ടിക്ടോക്കില്‍ നിന്ന് വരുമാനമില്ല; കിട്ടിയാല്‍ ഈ അമ്മൂമ്മയ്ക്ക് ഒരു ‘വന്‍’ സ്വപ്നമുണ്ട്; അഭിമുഖം

anilamma-dancing-grand-mother-1
SHARE

ടിക്ടോക്കിലെ ഡാൻസുകാരിയാണ് ചട്ടയും മുണ്ടും ഉടുത്ത അനിലമ്മ എന്ന അമ്മൂമ്മ. വയസായെങ്കിലും ഫ്രീക്കൻ ചെക്കൻമാരെ വെല്ലുന്ന ഡാൻസാണ് ടിക്ടോക്കിൽ അനിലമ്മ കളിക്കുന്നത്. ബ്രേക്ക്ഡാൻസും ന്യൂജനറേഷൻ പാട്ടുമെല്ലാം ഒരുപോലെ വഴങ്ങും അനിലമ്മയ്ക്ക്. അറുപത്തിമൂന്നാം വയസിലും എങ്ങനെ ഇത്ര കൂളായി നൃത്തം ചെയ്യുന്നുവെന്ന് മനോരമന്യൂസ് ഡോട്ട് കോമിനോട് പറയുകയാണ് അവർ.

 

ടിക്ടോക്കിൽ വന്നവഴി

‌പണ്ടുമുതലേ നൃത്തത്തോടും അഭിനയത്തോടുമൊക്കെ ഇഷ്ടമാണ്. നൃത്തം ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട്. അരങ്ങേറിയിട്ടില്ല. വീട്ടിൽ അപ്പന് അത് ഇഷ്ടമായിരുന്നില്ല. ഡാൻസിനോടുള്ള ആഗ്രഹം മനസിൽ അടങ്ങാതെ കിടപ്പുണ്ട്. മകനാണ് ടിക്ടോക്ക് ചെയ്യാമെന്ന് പറഞ്ഞത്. എനിക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. പിന്നെ സ്റ്റെപ്പുകൾ മകൻ കാണിച്ചുതരും. പിന്നെ ടിവിയിൽ നോക്കിയും ചെയ്യും. രണ്ട് മാസമേ ആയുള്ളൂ ടിക് ടോക്ക് ചെയ്യാൻ തുടങ്ങിയിട്ട്. വലിയൊരു സങ്കടം എന്താണെന്നു വച്ചാൽ എന്റെ ടിക്ടോക്ക് വിഡിയോ 1000, 2000 ലൈക്ക് ആകുമ്പോഴേക്കും ആരോ റിമൂവ് ചെയ്തു കളയുന്നു.

അത് എന്തുകൊണ്ടാണെന്നറിയില്ല. ഞാൻ എല്ലാവരോടും ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. നാലോ അ‍ഞ്ചോ പേർ റിപ്പോർട്ട് ചെയ്താൽ ഫെയ്സ്ബുക്ക് വിഡിയോ റിമൂവ് ചെയ്യുമത്രേ. എല്ലാവരും ടിക്ടോക്ക് വഴി വരുമാനം കിട്ടുെമന്ന് പറയുന്നുണ്ട്. എനിക്ക് ഇതുവരെ അഞ്ച് പൈസ ടികിടോക്ക് വഴി കിട്ടിയിട്ടില്ല.

വളരെ സമയമെടുത്ത് റിഹേഴ്സലൊക്കെ കഴി‍ഞ്ഞാണ് ടിക്ടോക്ക് ചെയ്യുന്നത്. വേറൊന്നിനും ഇപ്പോൾ സമയമില്ല. പാട്ട് ഡൗൺലോഡ് ചെയ്യണം. വിഡിയോ എടുക്കണമെങ്കിൽ‌ സ്റ്റാന്റുവേണം. പക്ഷെ ഇതൊക്കെ ചെയ്തിട്ട് അവസാനം വിഡിയോ റിമൂവ് ആകുമ്പോഴാണ് വിഷമം. 

