ചന്ദ്രയാന്‍ 2 കുതിക്കും മുന്‍പ് ആ പള്ളി മണികളെ ഒാര്‍ത്ത് ശശി തരൂര്‍

chandrayaan-tharoor
SHARE

ചന്ദ്രയാന്‍ 2 കുതിച്ചുയരും മുന്‍പ് ശശി തരൂര്‍ ആ പള്ളി മണികളെ ഒാര്‍ത്തു. ഒപ്പം, ഒരാവശ്യവും മുന്നോട്ടുവച്ചു പാര്‍ലമെന്‍റിനകത്ത്. തിങ്കളാഴ്ച്ചയാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യത്തിന്‍റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് 2.43ന്. സൈക്കിളിലും കാളവണ്ടിയിലുമൊക്കെ വിക്ഷേപണ സാമഗ്രികള്‍ കൊണ്ടുപോയ ഇല്ലായ്മകളുടെ കാലത്തുനിന്ന് െഎ.എസ്.ആര്‍.ഒ ഒരുപാട് പ്രകാശവേഗങ്ങള്‍ മുന്നോട്ടുപോയി. മികവിന്‍റെ അധ്യായങ്ങള്‍ ഒാരോന്നായി എഴുതിച്ചേര്‍ത്തു. 

ചന്ദ്രയാന്‍ രണ്ടിലൂടെ െഎ.എസ്.ആര്‍.ഒ ലോകത്തിന് മുന്നില്‍ ഒരു പുതിയ മുന്നേറ്റം നടത്താനിരിക്കെ പഴയ ആ പള്ളിമണികളെ പാര്‍ലമെന്‍റില്‍ ശശി തരൂര്‍ ഒാര്‍ത്തെടുത്തു. മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ ആത്മകഥയില്‍ ഹൃദ്യമായി വിവരിച്ചിട്ടുള്ള ആ സംഭവം. തുമ്പയിലെ മേരി മഗ്ദലേന പള്ളി ബഹിരാകാശ പര്യവേഷണത്തിന്‍റെ അള്‍ത്താരയായ കഥ. വര്‍ഷം 1962.

ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് തുമ്പയെന്ന ചെറുഗ്രാമം തേടി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ തമ്പുരാന്‍ വിക്രം സാരാഭായ് എത്താന്‍ കാരണം. ഭൂമിയുടെ കാന്തിക രേഖയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം. ഇവിടുത്തെ പള്ളിയും അതിനോട് ചേര്‍ന്നുള്ള അരമനയും വിട്ടുതരണമെന്ന് വിക്രം സാരാഭായ് അഭ്യര്‍ഥിച്ചു. ബിഷപ് പീറ്റര്‍ ബര്‍നാര്‍ഡ് പെരേര തുറന്ന മനസോടെ സമ്മതംമൂളി. 

ഒരു ഗ്രാമംതന്നെ ഒഴിഞ്ഞുകൊടുത്തു. െഎ.എസ്.ആര്‍.ഒയുടെ ആദ്യ ഒാഫീസ് പ്രവര്‍ത്തിച്ചത് പള്ളിയിലായിരുന്നു. അള്‍ത്താര പൊളിക്കരുതെന്ന ആവശ്യം അംഗീകരിച്ചു. ഇപ്പോള്‍ അവിടെ സ്പേയ്സ് മ്യൂസിയമാണ്. 1963 നവംബര്‍ 21ന് അമേരിക്കന്‍ നിര്‍മിത നൈക്ക് – അപാഷെ റോക്കറ്റ് തുമ്പയില്‍ നിന്ന് കുതിച്ചുയര്‍ന്നു. ആ ഗവേഷണ സ്ഥാപനത്തിന് വിക്രം സാരാഭായുടെ പേരും പിന്നീട് വന്നു.

ഇനി, ശശി തരൂരിന്‍റെ ആവശ്യത്തിലേയ്ക്ക് വരാം. 1970 ഏപ്രില്‍ 5ന് വിക്രം സാരാഭായും വേളി– പള്ളിത്തുറ ഏകോപന സമിതിയും തമ്മില്‍ ഒരു കരാറുണ്ടാക്കി. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനായി ഒഴിപ്പിച്ച 900  കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് വീടും െതാഴിലും നല്‍കാമെന്ന്. ഈ കുടുംബങ്ങളില്‍ നിന്നുള്ള 210 പേര്‍ക്ക് ഇതുവരെ ജോലി ലഭിച്ചു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങള്‍ക്ക് ഇടമൊരുക്കാനായി മുന്നോട്ടുവന്ന ഗ്രാമീണരുടെ പിന്‍തലമുറയ്ക്ക് തൊഴില്‍ നല്‍കണം. വാഗ്ദാനം പൂര്‍ത്തിയാക്കണം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...