കല്ലെറിയുന്നവര്‍ കാണണം ഈ നന്മ’; നെഞ്ചുവേദന വന്ന യാത്രക്കാരിയുമായി കുതിച്ച് ബസ്: കുറിപ്പ്

ksrtc2
SHARE

നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയ്ക്ക് തുണയായി കെഎസ്ആര്‍ടിസി ബസ് ജീവനക്കാർ. ശാരീരികാസ്വാസ്ഥ്യം ശ്രദ്ധയിൽപ്പെട്ട യാത്രക്കാര്‍ ബസിന്റെ ഡ്രൈവറേയും കണ്ടക്ടറെയും വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ ആര്‍ രാജേഷും കണ്ടക്ടര്‍ വി ശ്രീകാന്തും ചേര്‍ന്ന് ഇവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ യാത്രക്കാരി അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ സഹിതം കേരള പൊലീസ് സംഭവം വിവരിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരള പൊലീസിന്റെ ഫെയ്സ്ബുക് വായിക്കാം; 

കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ? നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ സഹയാത്രക്കാര്‍ അവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതിനായി ഡ്രൈവര്‍ ആര്‍. രാജേഷിനോടും കണ്ടക്ടര്‍ വി. ശ്രീകാന്തിനോടും സഹായം ആവശ്യപ്പെട്ടു. 

അത്യധികം ഗതാഗതക്കുരുക്കേറിയ പ്രാവച്ചമ്പലം കരമന റോഡില്‍ ബസ് ആംബുലന്‍സിന്റെ റോള്‍ ഏറ്റെടുത്തു. രോഗിയുടെ അവസ്ഥ ബോധ്യം വന്നതിനാല്‍ വഴിയിലിറങ്ങേണ്ട യാത്രക്കാര്‍ പോലും ഈ ഉദ്യമത്തില്‍ ജീവനക്കാരുടെ കൂടെ നിന്നു. ബസിന്റെ ലൈറ്റിട്ടു കൊണ്ടുള്ള വരവും വേഗതയും ശ്രദ്ധിച്ച ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കി ബസിനെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തില്‍ മുന്നോട്ടു പോകാന്‍ വഴികാട്ടിയായി. 

അവിടെ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ പെട്ടെന്ന് തന്നെ രോഗിയെ എത്തിക്കാനായെങ്കിലും കൃത്യസമയത്തു സ്ട്രക്ച്ചര്‍ ലഭിക്കാത്തതിനാല്‍ രോഗിയെ ബസില്‍ നിന്നും കൈകളില്‍ താങ്ങിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ അത്യാഹിത വിഭാഗത്തിലേക്കു എത്തിക്കുകയായിരുന്നു. 

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെയും, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിനു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, ബിജു ഫ്രാന്‍സി എന്നിവരുടെയും അവസരോചിതമായ ഇടപെടലിലൂടെ കൃത്യസമയത്തു രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതു കൊണ്ട് അവരുടെ ജീവന്‍ രക്ഷിക്കാനായി.ബസില്‍ യാത്ര ചെയ്തിരുന്ന അജ്ഞാത സുഹൃത്തിനു വിഡിയോ പകര്‍ത്തിയതിനുള്ള നന്ദി.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...