വിമാനത്താവളത്തിൽ ‘ബോംബ്’ തമാശ: യാത്രക്കാർ ശ്രദ്ധിക്കുക, കുഴപ്പത്തിലാകും

kochi-airport-close
SHARE

നെടുമ്പാശേരി: വിമാനത്താവളത്തിലെ കർശന സുരക്ഷാ പരിശോധനകളിൽ പ്രകോപിതരാകുന്നവരും പരിശോധകരെ കളിയാക്കാൻ വായിൽ തോന്നുന്നതു വിളിച്ചു പറയുന്നവരുമായ യാത്രക്കാർ ശ്രദ്ധിക്കുക. നിങ്ങളുടെ യാത്ര മുടങ്ങുമെന്നു മാത്രമല്ല, ചിലപ്പോൾ ജയിലിലുമായേക്കാം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇത്തരം കേസുകളിൽ പെട്ട് യാത്ര മുടങ്ങുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാവിഭാഗം നൽകുന്ന മുന്നറിയിപ്പാണിത്.

ഞായറാഴ്ച രാത്രിയിൽ ഇവിടെ നിന്നു നാട്ടിലേക്കു മടങ്ങാനെത്തിയ രണ്ടു മുംബൈ സ്വദേശികളുടെ യാത്ര മുടങ്ങിയതാണ് ഇത്തരം സംഭവങ്ങളിൽ അവസാനത്തേത്. രാത്രി 8.30ന് പുറപ്പെടുന്ന ഗോഎയർ വിമാനത്തിൽ പോകാനെത്തിയ ഡോക്ടർമാരായ ഹരിയാന സ്വദേശി മോഹിത് മുക്തി (39), മഹാരാഷ്ട്ര സ്വദേശി പാർഥിക് ബാങ്ഡെ (40) എന്നിവരാണ് കുടുങ്ങിയത്. ബാഗേജ് ചെക്കിൻ ചെയ്യാൻ ക്യൂവിൽ നിൽക്കവേ മോഹിതിന്റെ ബാഗിൽ ബോംബുണ്ടെന്ന് പിറകിൽ നിൽക്കുകയായിരുന്ന പാർഥിക് വെറുതെ തമാശയായി വിളിച്ചു പറഞ്ഞതാണ് പ്രശ്നമായത്. 

ഇത്തരം ഭീഷണികൾ ലഭിച്ചാൽ ചെയ്യേണ്ട സാധാരണ നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെ ഇവരെ പുറത്തേക്കു വിടാനാകില്ല. ഇതിനിടെ ഇവർ ബഹളം വയ്ക്കുകയും ഇരുവരെയും സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് പൊലീസിനു കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനകൾക്കിടെ ബാഗുകൾ വിശദമായി പരിശോധിക്കുന്നതു കണ്ട ചാലക്കുടി സ്വദേശി തന്റെ ബാഗിലെന്താ ബോംബുണ്ടോ എന്ന ചോദ്യത്തിന്റെ പേരിലാണ് കുടുങ്ങിയത്. വിശദമായ പരിശോധനകളിൽ അക്ഷമനായാണ് യാത്രക്കാരൻ അങ്ങനെ ചോദിച്ചത്.

സുരക്ഷാ പരിശോധനകളിൽ അക്ഷമരായി ബോംബുണ്ടോ എന്നോ മറ്റോ ചോദിച്ചാൽ യാത്ര മുടങ്ങുക മാത്രമല്ല, നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജയിലിൽ കിടക്കേണ്ട അവസ്ഥയും വരും.  സുരക്ഷാ പരിശോധനകളോടു യാത്രക്കാർ സഹകരിച്ചേ പറ്റൂവെന്ന് വിമാനത്താവള ഡയറക്ടർ എ.സി.കെ.നായർ അറിയിച്ചു. ഇതു യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. അതു മനസ്സിലാക്കാൻ യാത്രക്കാർ തയാറാകണം– എ.സി.കെ.നായർ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...