മാന്തോപ്പിലെ പണിക്കാരനിൽ നിന്നും മിഷൻ ചന്ദ്രയാൻ 2വിന്റെ അമരക്കാരൻ വരെ; ശിവന്റെ ജീവിതം

isro-chairman-shivan
SHARE

ചന്ദ്രയാൻ 2 ദൗത്യം ലക്ഷ്യം കണ്ടില്ലെങ്കിലും, ചന്ദ്രനെ തൊട്ടരികെ വരെയെത്തിയ ദൗത്യം 95 ശതമാനം വിജയം തന്നെയായിരുന്നു. ഈ സ്വപ്നനേട്ടത്തിലേക്ക് ഇന്ത്യ കുതിച്ചുയരുമ്പോൾ ഇസ്റോ ചെയർമാൻ കെ.ശിവന്റെ ജീവിതത്തെ പരാമാർശിക്കാനാകില്ല. കഠിനാധ്വാനവും നിതാന്ത പരിശ്രമവുമാണ് ശിവൻ എന്ന സാധാരണക്കാരനെ ഇസ്റോ തലവനാക്കി മാറ്റിയത്. 

മണ്ണിൽ ചവിട്ടി നിന്ന് വിണ്ണിനെ സ്വപ്നം കാണുന്ന സാധാരണക്കാരന്റെ കൈകളാണ് ചന്ദ്രയാൻ 2വിന് പിന്നിൽ. സർക്കാർ സ്കൂളിൽ പഠിച്ചു വളർന്ന, കർഷകന്റെ മകനാണ് ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ചെയർമാൻ ഡോ. കെ.ശിവൻ. 

കേരളത്തോട് ചേർന്ന് കന്യാകുമാരിയിലെ തരക്കൻവിളയിൽ ജനിച്ച ശിവൻ, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാഗർകോവിൽ ഹിന്ദു കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകൾക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽനിന്ന് 1980ൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‍സിയിൽ നിന്ന് 1982ൽ എയ്റോസ്പേസ് എൻജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിൽ നിന്ന് 2006ൽ പിഎച്ച്ഡിയും സ്വന്തമാക്കി. 

വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഐഐടിയിൽ ചേരുന്നത് വരെ സ്വന്തമായി പാന്റസോ ചെരുപ്പോ പോലും ഇല്ലായിരുന്നുവെന്ന് ശിവൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. മുണ്ട് ധരിച്ചാണ് കോളജിൽ പോയ്ക്കോണ്ടിരുന്നത്. ചെരുപ്പ് വാങ്ങാൻ കർഷകനായ അച്ഛന് ത്രാണി ഇല്ലാതിരുന്നതിനാൽ നഗ്നപാദനായാണ് ഓരോ പടവും നടന്നുകയറിയത്. താൻ ആദ്യമായി ചെരുപ്പ് ധരിക്കുന്നത് മദ്രാസ് ഐഐടിയിൽ പഠനത്തിന് ചേർന്നപ്പോഴാണെന്ന് ശിവൻ ഓർക്കുന്നു. അച്ഛൻ കർഷകനായതിനാൽ കോളജ് സമയം കഴിഞ്ഞെത്തിയാൽ അദ്ദേഹത്തോടൊപ്പം കൃഷിപണിയിൽ ഏർപ്പെടാറുണ്ടായിരുന്നു. അവധിദിവസങ്ങളിൽ അച്ഛനോടൊപ്പം മാന്തോപ്പിലും പണിയ്ക്ക് പോകുന്നത് പതിവായിരുന്നു. 

കർഷക കുടുംബത്തിൽ പിറന്ന് ഐഎസ്ആർഒയുടെ മേധാവിസ്ഥാനം വരെയെത്താൻ ഡോ. കെ.ശിവനു കഴിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ– കഠിനാധ്വാനം. ‘ഉറക്കമില്ലാത്ത ശാസ്ത്രജ്ഞൻ’ എന്നാണ് ഐഎസ്ആർഒയിലെ സഹപ്രവർത്തകർ കെ.ശിവനെ ബഹുമാനപൂർവം വിശേഷിപ്പിക്കുന്നത്. പകൽ മുഴുവൻ ജോലിചെയ്തു സഹപ്രവർത്തകർ മടങ്ങിയാലും വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഡയറക്ടറുടെ ഓഫിസിൽ കെ.ശിവൻ ഉണ്ടാകുമെന്നു സഹപ്രവർത്തകർ ഓർമിക്കുന്നു. പാതിരാത്രിയോടടുത്താണ് അദ്ദേഹം ജോലിതീർത്തു മടങ്ങുക. വലിയ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുത്താൽ സമയം പിന്നെയും നീളും. ഈ സമയത്തു നാലു മണിക്കൂറൊക്കെയാണു പരമാവധി ഉറക്കം. ഐഎസ്ആർഒ ചെയർമാനായപ്പോഴും ആ ശീലങ്ങളൊന്നും വലുതായി മാറിയില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...