‘കാശ് ആശാൻ കൊടുത്തു’; ഏറ്റുവാങ്ങി മുഖ്യമന്ത്രി; ട്രോളൊരുക്കി ബൽറാം

വാർത്തകൾക്കും വിവാദങ്ങൾക്കും പിന്നാലെ, കെ.എസ്.ഇ.ബി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും സമാഹരിച്ച 132.46 കോടിരൂപ കൈമാറി. മന്ത്രി എംഎം മണി മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറുന്ന ചിത്രം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ ട്രോളൊരുക്കി വി.ടി ബൽറാം എംഎൽഎയും രംഗത്തെത്തി. 

ഫണ്ട് വകമാറ്റിയ വാർത്ത സമൂഹമാധ്യമങ്ങളിലും വലിയ രോഷമാണ് ഉയർത്തിയത്. തെളിവോടെ പിടിച്ചപ്പോൾ തിരിച്ചുകൊടുത്ത് ഹീറോയാകുന്ന രീതിയാണ് ഇതെന്ന് പരിഹസിച്ചാണ് ബൽറാമിന്റെ പോസ്റ്റ്. മുൻപ് ‘പണം അണ്ണൻ തരും’ എന്ന് യൂത്ത് കോൺഗ്രസുകാരെ ട്രോളിയ ഇടതുപക്ഷത്തെ, ‘കാശ് ആശാൻ തരും’ എന്ന് തിരിച്ച് ട്രോളി കോൺഗ്രസ് ഗ്രൂപ്പുകളും സജീവമായിരുന്നു.

സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കാന്‍ വൈകിയത് വലിയ വാർത്തയായിരുന്നു. ലൈന്‍മാന്‍ തുടങ്ങി വൈദ്യുതി ബോര്‍ഡിലെ അടിസ്ഥാന ജീവനക്കാര്‍ മുതല്‍ ചീഫ് എന്‍ജിനീറും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഉള്‍പ്പെടുന്ന ജീവനക്കാര്‍ വരെ സാലറി ചലഞ്ചില്‍ പങ്കെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനപ്രകാരമാണ്. നവകേരള നിര്‍മാണത്തില്‍ അവര്‍ പങ്കാളികളായി. പക്ഷേ പിരിഞ്ഞുകിട്ടിയതില്‍ 136.46 കോടിരൂപ ഇന്നാണ് കെഎസ്ഇബി മുഖ്യമന്ത്രിക്ക് കൈമാറിയത്.