നീ ഓള്‍ക്ക് നല്ലൊരു വള വാങ്ങിക്കൊടുക്ക്’; ഉമ്മയുടെ വാക്കുകേട്ട് കണ്ണുനിറ‍ഞ്ഞ് ഭാര്യ: കുറിപ്പ്

shabeer-post
SHARE

വിവാഹിതരായ പുരുഷന്മാർ നേരിടുന്ന വലിയ പ്രശ്നമാണ് അമ്മയെയും ഭാര്യയേയും ഒരുപോലെ പരിഗണിക്കുക എന്ന് പറയാറുണ്ട് ചിലര്‍. ഇതിന് സാധിക്കാതെ വരുമ്പോൾ പലപ്പോഴും അമ്മായി അമ്മ മരുമകൾ പിണക്കം വലിയ കുടുംബപ്രശ്നമായി മാറാറുണ്ടന്നതും സത്യം. എന്നാൽ അമ്മയും ഭാര്യയും തമ്മിലുള്ള കെമിസ്ട്രി ശരിയായതുകൊണ്ട് ജീവിതം സമാധാനപൂർണ്ണമാണെന്ന് എഴുതിയിരിക്കുകയാണ് ഷബീർ കളിയാട്ടുമുക്ക്. അമ്മയെപ്പറ്റി ഷബീർ എഴുതിയ പോസ്റ്റ് ഏറെ ഹൃദയസ്പർശിയാണ്.

എന്റെ ജീവിതത്തിലെ 'തൊട്ടപ്പന്‍' ഉമ്മയാണ്...

**************

ഉമ്മ പിന്നെയും കണ്ണ് നിറയെ വിസ്മയിപ്പിക്കുന്നു..!

രണ്ട് മാസമായി ഭാര്യയും,പൈതങ്ങളും ഒമാനില്‍ എന്റെ കൂടെയുണ്ട്...സ്കൂള്‍ അവധിക്ക് വന്നതാണ്. തിരിച്ച് പോകാനുള്ള ഒരുക്കത്തിലാണ്.

നല്ല പൊലിവായിരുന്നു ട്ടൊ...!

രാവിലെ പതിവ് നടത്തം കഴിഞ്ഞ് വന്ന് ഞാന്‍ ഉമ്മാക്ക് വിളിച്ചു...കിട്ടുന്നില്ല..ഇന്നലെ വിളിച്ചപ്പോഴും കിട്ടിയിരുന്നില്ല.

പെങ്ങള്‍ക്ക് വിളിച്ചപ്പോള്‍ പറഞ്ഞു " ഉമ്മാന്റെ ഫോണിന് എന്തോ തകരാറുണ്ട്..ഇജി മാളുവിനോ,ഇമ്മുട്ടിക്കോ വിളിച്ചു നോക്കൂ.."

ഞാന്‍ മാളുവിന് വിളിച്ചു...

"ഉമ്മ ഹോസ്പിറ്റലില്‍ പോയതാണ്..ഷുഗര്‍ നോക്കാന്‍...വലിമ്മാന്റെ അടുത്തും പോവുമെന്ന് പറഞ്ഞിട്ടുണ്ട്...ഉമ്മാന്റെ ഫോണിന്റെ മൈക്കിന് തകരാറാണ്...ചിലപ്പോള്‍ കിട്ടും..ഇജി ഒന്നൂടി വിളിച്ചു നോക്ക്.."

ഞാന്‍ ഉമ്മാനെ വീണ്ടും വിളിച്ചു..

കിട്ടി...

ഉമ്മ ഹോസ്പിറ്റലില്‍ റിസല്‍റ്റിന് കാത്തിരിക്കുകയാണ്...

വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ഞാന്‍ ഉമ്മയോട് പറഞ്ഞു...

" ഉമ്മാ...ഞങ്ങള് നാട്ടിക്ക് വരുമ്പോ ഉമ്മാക്കൊരു പുതിയ ഫോണ് കൊണ്ടോര്ണ് ണ്ട്..."

