഛർദിച്ചുവീഴുന്നു. വീട്ടിലുണ്ടായിരുന്നത് ജോളിയും മക്കളും. നിലവിളി കേട്ട് നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. 

4. എം.എം. മാത്യൂ മഞ്ചാടിയിൽ (66), അന്നമ്മയുടെ സഹോദരൻ, മരണം- 24.02.2014

റോയിയുടെ മരണത്തിൽ സംശയമുന്നയിച്ചു. ഭാര്യ വീട്ടിൽ പോയതിനാൽ തനിച്ചായിരുന്നു. വൈകിട്ട് 3.30നു വീട്ടിൽ തളർന്നുവീണു. സമീപത്ത് താമസിക്കുന്ന ജോളി വിവരമറിയിച്ചതിനെത്തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോൾ കാണുന്നതു വായിൽനിന്നു നുരയും പതയും വന്ന് നിലത്ത് കിടക്കുന്ന മാത്യുവിനെ. ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു.

5. ആൽഫൈൻ ഷാജു (2), ഷാജുവിന്റെയും സിലിയുടെയും മകൻ, (ഷാജു ടോം തോമസിന്റെ സഹോദന്റെ പുത്രൻ)- 03.03.2014

സഹോദരന്റെ ആദ്യകുർബാന ദിവസം രാവിലെ ഇറച്ചിക്കറി കൂട്ടി ബ്രഡ് കഴിച്ചതിനു പിന്നാലെ ബോധരഹിതനായി. തൊട്ടടുത്ത സ്വകാര്യ ആശുപ്രതിയിലും പിന്നീടു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നാം ദിനം മരണം.

6. സിലി ഷാജു (44), ഷാജുവിന്റെ ഭാര്യ, മരണം- 11.01.2016

ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത ശേഷം താമരശ്ശേരിയിലെത്തി. ഭർത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചരയോടെ ഷാജുവിനെ ഡെന്റിസ്റ്റിനെ കാണിക്കാനായി മൂവരും മക്കളും കൂടി പോയി. ഡോക്ടറെ കാണാൻ ഷാജു അകത്തുകയറിയപ്പോൾ സിലിയും ജോളിയും വരാന്തയിൽ കാത്തിരുന്നു. സിലിയുടെ സഹോദരൻ ഇവരെ കാണാനായെത്തി. ഈ സമയം സിലി, ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. വായിൽ നിന്നു നുരയും പതയും. ആശുപത്രിയിൽ എത്തുക്കുമ്പോഴേക്കും മരണം. 

ജോളിയും ഷാജുവും 06.02.2017ൽ വിവാഹിതരായി. സിലി മരിച്ച് ഒരുവർഷം തികഞ്ഞപ്പോഴേക്കുമായിരുന്നു കല്യാണം.

koodathayi-murder-info
MORE IN SPOTLIGHT
SHOW MORE
Loading...
Loading...