ഓണാവധി കഴിഞ്ഞുള്ള മടക്കയാത്രയില്‍ വീണ്ടും ഓണാഘോഷം; വിഡിയോ

ksrtc-story
SHARE

ബസിനുള്ളില്‍ നിറയെ ബലൂണുകള്‍. പിറന്നാളിന് വീടൊരുക്കുന്നത് പോലെയുള്ള കാഴ്ച. രാത്രികാലങ്ങളില്‍ പതിവില്ലാത്തതാണെന്ന് ചിലരുടെ കമന്റ്. കാര്യം തിരക്കിയവരോട് സസ്പെന്‍സെന്ന് പതിവ് യാത്രികര്‍. രാത്രി 10.20 ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന സൂപ്പര്‍ ഡീലക്സ് എയര്‍ ബസിലാണ് ആഘോഷ കാഴ്ച. പലരും ബസിന്റെ ചിത്രമെടുക്കുന്നു. സെല്‍ഫിയും പലതവണ കണ്ണടച്ച് തുറന്നു. ഓണാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തൊരുക്കിയിട്ടുള്ള ദീപക്കാഴ്ചകളിലൂടെ ഒഴുകി ആനവണ്ടി പതിവ് വേഗതയിലെത്തിയപ്പോള്‍ ശ്രീകാര്യം പിന്നിട്ടു. ആഘോഷത്തെക്കുറിച്ച് ആദ്യ അറിയിപ്പ്. പാതി മയക്കത്തിലേക്ക് വഴുതിയ പലരും ആകാംക്ഷയിലായി. എന്താണ് സംഭവിക്കുന്നത്. ഓണം കഴിഞ്ഞ് മടങ്ങുമ്പോള്‍ വീണ്ടും ആഘോഷമോ. കെ.എസ്.ആര്‍.ടി.സിയില്‍ ഒരു സാധ്യതയുമില്ലെന്ന് കരുതിയിരിക്കുമ്പോള്‍ പിന്നാലെ വരുന്നു മധുരം. ചിപ്സും, ഉപ്പേരിയും, ലഡുവും പിന്നെ സാക്ഷാല്‍ കോഴിക്കോടന്‍ ഹല്‍വയും. ഒരേമനസോടെ നല്‍കിയ മധുരവിതരണത്തില്‍ സകല യാത്രികരും പങ്കാളികളായി. ഒടുവില്‍ ആറ്റിങ്ങല്‍ പിന്നിട്ടപ്പോള്‍ യാത്രക്കാര്‍ പൂര്‍ണമായും പുറത്തിറങ്ങി ഗ്രൂപ്പ് ഫോട്ടോയിലും പങ്കാളികളായി. പിന്നാലെ ആനവണ്ടി കോഴിക്കോട് ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങി......

ചങ്ക് വണ്ടിയിലെ ചങ്കുകള്‍ 

രാത്രികാലങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ കയറിയാല്‍ വേഗത്തില്‍ ഉറക്കത്തിലേക്ക് വീഴാനുള്ള ചിന്തയാണ്. അവധി കഴിഞ്ഞുള്ള മടക്കമാണെങ്കില്‍ അടുത്തിരിക്കുന്ന യാത്രക്കാരന്റെ മുഖത്ത് പോലും നോക്കാതെ മയക്കത്തിലേക്ക് നീങ്ങും. വെറുതെ ഉറങ്ങിത്തീര്‍ക്കാനുള്ളതല്ല യാത്രയെന്ന ചിന്തയാണ് പതിവായി കാണുന്നവരിലേക്ക് വാട്സ്ആപ്പ് കൂട്ടായ്മയെന്ന ആശയമെത്തിച്ചത്. വിശേഷങ്ങള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും വാര്‍ത്തകളുടെ ലോകത്തേക്കും സമാന മനസോടെ ചിന്തിച്ച് മുന്നോട്ട് നീങ്ങിയതോടെ കൂട്ടായ്മ ബലപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.20 ന് പുറപ്പെട്ട് രാവിലെ ഏഴ് മണിയോടെ കോഴിക്കോട് എത്തിച്ചേരുന്ന സൂപ്പര്‍ ഡീലക്സ് എയര്‍ ബസില്‍ ഇപ്പോള്‍ എന്തിനും തയാറായ ഇരുപതിലധികം കൂട്ടുകാരുണ്ട്. അവര്‍ക്ക് കൂട്ടിനായി ഡ്രൈവറും കണ്ടക്ടറും. തമാശയും വീട്ടിലെ വിശേഷങ്ങളും ചോദിച്ചറിഞ്ഞ് സുരക്ഷിത യാത്ര തുടരുകയാണ്. ചിലര്‍ വഴിയില്‍ ഇറങ്ങും. അവസാനം വരെ യാത്ര തുടരുന്നവരാണ് കൂടുതല്‍. അപ്പോഴും സൗഹൃദ കൂട്ടായ്മയുടെ യാത്രയ്ക്ക് ഒട്ടും കുറവില്ലാതെ ദൈര്‍ഘ്യം കൂടിവരുന്നതേയുള്ളൂ. എം.ജി.മനോജ്, പി.എസ്.പ്രബിത്, സുധീര്‍ കുമാര്‍, സി.സി.അനൂപ്, എം.ഹരീഷ്, വി.എസ്.വിഷ്ണു, പ്രതീഷ്, താര വിജയന്‍, കെ.കെ.മനോജ്,  അങ്ങനെ നീളുന്നു സൗഹൃദക്കൂട്ടം. പലരും പല മേഖലയില്‍ മികച്ച തസ്തികയില്‍ തൊഴിലെടുക്കുന്നവര്‍. എന്നാല്‍ ചങ്ക് വണ്ടിയുടെ കാര്യത്തില്‍ ഇവര്‍ക്ക് ഒരേമനസാണ്. ഒരേ ഇഷ്ടമാണ്. ഞായറാഴ്ചകളെ നോക്കിയിരിക്കുന്നവരാണ് ഇവരില്‍ പലരും. ഒന്നുകണ്ട് ഒരാഴ്ചത്തെ വിശേഷങ്ങള്‍ പറഞ്ഞ് പിന്നീടുള്ള യാത്ര ബലപ്പെടുത്താന്‍. അങ്ങനെയാണ് ആഘോഷത്തെക്കുറിച്ചുള്ള ചിന്ത വന്നത്. പിന്നീട് ഒരേമനസോടെ കാര്യങ്ങള്‍ നടപ്പാക്കുകയായിരുന്നു. 

