അഞ്ചാം വയസ്സില്‍ ഓട്ടിസം; മറികടക്കാൻ കൂടെനിന്ന അമ്മ ഇന്ന് വിഷാദരോഗി; കുറിപ്പ്

shivam-post
SHARE

ഓട്ടിസം ബാധിച്ച തനിക്ക് അമ്മ താങ്ങായും തണലായും നിന്ന കഥയാണ് ശിവം എന്ന മകൻ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ വിഷാദ രോഗിയായിരിക്കുന്ന അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഈ മകൻ. ശിവം ഇക്കാര്യങ്ങളെല്ലാം തുറന്ന് എഴുതിയിരിക്കുകയാണ് കുറിപ്പിൽ. 

കുറിപ്പ് വായിക്കാം:

അ‍ഞ്ച് വയസ്സുള്ളപ്പോഴാണ് എനിക്ക് ഓട്ടിസം ആണെന്ന് കണ്ടെത്തുന്നത്. എനിക്ക് ആളുകളുടെ കണ്ണിൽ നോക്കാനാകില്ല, കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ആരും എന്നോട് ഒരു ദയയും കാണിച്ചില്ല. ഞാൻ ഇങ്ങനെയായിരുന്നതിനാൽ എല്ലാവരും എന്നം ഒറ്റപ്പെടുത്തിയിരുന്നു. പലപ്പോഴും കരഞ്ഞും സ്വയം ആശ്വസിപ്പിച്ചുമാണ് ഞാൻ ഉറങ്ങിയിരുന്നത്. സ്പെഷ്യൽ സ്കൂൾ ഉൾപ്പെടെ രണ്ട് സ്കൂളുകളിൽ എനിക്ക് പോകേണ്ടി വന്നു. 

ഒന്‍പതാം ക്ലാസിൽ നിന്ന് പത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടാനായി എനിക്ക് ഗ്രേസ് മാർക്ക് നൽകേണ്ടി വന്നു. അത് വല്ലാത്ത മോശം അനുഭവം ആയിപ്പോയി. അതോടെ ഞാൻ എല്ലാവരിൽ നിന്നും വ്യത്യസ്തനാണെന്ന തോന്നൽ എന്നിൽ ശക്തമായി. എന്നാൽ ഇതിൽ നിന്നെല്ലാം എന്നെ ആശ്വസിപ്പിച്ച ഒരേയൊരു വ്യക്തി എന്റെ അമ്മയാണ്. എനിക്ക് എന്നെ വീണ്ടെടുക്കാൻ എന്റെ പത്താം ക്ലാസിന്റെ മുഴുവൻ സമയവുമുണ്ടെന്ന് അമ്മ പറഞ്ഞു. അത് എന്നെ സംബന്ധിച്ച് വഴിത്തിരിവായ നിമിഷമായിരുന്നു. എല്ലാ ദിവസവും ആത്മാർഥമായി പഠിക്കാൻ അമ്മ എന്നെ നിർബന്ധിച്ചു. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അമ്മ ചെയ്തു തന്നു. ഫലം വന്നപ്പോൾ ഞാൻ നന്നായി തന്നെ വിജയിച്ചു. നല്ല കോളജിൽ തന്നെ എനിക്ക് അഡ്മിഷനും ലഭിച്ചു. കോളജിൽ നിന്നും അഡ്മിഷൻ വിവരം അറിയിച്ചുള്ള കത്ത് വന്നപ്പോൾ ഞാനും അമ്മയും കരഞ്ഞു. അവസാനം ഞങ്ങൾ ജയിച്ചിരുന്നു. 

പിന്നീടുള്ള 20 വർഷങ്ങളും അമ്മ എനിക്കൊപ്പം ഉറച്ച പാറപോലെ നിലനിന്നു. ഞാൻ മറ്റൊരാളെയും ആശ്രയിക്കാതെ കഴിയണമെന്ന് അമ്മയ്ക്ക് വാശിയുണ്ടായിരുന്നു. എന്നാൽ ഇന്ന് അമ്മ ഇന്ന് വിഷാദത്തിനും സമ്മർദത്തിനും അടിപ്പെട്ടിരിക്കുകയാണ്. ഞങ്ങളോടൊപ്പം താമസിക്കാൻ താൽപര്യമില്ലാതായി. അതിനാൽ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. അമ്മ എന്നെ വിട്ടുപോയപ്പോൾ എനിക്ക് നെഞ്ചു തകർന്നു. പക്ഷേ അന്ന് ഞാൻ തിരിച്ചറിഞ്ഞു ഇനി അമ്മയ്ക്ക് വേണ്ടി നിലകൊള്ളാനുള്ള എന്റെ ഊഴമാണ് ഇതെന്ന്. എനിക്ക് പറ്റുന്നിടത്തോളമൊക്കെ ‍അമ്മയെ ചെന്ന് കാണാറുണ്ട്. എല്ലാ ദിവസവും വിളിക്കും. 

അമ്മയ്ക്കു വേണ്ടി അല്ലായിരുന്നെങ്കിൽ ഞാനൊരിക്കലും ലജ്ജിക്കാതിരിക്കാൻ പഠിക്കുകയില്ലായിരുന്നു. ഇന്ന് ഞാൻ ഇങ്ങനെ ആയതിൽ അഭിമാനിക്കുന്നു. ഞാൻ ദുർബലനാണെന്ന് പറഞ്ഞ ശബ്ദങ്ങളോടൊക്കെ പൊരുതാൻ എനിക്ക് സാധിക്കുന്നുണ്ട്. ലോകം കീഴടക്കാനായി ഊർജമുണ്ട്. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം അനുഭവിക്കാനാകുന്നു. ഇതെല്ലാം അമ്മയിലൂടെയാണ് എനിക്ക് സാധിച്ചത്. ഇപ്പോൾ എന്റെ അവസരമാണ്. അമ്മ എനിക്ക് നൽകിയ ശക്തി ഞാൻ അമ്മയ്ക്കും തിരികെ നൽകും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...