‘ഞാന്‍ മോഷ്ടിച്ചതാണ്..’; ചുട്ടുപൊള്ളിച്ച ആ നോട്ടം: മക്കളെ പോറ്റാന്‍ മോഷ്ടിച്ചാല്‍: കുറിപ്പ്

kala-mohan
SHARE

ദാരിദ്ര്യം കൊണ്ടും മക്കളെ പോറ്റാനുമൊക്കെയായി മോഷാടാവായ സ്ത്രീകളെക്കുറിച്ച് പറയുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ കലാ മോഹൻ. തന്റെ ചെറുപ്പകാലത്ത് അത്തരത്തിൽ മോഷ്ടാവായ ഒരു സ്ത്രീയുടെ കള്ളത്തരം കണ്ടുപിടിക്കുകയും ജോലിയിൽ നിന്ന് പറഞ്ഞ് വിടുകയും ചെയ്തതിലെ തെറ്റ് ഒാർത്തെടുക്കുകയാണ് അവർ. 

മാതൃത്വം ഒരുപാട് വാഴ്ത്തപ്പെടുന്ന ഒന്നാണ്. എന്തൊക്കെ ആണ്‌ എഴുതി പിടിക്കുന്നത്. പറയുന്നത്. ക്കൾക്കു വേണ്ടി മോഷണം നടത്തുന്ന എങ്കിൽ, അതു മാതൃത്വത്തിന്റെ അങ്ങേ അറ്റമല്ലേ !! എന്തിനു ജയിലിൽ ഇടുന്നു? കുറിപ്പില്‍ ചോദിക്കുന്നു. 

കല മോഹന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

മോളെ ഗർഭിണി ആയിരിക്കുന്ന സമയം.. അന്നു കുടുംബവീട്ടിൽ പണിക്കു നിന്നിരുന്ന സ്ത്രീയ്ക്ക് രണ്ടു മക്കളുണ്ട്.. കടപ്പുറത്തു നിന്നാണവർ ജോലിക്ക് വന്നിരുന്നത്.. ഒരു ദിവസം എന്റെ വാച്ച് കാണാതായി.. അവരാണ് അത് എടുത്തത് എന്ന് എനിക്ക് ഉറപ്പായി... പലവട്ടം ചോദിച്ചിട്ടും അവരത് ഏൽക്കാൻ തയ്യാറായില്ല.. ചേച്ചിക്ക് രണ്ടു മക്കളുണ്ട്, അതോർത്തോളൂ.. ഈ പറയുന്ന കള്ളത്തരം അവരെ ആണ്‌ ശിക്ഷിക്കുക.. അവസാനത്തെ അടവ് ഞാൻ എടുത്തു... കുറെ നേരം എന്നെ നോക്കി നിന്നിട്ടു, അവർ തൊഴുതു.. ആ കണ്ണുകൾ നിറഞ്ഞത് ഇന്ന് ഞാൻ കാണുന്നുണ്ട്.. "" ഞാൻ എടുത്തതാണ്.. കൊണ്ട് തരാം.. "" നിറവയറോടെ, നിൽക്കുന്ന ഞാൻ ഗമയിൽ അമ്മയെ നോക്കി.. കണ്ടോ, ഞാൻ തെളിയിച്ചു.. മോൾടെ അച്ഛൻ വിവാഹത്തിന് മുൻപ് തന്നതാണ്.. സ്വർണ്ണ നിറമുള്ള ആ ഭംഗിയുള്ള വാച്ച്, എനിക്കേറെ പ്രിയമുള്ളതാണ്.. ഓല മെടഞ്ഞ വീട്ടില് വെച്ചിരുന്ന വാച്ച് അവരെടുത്ത് കൊണ്ട് വന്നു.. യാതൊരു ദാക്ഷണ്യവും ഇല്ലാതെ ജോലിയിൽ നിന്നും പറഞ്ഞു വിടുകയും ചെയ്തു.. വര്ഷങ്ങള്ക്കു ഇപ്പുറം, അട്ടൻകുളങ്ങര ജയിലിൽ വെച്ചു കണ്ട സ്ത്രീകുറ്റവാളി.. പണിക്കു നിന്നിരുന്ന വീട്ടില് നിന്നും സ്വർണ്ണം മോഷ്‌ടിച്ച കഥ പറഞ്ഞപ്പോൾ ഞാൻ അവരെ ഓർത്തു.. മക്കളുടെ വിശപ്പ് അകറ്റാൻ ആകും അന്നത്തെ ആ കളവ് ഒരുപക്ഷെ.. അല്ലേൽ അവർക്ക് വേണ്ടി തന്നെ ആകട്ടെ.. അറിയില്ല... ദാരിദ്ര്യം ആണ്‌ അവരുടെ വേഷം എന്ന് മാത്രമായിരുന്നു സത്യം...

മക്കളെ സ്വന്തം സുഖത്തിനു വേണ്ടി ഉപേക്ഷിക്കുന്ന അമ്മമാരുണ്ട്.. കൊന്നു കളയുന്നവരുണ്ട്.. മനുഷ്യർ പലതരത്തിൽ അല്ലേ.. എഴുതി വെയ്ക്കുന്ന മാതൃത്വത്തിനു അപ്പുറവും ഇപ്പുറവും അമ്മ ഹൃദയം ഉണ്ട്.. കേൾക്കുന്നതും കാണുന്നതുമായി യാതൊരു ബന്ധവുമില്ല മനസ്സിന് ചിലപ്പോൾ.. ജീവിത യാഥാർഥ്യം എന്നത് എത്ര സങ്കീർണ്ണമാണ്..