എനിക്ക് അഞ്ച് അമ്മമാരുണ്ട്. അത് സ്വന്തം അമ്മമാരെപ്പോലെയാണ്. ഒരു അച്ഛനും ഉണ്ട്. അവരെയെല്ലാം എന്നാലാവുന്ന വിധം സഹായിക്കാറുണ്ട്. അവർക്കൊക്കെ മക്കളുള്ളവരാണ്. ജോലിക്കാരുമാണ്. പക്ഷെ ഇവരുടെ വിഷമം കാണാനോ സഹായിക്കാനോ അവർക്ക് കഴിയാറില്ല, സമയവുമില്ല. അതുകൊണ്ട് തന്നെ അവർക്കായി ഒരു പകൽവീട് ഒരുക്കണം എന്നുണ്ട്. ഞാൻ ഒരു ഹോം നഴ്സിങ് ഒാഫീസിൽ ജോലിചെയ്യുന്നുണ്ട്. പക്ഷെ ആ വരുമാനം കൊണ്ട് അവരെ നോക്കാൻ കഴിയില്ല. അതുകൊണ്ടാണ് ടിക്ടോക്കിൽ നിന്ന് എന്തെങ്കിലും വരുമാനമായാൽ അവരെ സഹായിക്കാമെന്ന് കരുതിയത്.

കുറ്റം പറയുന്നവരെ ശ്രദ്ധിക്കില്ല

നെഗറ്റീവ് കമന്റുകൾ ഒരുപാട് വരാറുണ്ട്. ഇൗ തള്ളയ്ക്ക് ഇൗ പ്രയത്തിൽ എന്തിന്റെ സൂക്കേടാ? വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടേ..? ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടാണ് തുടങ്ങി മോശമായ കമന്റുകൾ വരെ വരും. ഞാനും മക്കളുമൊന്നും ഇത് കാര്യമാക്കാറില്ല. അവര് പറയും എന്ത് സംഭവിച്ചാലും ഞങ്ങളുണ്ട് കൂടെ എന്ന്. എനിക്ക് അതുകൊണ്ട് തന്നെ യാതൊരു വിഷമവുമില്ല. പിന്നെ ഞാൻ തെറ്റ് ചെയ്യുന്നില്ലെന്നും മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യില്ലെന്നും എനിക്ക് അറിയാം. അത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ? കമന്റുകളൊക്കെ വായിച്ച് ഞാനും മകനും കൂടി ചിരിക്കും.

ചട്ടയും മുണ്ടുമാണോ വേഷം?

ഞാൻ ചട്ടയും മുണ്ടുമാണ് ധരിക്കാറ്. അതുകൊണ്ടാണ് ആ വേഷത്തിൽ നൃത്തം ചെയ്യുന്നത്. പിന്നെ മകൻ നിർബന്ധിച്ച് ബർമൂഡയും ടീഷർട്ടുമൊക്കെ ഇടീച്ചും വിഡിയോ എടുത്തിട്ടുണ്ട്. ആദ്യമൊക്കെ നാണമായിരുന്നു. പക്ഷെ ഇപ്പോൾ നാണമെല്ലാം മാറി. കോട്ടയത്താണ് നാട് എറണാകുളത്താണ് താമസം. 

സിനിമയാണോ ആഗ്രഹം?

അഭിനയം അറിഞ്ഞുകൂടാത്തവർക്ക് വരെ ആഗ്രഹമുണ്ടാകുമല്ലോ സിനിമയിലൊക്കെ അഭിനയിക്കാൻ. എനിക്കും ഉണ്ട് ആഗ്രഹം. ചെറിയ ഷോട്ട്ഫിലിമിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ചാൻസ്  കിട്ടിയാൽ  അഭിനയിക്കും. അനിലമ്മ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...