ചേതനയറ്റ സൗമ്യക്ക് അരികെ പൊട്ടിക്കരഞ്ഞ് ഉറ്റ കൂട്ടുകാരി സൗമ്യ; കണ്ണീരണിഞ്ഞ് നാടും

alappey-police-crying
താങ്ങാനാവാതെ... കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മൃതദേഹം വള്ളികുന്നത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ സഹപ്രവർത്തകയായ അതേ പേരുകാരി പിങ്ക് പെ‍ാലീസിലെ സൗമ്യ പൊട്ടിക്കരയുന്നു. രണ്ടുപേരും ഒരുമിച്ചാണു ജോലിയിൽ പ്രവേശിച്ചത്. ചിത്രം: ജാക്സൺ ആറാട്ടുകുളം ∙ മനോരമ.
SHARE

സഹപ്രവര്‍ത്തകനായ പൊലീസുകാരന്റെ പകയില്‍ ഒടുങ്ങിയ സൗമ്യ നാടിന്റെ കണ്ണീരിലൂടെ മടങ്ങി. ഉറ്റവർ മാത്രമല്ല, സഹപ്രവർത്തകരും പൊട്ടിക്കരഞ്ഞു. സൗമ്യയെപ്പറ്റി എന്നും നല്ലതു മാത്രം പറഞ്ഞ നാവുകൾ ‘പൊന്നുമോളേ...’ എന്നു നിലവിളിച്ചു. രാവിലെ 9 മണിയോടെ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ സൗമ്യയുടെ മൃതദേഹം എത്തിച്ചു. ഉള്ളിലെ ദുഃഖം മറച്ചു സഹപ്രവർത്തകർ ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയാക്കി. മൃതദേഹം അടക്കം ചെയ്ത പെട്ടിയുടെ തലയ്ക്കൽ സൗമ്യയുടെ ചിത്രം വച്ചിരുന്നു.

സൗമ്യ പരിശീലിപ്പിച്ചിരുന്ന ഇലിപ്പക്കുളം കെകെഎം ഗവ. എച്ച്എസ്എസിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. പരേഡ് നടത്തുമ്പോഴും കുട്ടികളിൽ പലരും കരയുന്നുണ്ടായിരുന്നു. സൗമ്യ 3 വർഷമായി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ പരിശീലകയായിരുന്നു. ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയപ്പോൾ മുന്നിൽ കെഡറ്റുകൾ സഞ്ചരിച്ചു.

10 മണിയോടെയാണു മൃതദേഹം നാലുവിള ജംക്‌ഷനിലെ വീട്ടിലെത്തിച്ചത്. വീട്ടുമുറ്റത്തു ബന്ധുക്കളും നാട്ടുകാരും നിറഞ്ഞിരുന്നു. സൗമ്യയുടെ ഭർത്താവ് സജീവ് മൃതദേഹത്തിൽ ഉടയാട പുതപ്പിച്ചു. മക്കളായ ഋഷികേശും ആദിദേവും ഋതികയും അമ്മയ്ക്കു മുന്നിൽ തൊഴുതു. സൗമ്യയുടെ ജ്യേഷ്ഠ സഹോദരി രമ്യ ‘ഇങ്ങനെ കാണാനല്ല ഞാൻ വന്നത്’ എന്നു വിലപിച്ചു

സൗമ്യമാരുടെ കൂട്ടു പിരിഞ്ഞു. പൊലീസിലെ പരിശീലന കാലം മുതലുള്ള സൗഹൃദത്തിന്റെ ഓർമകളിൽ, കൂട്ടുകാരിയുടെ മൃതദേഹത്തിനു മുന്നിൽ മറ്റൊരു സൗമ്യ പൊട്ടിക്കരഞ്ഞു, കുഴഞ്ഞു വീണു. കൊല്ലം സ്വദേശിനിയായ സൗമ്യ ഇപ്പോൾ ആലപ്പുഴ പിങ്ക് പൊലീസിലാണ്. ഒന്നായ പേരുപോലെ ഉറ്റ സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ. പൊലീസ് യൂണിഫോമിലാണു സൗമ്യ കൂട്ടുകാരിക്ക് അവസാന യാത്രാമൊഴിയേകാൻ എത്തിയത്. പൊട്ടിക്കരഞ്ഞ സൗമ്യയെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർ ഏറെ ശ്രമിച്ചു. പിന്നാലെ ബോധം മറഞ്ഞു സൗമ്യ കുഴഞ്ഞു വീണു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ബോധം തെളിഞ്ഞ് അൽപനേരം ആശുപത്രിയിൽ വിശ്രമിച്ച ശേഷം സൗമ്യ വീണ്ടും മരണവീട്ടിലേക്കു തിരിച്ചു.

മാതാവ് ഇന്ദിരയുടെ കരച്ചിൽ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. 11 മണിയോടെ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി. മുറ്റത്തെ പന്തലിലും ചിതയ്ക്കു മുന്നിലും പൊലീസ് ആദരം നൽകി. തുടർന്നു മൃതദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കെടുത്തു. മൂത്ത മകൻ ഋഷികേശാണു ചിതയ്ക്കു തീ കൊളുത്തിയത്.

സൗമ്യ വധക്കേസിലെ പ്രതിയുടെ മരണത്തെ തുടർന്നു പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ ചാർജ് അബേറ്റ് റിപ്പോർട്ട് നൽകും. അന്വേഷണത്തിനിടെ പ്രതി മരിച്ചാലുള്ള നടപടിയാണിത്. പ്രതി മരിച്ചതിനാൽ വിചാരണ നടപടി ഉണ്ടാവില്ല. പ്രതിയുടെ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണു കോടതിയിൽ റിപ്പോർട്ട് നൽകുന്നത്. എന്നാൽ, എല്ലാ തരത്തിലുള്ള അന്വേഷണവും നടത്തി പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമേ കേസ് ഫയൽ അടയ്ക്കൂ.

പ്രതി ജീവിച്ചിരിക്കുന്നതായി കണക്കാക്കി തന്നെയാവും അന്വേഷണമെന്നു പൊലീസ് അറിയിച്ചു. ഭാവിയിൽ ഒരു അന്വേഷണം വേണ്ടിവന്നാൽ ആവശ്യമുള്ള വിവരങ്ങളും തെളിവുകളുമെല്ലാം ഫയലിൽ ഉണ്ടാകണമെന്നാണു വ്യവസ്ഥ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...