" അതൊന്നും മാണ്ട കുഞ്ഞുട്ടിയേ...ഇതിനെന്തോ ചെറിയ കേടാണ്..അത് ശരിയാക്കിയാ മതി...ഇമ്മാന്റെ കുട്ടി ഇമ്മൂന്റെ കൈമക്ക് നല്ലൊരു വള വാങ്ങി കൊടുത്താളി...ഓക്ക് അതൊക്കെ ഒരു പൂതിയാ...വേറൊരു സാധനും ഇജി കൊണ്ടോരണ്ട...ഞാന്‍ പറഞ്ഞോണ്ട് എല്ലാരോടും..കുഞ്ഞിമോനും,കുഞ്ഞിപ്പയും വന്നപ്പൊ എമ്പാടും സാധനം എല്ലാര്‍ക്കും കൊണ്ടു വന്ന്ക്ക്ണ്...അതോണ്ട് ഇമ്മാന്റെ കുട്ടി കണ്ട അതും ഇതും വാങ്ങാതെ ഓളെ കൈമക്കൊരു വള വാങ്ങിക്കാളി..."

" ഇമ്മാ...കേക്ക്ണില്ലല്ലോ...." 😉

" കേക്കൂല അനക്ക്...ഇത് അനക്ക് കേക്കൂല...ഇന്റെ പേര് വിളിക്ക്ണ് ണ്ട്...ഇജി പിന്നെ വിളിച്ചി..."

ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞ് നോക്കിയപ്പോള്‍ പ്രിയപ്പെട്ടവളുണ്ട് കണ്ണ് നിറഞ്ഞ് കരയുന്നു...

ഫോണ്‍ ലൗഡിലായതു കാരണം അവളെല്ലാം കേട്ടിരിക്കുന്നു..

അല്ല...ചില സംസാരങ്ങളൊക്കെ കേള്‍ക്കുന്നതാണ് നല്ലത്.

" ഇന്‍ക്ക് വളൊന്നും വേണ്ട...ഉമ്മാന്റെ ആ വാക്ക് തന്നെ മതി...ന്റെ മനസ്സ് നെറഞ്ഞ്ക്ക്ണ്...കൊറേ വളയിട്ടെന്ന് വിചാരിച്ച് ഈ സ്നേഹം കിട്ടൂലല്ലോ..."

എന്റെ കണ്ണ് നിറഞ്ഞു...

ഞാനവളുടെ നെറ്റിയില്‍ ഉമ്മവെച്ചു...ഞങ്ങളുടെ കണ്ണീര്‍ തുള്ളികള്‍ ഒന്നായി ചേര്‍ന്നു...

എനിക്കുറപ്പുണ്ട്...ആ കണ്ണീരിന് ഉപ്പു രസമായിരിക്കില്ല..!

ഞാനൊരു ഭാഗൃവാനാണ്...അനുഗ്രഹീതനാണ്...!

ഉമ്മയും,ഭാരൃയും തമ്മിലുള്ള കെമസ്ട്രി ശരിയായാല്‍ ജീവിതം പകുതി സമാധാനമായെന്നാണ്...

എത്ര പേരുണ്ട് ഇതില്‍ പരാജയപ്പെട്ടവര്‍..?

ജീവിതത്തിന്റെ എത്രെയെത്രെ ഘട്ടങ്ങളിലാണ് ഉമ്മ ഇതുപോലെ എന്നെ വിസ്മയിപ്പിച്ചിട്ടുള്ളത്.

ഞങ്ങളുടെ ഉമ്മ മാത്രമല്ല...നിങ്ങളുടെ ഉമ്മയും,അമ്മയും ഇതിനേക്കാള്‍ വലിയ വിസ്മയങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തീര്‍ത്തിട്ടുണ്ടാവും.

എന്റെ ഓര്‍മ്മയിലുള്ള ചിലത് പറയാം...

