ഫഹ്മിത, ഉരുൾ ഉയിരോടെ ബാക്കിവച്ചവൾ; പ്രളയത്തിന്റെ കണ്ണീർക്കാഴ്ച

flood-fahmitha1
SHARE

കവളപ്പാറയിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും  മരിച്ച പെൺകുട്ടി പ്രളയത്തിന്റെ കണ്ണീർക്കാഴ്ച

കവളപ്പാറയിലെ ഉരുൾ ഉയിരോടെ ബാക്കിവച്ച പ്രതീക്ഷയാണു ഫഹ്മിത. പൂർണമായി മണ്ണിലാണ്ടുപോകും മുൻപേ രക്ഷാകരങ്ങൾ പിടിച്ചെടുത്തു കരകയറ്റിയ ജീവൻ; ഉറ്റവരെല്ലാം ഒലിച്ചുപോയ രാത്രിയിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടവൾ. ഒരു നാടിനെ മുഴുവൻ തുടച്ചുനീക്കിയ ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട ഈ 16 വയസ്സുകാരി ഇപ്പോൾ പാണ്ടിക്കാട്ടെ ബന്ധുവീട്ടിലാണുള്ളത്. ഫഹ്മിതയുടെ പിതാവ് മുതിരുക്കുളം മുഹമ്മദ്, മാതാവ് ഫൗസിയ, ഇളയ സഹോദരി ഫാത്തിമ ഷിബിന എന്നിവർ വ്യാഴാഴ്ച കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചു.

വീടിന്റെ പിൻഭാഗം തകർത്തെത്തിയ ഉരുളിന്റെ പ്രഹരത്തിൽ അന്നു ഫഹ്മിതയും പുറത്തേക്കു തെറിച്ചുവീണിരുന്നു. പക്ഷേ, പിന്നാലെ അടർന്നുവീണ വീടിന്റെ സ്‍ലാബുകൾക്കുള്ളിൽ അവൾ കുടുങ്ങിക്കിടന്നു. ചെളിവെള്ളത്തിന്റെ കുത്തൊഴുക്കിൽപെടാതെയും ചെങ്കല്ലുകൾ ദേഹത്തു പതിക്കാതെയും കോൺക്രീറ്റ് കഷണങ്ങൾ അവൾക്കു കവചമൊരുക്കി. രാത്രി ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയ പ്രദേശവാസികളാണ് അവശിഷ്ടങ്ങൾക്കുള്ളിൽനിന്നു കരച്ചിൽ കേട്ടത്. രക്ഷാകരം അടുത്തെത്തുമ്പോൾ ഹഫ്മിതയുടെ ശരീരം പാതിയും മണ്ണിൽ പൂണ്ടുപോയ അവസ്ഥയിലായിരുന്നു. 

ആയുസ്സിന്റെ മെഴുതിരിവെട്ടം

കുടുംബാംഗങ്ങളും അയൽവാസികളുമടക്കം 9 പേരാണ് അപകട സമയത്ത് മുഹമ്മദിന്റെ വീട്ടിലുണ്ടായിരുന്നത്. മുഹമ്മദിന്റെ കുടുംബത്തിനൊപ്പം അയൽവാസിയായ ഗോപിയുടെ അമ്മയും ഭാര്യയും 2 മക്കളും ഉരുളിൽ ഒടുങ്ങി. മെഴുകുതിരി വാങ്ങാൻ കവലയിലേക്കു പോയ ഗോപി മാത്രമാണ് ഇനി ആ കുടുംബത്തിൽ ബാക്കി. പാണ്ടിക്കാട്ടെ ഉമ്മയുടെ വീട്ടിലെത്തിച്ച ഫഹ്മിതയോട് മാതാപിതാക്കളും സഹോദരിയും ദുരിതാശ്വാസ ക്യാംപിലുണ്ടെന്നാണു പറഞ്ഞിരുന്നത്. പിന്നീട്, ആ ദുഃഖസത്യം അറിയിക്കേണ്ടി വന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...