ഞാൻ ഓരോ സമയം അപ്പുറവും ഇപ്പുറവും ആണ്‌.. എന്റെ കുഞ്ഞിന് വേണ്ടി ഏതു അറ്റത്തും പോയി യുദ്ധം ചെയ്യാൻ മനസ്സുള്ള ഒരുവൾ.. അവൾക്കു വേണ്ടി പോലും വിട്ടുവീഴ്ച ചെയ്യാത്ത ഒരുവൾ..

മാതൃത്വം ഒരുപാട് വാഴ്ത്തപ്പെടുന്ന ഒന്നാണ്.. എന്തൊക്കെ ആണ്‌ എഴുതി പിടിക്കുന്നത്.. പറയുന്നത്.. മക്കൾക്കു വേണ്ടി മോഷണം നടത്തുന്ന എങ്കിൽ, അതു മാതൃത്വത്തിന്റെ അങ്ങേ അറ്റമല്ലേ !! എന്തിനു ജയിലിൽ ഇടുന്നു? അട്ടൻകുളങ്ങരയിൽ നിന്നും ഇറങ്ങവേ ഞാൻ ഓർത്തു..

മക്കൾ പിണ്ഡം വെയ്ക്കണം, എങ്കിലേ ആത്മാവിനു ശാന്തി കിട്ടു എന്നാണല്ലോ.. ജീവിച്ചിരിക്കുന്ന അച്ഛനെയും അമ്മയെയും, എന്റെ ശെരികളിൽ നിന്നു കൊണ്ട് ഞാൻ ഏറെ വേദനിപ്പിക്കാറുണ്ട്.. അതിലേറെ ഞാൻ സങ്കടപെടാറുണ്ട്.. അവർക്കു കർമ്മം ചെയ്തു നാളെ ഞാൻ അതു ഒഴിച്ചു വിടില്ല.. അതേ പോലെ, വൈകാരിക തകർച്ച ഉൾക്കൊണ്ട്‌, ആ ശൂന്യതയിൽ, എന്റെ, പിണ്ഡം ജീവിച്ചിരിക്കവേ ഞാൻ തന്നെ ചെയ്യും.. കർമ്മഫലവും മുന്ജന്മദോഷവും മുന്നൂറു രൂപയ്ക്കു, രാമേശ്വരത്തു പോയി, അതങ്ങു തീർത്തു മോക്ഷം ഞാൻ തന്നെ നേടും.. കാരണം, എന്നേക്കാൾ എന്നെ അറിയുന്ന മറ്റൊരാൾ ഇല്ല.. എന്നിലെ അഴലിന്റെ ആഴവും അഴകിന്റെ പരപ്പും മറ്റാർക്കും അറിയില്ല.. എനിക്കുള്ള പിണ്ഡം ഒരുപാട് രഹസ്യങ്ങൾക്ക് ഉള്ളിലാണ്.. രഹസ്യങ്ങൾ പ്രയോഗിക്കാൻ ഉള്ളതും... ചില (അന്ധ)വിശ്വാസം ഒരുപാട് ആശ്വാസം ആണ്‌.. അശാന്തിയും അനിശ്ചിതത്ത്വവും കര പറ്റിക്കാനുള്ള വ്യാമോഹം, ആധിയും അരക്ഷിതാവസ്ഥയും പെരുക്കുകയെ ഉള്ളു എങ്കിലും...

വർഷങ്ങൾക്കു, മുൻപ്, കുഞ്ഞുങ്ങൾക്കു അരി വാങ്ങാനാകും... ആ വാച്ച് നിങ്ങളെടുത്തത്... അല്ലേൽ നിങ്ങളുടെ വിശപ്പിന്റെ വിളി അകറ്റാനാകും.. ഞാൻ എന്തിനു നിങ്ങളെ ചോദ്യം ചെയ്തു? നിന്ദിച്ചു?? നിങ്ങളുടെ ദാരിദ്ര്യം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിച്ചു?? വിചാരണ ചെയ്തു, തെറ്റു തെളിയിച്ചു ! ഇത്രയും ദൂരം താണ്ടി ഞാൻ ഇവിടെ എത്തി.. ഇനിയെന്ത്? സ്വർണ്ണം നിറം കലർത്തിയ ആ വാച്ച്, നാഴിക സൂചികൾ അനങ്ങാതെ, ചത്തു..

കൂരിരുട്ടു എന്ന് പറയാൻ വയ്യ എങ്കിലും ആകാശം നിറയെ നക്ഷത്രങ്ങളുണ്ട്.. ഞാൻ ഈ പറയുന്നത് അവരും കേൾക്കുന്നുണ്ട്.. ഇന്നെന്നെ തീ പോലെ ചുട്ടുപൊള്ളിക്കുന്നു... നിങ്ങൾ അന്നെന്നെ നോക്കിയ ആ നോട്ടം..

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...