വിവാഹത്തിന്റെ കാരൃത്തില്‍ എന്റെ മനസ്സിലുള്ള ആഗ്രഹം ഉമ്മയോട് പറഞ്ഞപ്പോള്‍ , മറുത്തൊന്നും പറയാതെ.." ഞാനിത് ഉപ്പാനോട് പറ്റിയൊരു സമയത്ത് പറയാം..ഈ ലോകത്തും,പരലോകത്തും നന്മയാണെങ്കില്‍ എല്ലാം ശരിയാവുമെന്ന്" പറഞ്ഞ് എനിക്കൊപ്പം നിന്നത്...

ഉപ്പാന്റെ സമ്മതം കിട്ടിയ ഉടനെ തന്നെ നല്ല പനിയുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ പോക്കര്‍ ഹാജിന്റെ വീട്ടില്‍ പോയി അവരെ കുറിച്ച് അന്വോഷിച്ചത്...

"പെണ്ണിന് മഹര്‍ കൊടുക്കാന്‍ അന്റെ കയ്യില്‍ എന്തേലും ഉണ്ടോ കുഞ്ഞുട്ടിയേന്ന്" ഉപ്പ ചോദിച്ചപ്പോള്‍ ഉമ്മാന്റെ കയ്യിലുള്ള രണ്ട് വളകള്‍ ഊരി ഉപ്പാന്റെ കയ്യില്‍ കൊടുത്തത്...

പുതിയ വീട് ഉണ്ടാക്കാന്‍ തീരുമാനിച്ച സമയത്ത് എല്ലാരും താഴത്തെ തൊടിയില്‍ മതിയെന്ന് പറഞ്ഞപ്പോള്‍.." അത് പറ്റൂല..ഓന്റെ കുട്ടിയേളിം,പെണ്ണിന്റിം മേല്‍ ഇന്റൊരു കണ്ണ് ഇണ്ടാവണെങ്കില്‍ മുകളില്‍ തന്നെ വേണമെന്ന് ഉപ്പയോട് ശഠിച്ച് പറഞ്ഞത്...

വീട് പണിന്റെ സമയത്ത്, വാര്‍പ്പിന്റെ തലേന്ന് ഉപ്പ പറഞ്ഞൂ," കുഞ്ഞുട്ടിയേ എവിടുന്നേലും നാളത്തേക്ക് കൊറച്ചധികം പൈസ സംഘടിപ്പിക്കണം..അല്ലേൽ നാളെ വാർപ്പ് നടക്കൂല.."

എന്റെ കയ്യില്‍ നയാ പൈസയുണ്ടായിരുന്നില്ല...

രാത്രി കടയടച്ച് വെറും കയ്യോടെ കയറി വന്ന എന്റെ കയ്യിലേക്ക് പൈസയുടെ കെട്ട് വെച്ചിട്ട് ഉമ്മ പറഞ്ഞു..

" ഇത് അയിമ്പതിനായിരം ഉര്‍പ്പൃണ്ട്..ഇത് ഇജി ഉപ്പാന്റെ കയ്യില് കൊടുത്താളാ...ഞാന്‍ തന്നതാന്ന് പറയണ്ട...ഞാന്‍ കൊറച്ച് കാലായിട്ട് സ്വരുക്കൂട്ടി വെച്ച പൈസേണ്...ഇമ്മ നല്ല സന്തോഷത്തോടേണ് തെര്ണത്.."

എന്റെ വാക്കുകള്‍ മുറിയുന്നു...കണ്ണില്‍ മാറാല കെട്ടുന്നു..

നിങ്ങള്‍ക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ടോ..?

അങ്ങിനെ എത്രെയെത്രെ അനുഭവങ്ങളാണ് ഞങ്ങളുടെ ഉമ്മ നല്‍കിയിട്ടുള്ളത്..

തിരിച്ച് എനിക്കെന്താണ് ഉമ്മാക്ക് നല്‍കാനായത്....ഒന്നൂല്ലൃാ...!

പക്ഷേ....ഒന്നെനിക്ക് പറയാനാവും , പലപ്പോഴും തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമായത് ഉമ്മയാണ്.