സുരക്ഷിത യാത്രയുടെ കൂട്ടുകാര്‍ക്ക് സ്നേഹസമ്മാനം 

ഒരു ഓണ സമ്മാനമുണ്ടെന്നറിയിച്ച് ഡ്രൈവര്‍ ഹനീഫയെയും കണക്ടര്‍ വിനോജിനെയും സൗഹൃദക്കൂട്ടം ക്ഷണിച്ചപ്പോള്‍ എന്തോ പണി വരുന്നുണ്ടെന്നായിരുന്നു ആദ്യ പ്രതികരണം. തുറന്ന് നോക്കിയപ്പോഴാണ് ശരിക്കും അമ്പരന്നത്. മാസങ്ങളായി ഇരുവരും ആഗ്രഹിക്കുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ ദേ കൈയ്യില്‍. അതും മികച്ച കമ്പനിയുെട സാധനം. ഇനി യാത്രക്കാര്‍ ഉറങ്ങിയാലും പാട്ടുകേട്ട് വണ്ടിയോടിക്കാമെന്ന് ഹനീഫയുെട കമന്റ്. സര്‍വീസ് തുടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കിട്ടിയ വലിയ അംഗീകാരങ്ങളിലൊന്നാണ് മ്യൂസിക് സിസ്റ്റമെന്ന് വിനോജ്. പിന്നീടുള്ള ദൂരം പിന്നിട്ടത് കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകളുടെ നിര്‍ത്താതെയുള്ള ഈണത്തോടെയായിരുന്നു. പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ടും ഒരുനാളും പൂക്കാംമാം കൊമ്പില്‍. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം........അങ്ങനെ പാട്ടുകേട്ട് ഉറക്കത്തിന്റെ വഴിയേ യാത്ര ചെയ്ത് പലരും.........

ആനവണ്ടിയിലെ മാതൃക 

ദീര്‍ഘദൂര സര്‍വീസുകളില്‍ പലതും ഡ്രൈവര്‍ കം കണ്ടക്ടറില്ലാത്ത സര്‍വീസുകളാണ്. ഡ്രൈവര്‍ക്കൊപ്പം കണ്ടക്ടര്‍ ഉറങ്ങാതിരുന്ന് സര്‍വീസ് പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. പലപ്പോഴും ഇത് പാലിക്കാറില്ല. ചങ്ക് ബസിലെ സ്ഥിതി കൂട്ടുകാരായ ജീവനക്കാരുള്ള ദിവസം വ്യത്യസ്തമാണ്. ഹനീഫ ഡ്രൈവറാണെങ്കിലും കണ്ടക്ടറെ നന്നായി സഹായിക്കും. യാത്രക്കാരെ പരമാവധി കയറ്റി മികച്ച കലക്ഷന്‍ നേടുന്നതിന് ഇരുവരും മല്‍സരമാണ്. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഏത് വിധേനയുമുള്ള സഹായം. വനിതകള്‍ക്ക് പ്രത്യേക പരിഗണന. ഉറങ്ങിപ്പോയാലും ഓരോ യാത്രികനെയും വിളിച്ചുണര്‍ത്തി കൃത്യസ്ഥലത്ത് ഇറക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കല്‍. ഇത്തരത്തില്‍ മാതൃക തീര്‍ത്താണ് ഇരുവരും മുന്നോട്ട് പോകുന്നത്. ഈ ആത്മാര്‍ഥയാണ് പതിവ് യാത്രക്കാരെ ജീവനക്കാരിലേക്ക് അടുപ്പിക്കുന്നത്. പിന്നാലെ വാട്സ്ആപ്പ് കൂട്ടായ്മയുണ്ടാകുന്നു. ആഘോഷം നടക്കുന്നു. സമ്മാനം കൈമാറുന്നു. ഇത് വരും നാളുകളിലും തുടരുന്നു. കൂട്ടായ്മയിലൂടെ നിര്‍ധനര്‍ക്കുള്‍പ്പെടെ സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആലോചനയിലാണ്. അണ്ണാന്‍കുഞ്ഞും തന്നാലായതെന്ന് കൂട്ടുകാരുടെ പക്ഷം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...