മൂന്നുപേർ ഒരേ ബൈക്കിൽ; ആർക്കും ലൈസൻസ് ഇല്ല; ശിക്ഷ ഇംപോസിഷനും ക്ലാസും

bike-ride3
പ്രതീകാത്മക ചിത്രം
SHARE

പ്രായപൂർത്തിയാകാതെ ബൈക്ക് ഓടിച്ച മകനെയും ഇതിനു അനുമതി നൽകിയ പിതാവിനെയും എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയ്നിങ് റിസർച്ച് സെന്ററിൽ ഒരു ദിവസത്തെ പരിശീലനത്തിനയക്കാൻ ആർടിഒയുടെ ഉത്തരവ്. കലൂർ സ്വദേശികളായ അച്ഛനും മകനുമാണ് പരിശീലനത്തിനു പോകേണ്ടത്. ഡ്രൈവിങ് ലൈസൻസിനുള്ള പ്രായമാകും മുമ്പേ ബൈക്ക് കൊടുത്തതാണ് പിതാവിനെതിരെയുള്ള കുറ്റം.

മൂന്നു പേർ ഒരുമിച്ചു സഞ്ചരിച്ച വേളയിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ കെ.വർഗീസ് ബൈക്ക് തടഞ്ഞത്. പരിശോധിച്ചപ്പോൾ ആർക്കും ഡ്രൈവിങ് ലൈസൻസില്ല. എല്ലാവരും 18 വയസിൽ താഴെ പ്രായക്കാർ. ബൈക്ക് ഓടിച്ച കുട്ടിയെ ആർടി ഓഫിസിൽ കൊണ്ടുവന്നു ഇനി തെറ്റ് ആവർത്തിക്കില്ലെന്നു ഇംപോസിഷൻ എഴുതിപ്പിച്ചു. കുട്ടിയുടെ പിതാവിനോടു ലൈസൻസുമായി ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

ഇദ്ദേഹം ഹാജരാകുമ്പോൾ മകനുമായി എടപ്പാളിൽ ബോധവൽക്കരണത്തിനു പോകേണ്ട തീയതി നൽകുമെന്നു ആർടിഒ കെ.മനോജ് പറഞ്ഞു. കുട്ടി ഡ്രൈവർമാരുടെ എണ്ണം കൂടുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. കോളജുകളുടെ പരിസരത്തും നിരീക്ഷണമുണ്ട്.

18 തികയാത്ത കുട്ടികൾ വാഹനമോടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ചില രക്ഷിതാക്കളെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ വാഹനമോടിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതു ഗുരുതരമായ കുറ്റമാണ്. ബൈക്കുകളിൽ അനധികൃത സാമഗ്രികൾ ഘടിപ്പിച്ചു രൂപമാറ്റവും ഉയർന്ന ശബ്ദവും വരുത്തുന്നതിനെതിരെയും നടപടിയെടുക്കും. 

കരണത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കാക്കനാട്∙ ഓട്ടോയിലേക്ക് വെള്ളം തെറിച്ചെന്ന കാരണത്താൽ സമീപത്തു കൂടി പോയ കാറിന്റെ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. എറണാകുളം നോർത്തിലാണ് സംഭവം. റോഡിലെ വെള്ളക്കെട്ടിൽ നിന്നു ഓട്ടോയിലേക്കു വെള്ളം തെറിപ്പിച്ചെന്നു പറഞ്ഞു ഓട്ടോ ഡ്രൈവർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. കാര്യം തിരക്കാൻ കാർ ഡ്രൈവർ ഗ്ലാസ് താഴ്ത്തിയ ഉടനെ ഓട്ടോ ഡ്രൈവർ കാർ ഡ്രൈവറുടെ കരണത്തടിച്ചു. 6 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് ആർടിഒ കെ.മനോജിനു നൽകിയ റിപ്പോർട്ടിലെ ശുപാർശ. 

യുവതികളോടു തട്ടിക്കയറിയ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യും 

കാക്കനാട്∙ ഡ്രൈവിങ് സ്കൂൾ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതികളോടു അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യാൻ ശുപാർശ. യുവതികളിൽ ഒരാൾ ഡ്രൈവിങ് പഠിതാവും മറ്റെയാൾ പരിശീലകയുമായിരുന്നു. ഓട്ടോറിക്ഷക്കു പോകാൻ തടസം നേരിട്ടതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിപ്പിച്ചത്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളോടു ഇതര വാഹനങ്ങളുടെ ഡ്രൈവർമാർ പുലർത്തേണ്ട മര്യാദ പാലിച്ചില്ലെന്നാണ് ഓട്ടോ ഡ്രൈവർക്കെതിരെയുള്ള കുറ്റം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...