ബിരിയാണി, 3 ചപ്പാത്തി, ചിക്കൻ, ഹൽവ, വെള്ളം, 125 രൂപയ്ക്ക് സൂപ്പർ ഹിറ്റ്

biriyani
representative image
SHARE

വിലയൊട്ടും പൊള്ളിക്കാത്ത സ്വാദേറിയ ‘ജയിൽ ഫ്രീഡം ഫുഡ്’ ഇനി വിരൽത്തുമ്പിൽ. കൊല്ലം ജില്ലാ ജയിലിൽ തടവുകാർ തയാറാക്കുന്ന ഭക്ഷണം ഓൺലൈൻ ഭക്ഷ്യ ശ്യംഖലയുടെ ഭാഗമായി. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് 47 മിനിറ്റിനുള്ളിൽ സ്റ്റോക്ക് തീർന്നു. 100 കോംബോ പാക്കുകൾ തയാറാക്കി വച്ചിരുന്നെങ്കിലും കൂടുതൽ ഓർഡർ എത്തിയതോടെ 107 എണ്ണം ചെലവായി

ജില്ലാ ജയിലിൽ നടന്ന പരിപാടി ജയിൽ ഡിഐജി എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജയിലാണിത്. ഫ്രീഡം ഫുഡ് കോംബോ  എന്ന പേരിലാണു ഭക്ഷണ വിതരണം. ചിക്കൻ ബിരിയാണി (500 ഗ്രാം), 3 ചപ്പാത്തി, 150 ഗ്രാം ചിക്കൻ കറി, മധുരത്തിന് കാരറ്റ് ഹൽവ അല്ലെങ്കിൽ കിണ്ണത്തപ്പം ഒപ്പം ഒരു ലീറ്റർ കുപ്പിവെള്ളവുമുണ്ട്. 125 രൂപയാണ് ഈ കോംബോയുടെ വില. ‘സ്വിഗി’ എന്ന ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയുമായി ചേർന്നാണ് പദ്ധതി.

നഗരത്തിന്റെ 6 കിലോ മീറ്റർ ചുറ്റളവിലുള്ളവർക്കു സേവനം ലഭിക്കും. നിലവിലുള്ള കൗണ്ടർ വിൽപനയും വാഹനങ്ങളിലൂടെയുളള മൊബൈൽ കൗണ്ടർ വിൽപനയും തുടരും. 148 രൂപ വീതമാണു ജയിലിലെ തടവുകാരായ പാചകക്കാർക്കു പ്രതിദിനം കൂലി ലഭിക്കുക. നിലവിൽ 50000 രൂപയുടെ വരെ ഭക്ഷണ സാധനങ്ങൾ പ്രതിദിനം ജയിലിൽ നിന്നു വിൽക്കുന്നുണ്ടെന്നു സൂപ്രണ്ട് ജി.ചന്ദ്രബാബു പറഞ്ഞു. നഗരസഭ കൗൺസിലർ ബി.ഷൈലജ ആദ്യ പായ്ക്കറ്റ് ഏറ്റുവാങ്ങി.

ഓർഡർ ചെയ്യാൻ

സ്വിഗി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ‘ഫ്രീഡം ഫുഡ് ഫാക്ടറി’ (Freedom food Factory) എന്നു ടൈപ്പ് ചെയ്താൽ കോംബോ പായ്ക്കിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. തുടർന്ന് ഓർഡർ ചെയ്യാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...