ഞാന്‍ കാരണം ആളുകളുടെ മുന്നില്‍ ഞങ്ങളുടെ ഉമ്മ വഷളാകുമല്ലോ എന്നാലോചിച്ച് പലപ്പോഴും മാറി നിന്നിട്ടുണ്ട്.

അതുപോലെ....

ഞങ്ങളെ ഉമ്മ ഞങ്ങളെ ഉപ്പാനെ സ്നേഹിക്കുന്നത്,പരിഗണിക്കുന്നത് ഇങ്ങള് കണ്ടിട്ടുണ്ടോ...?

എന്ത് സ്നേഹമാണെന്ന് അറിയോ ഉമ്മാക്ക് ഉപ്പാനെ..

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് , ആ സ്നേഹവും,പരിഗണനയും കണ്ട് വളര്‍ന്നതുകൊണ്ടായിരിക്കാം പ്രിയപ്പെട്ടവള്‍ എന്നെ എത്ര സ്നേഹിച്ചിട്ടും 'പരാതി' തീരാത്തത്..

ചെറുപ്പത്തിലെ ഒരു സംഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു..,

ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്താണ് ഉപ്പ ഗള്‍ഫ് ഒഴിവാക്കി നാട്ടില്‍ സ്ഥിരമാകുന്നത്.

വലിയ പ്രതീക്ഷയായിരുന്നു ഉപ്പക്ക് എന്റെ കാരൃത്തില്‍...ഉപ്പയുടെ പ്രതീക്ഷക്കൊപ്പമെത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിരുന്നില്ല..

ഞാനൊരു നിഷേധിയായിരുന്നു അന്ന്..

ആരോടാ എന്താ എന്നൊന്നും നോക്കാതെ വെട്ടി തുറന്ന് പറയാ..അങ്ങിനെ ഒരു പ്രകൃതം.

ഗള്‍ഫിലായതുകൊണ്ടായിരിക്കാം ഉപ്പയോട് മാനസികമൊരു അടുപ്പം കുറവായിരുന്നു...

എന്തോ ഒരു വിഷയത്തില്‍ ഉപ്പയോടുള്ള അഭിപ്രായ വൃതൃാസം ഉമ്മയോട് പറയുമ്പോള്‍ ' അയാള്‍ ' എന്ന വാക്ക് ഉപയോഗിച്ചതും ഉമ്മ ഒരൊറ്റ അടിയാണ്...!

ഞാനാകെ തരിച്ചു പോയി..!

"ആ വാക്ക് ഇനി ഉപയോഗിക്കരുത്...അന്റെ ഉപ്പയാണത്.."എന്ന് പറഞ്ഞിട്ട് ഒരൊറ്റ അടിയാണ്.

അതിന് ശേഷം ഈ നിമിഷം വരെ ആ വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല..

എല്ലാരിം ഉമ്മാര് ഇങ്ങനെയൊക്കെ തന്നെയായിരിക്കും...

എല്ലാരിം അമ്മമാര് ഇങ്ങനെയൊക്കെ തന്നെയായിരിക്കും...

ഉമ്മമാര് ഇല്ലാതാവുമ്പോഴായിരിക്കും അതിന്റെ വില നമുക്ക് ശരിക്ക് മനസ്സിലാവൊള്ളൂ ...

നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളുടെ ഉമ്മാനെയും,ഉപ്പാനെയും ഉള്‍പ്പെടുത്തണേ...

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് എഴുതുന്നത്...

ഉമ്മമാരും,അമ്മമാരും മരിച്ചു പോയവരോട് ക്ഷമ ചോദിച്ചുകൊണ്ട് ഞാനീ എഴുത്ത് അവസാനിപ്പിക്കുകയാണ്...

സൃഷ്ടാവേ....മണ്ണിന് മുകളില്‍ നിന്നു കൊണ്ട് ഞങ്ങളിതാ പ്രര്‍ത്ഥിക്കുന്നു....മണ്ണിനടിയിലായി പോയ ഞങ്ങളുടെ ഉമ്മമാരെയും,അമ്മമാരെയും താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ....

MORE IN SPOTLIGHT
SHOW MORE
Loading...
Loading...