'എത്ര മില്ലി കുടിച്ചിട്ട് ഓടിക്കാം; ഐഎഎസ്കാരെ വിളിച്ചാൽ മതിയോ?'; പൊലീസ് പേജിൽ ട്രോൾമഴ

police-troll
SHARE

‘‘നിയമം എല്ലാവർക്കും ഒരുപോലാണോ സാറേ?’’, ‘‘മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ പൊലീസ് ശരിക്കും ചെയ്യേണ്ട നടപടിക്രമം ഒന്നു പറയാമോ?’’, ‘‘ഇനി ഞങ്ങളെ ഊതിക്കാൻ വരുമ്പോ ഐഎഎസ് കാരെ വിളിച്ചാൽ മതിയോ സാറേ?’’ 

2 ദിവസമായി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിലെ ട്രെൻഡിങ് ചോദ്യങ്ങളിൽ ചിലതാണ് ഇവ. മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനു ജാമ്യം ലഭിച്ചതു പൊലീസിന്റെ ഗുരുതര വീഴ്ച മൂലമാണ് എന്ന കോടതിയുടെ നിരീക്ഷണത്തിനു പിന്നാലെയാണ് കേരള പൊലീസിന്റെ ഔദ്യോഗിക പേജ് ചോദ്യങ്ങൾ കൊണ്ടു നിറഞ്ഞത്.  മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ ചിത്രങ്ങളും ട്രോളുകളും ഉപയോഗിച്ച് നിരവധി സന്ദേശങ്ങൾ കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ നിന്ന് പോസ്റ്റ് ചെയ്തിരുന്നു. 

പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കാൻ തുടങ്ങിയതോടെ ഒട്ടേറെ ആളുകൾ ചോദ്യങ്ങളുമായി എത്തി. കമന്റുകൾക്ക് നിമിഷങ്ങൾക്കുള്ളിൽ മറുപടി നൽകാറുള്ള ‘പൊലീസ് മാമൻ’ പക്ഷേ, ഇതുവരെയും ചോദ്യങ്ങളോടു പ്രതികരിച്ചിട്ടില്ല. ഇതേ പോസ്റ്റുകളിൽ തന്നെ മുൻപ് ‘എത്ര മില്ലി കുടിച്ചിട്ട് ഓടിക്കാം’ എന്ന ചോദ്യത്തിന് ‘0’ എന്ന് പൊലീസ് കൊടുത്ത മറുപടിക്ക് വൻ കയ്യടി കിട്ടിയിട്ടുമുണ്ട്. 

മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ വന്ന പോസ്റ്റുകളിലെ ചോദ്യങ്ങൾക്കു മറുപടി കിട്ടാതായതോടെ ‘‘ലൈക്ക് മാത്രം മതിയോ സാറേ, നീതി തരില്ലേ’’ എന്ന ചോദ്യവുമായി പേജിന്റെ ടോപ് ഫാനുകളും രംഗത്തെത്തി. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം മദ്യപിച്ച് വാഹനം ഓടിച്ച് ഒരാളുടെ മരണത്തിനിരയാക്കിയവരെ സംരക്ഷിക്കാതിരിക്കാൻ കൂടി ശ്രമിക്കണമെന്നാണു കേരള പൊലീസിന്റെ പേജിൽ നിറയുന്ന പൊതുവികാരം. ഒരു റിപ്ലൈ തരുമോ എന്ന് കമന്റ് ഇടുന്നവർക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കാറുള്ള പൊലീസ് ഇത്രയധികം ചോദ്യങ്ങളോടു തികഞ്ഞ മൗനത്തിലാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...