ശരണ്യയെ മുറിയിലേക്ക് മാറ്റി; കിടപ്പാടത്തിനും കനിവ് വേണം; കണ്ണീരോടെ അപേക്ഷ

saranya-help
SHARE

ഏഴാമത്തെ തവണയാണ് നടി ശരണ്യ തലച്ചോറിൽ ട്യൂമറിന് ചികിൽസ തേടുന്നത്. ആറുവർഷത്തിനിടയിൽ ആറു തവണയാണ് ട്യൂമർ ആക്രമിച്ചത്. ശ്രീചിത്രാ ആശുപത്രിയിൽ ഏഴാമത്തെ ശസ്ത്രക്രിയക്ക് ശരണ്യ വിധേയയായി. രോഗബാധിതയായതോടെ ശരണ്യയെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബം തകർന്ന അവസ്ഥയിലാണെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. ശരണ്യയുടെ വരുമാനം മാത്രമായിരുന്നു വീടിന്റെ ഏക ആശ്രയം. നടി സീമ ജി.നായരാണ് ശരണ്യയുടെ അസുഖം ലോകത്തെ അറിയിച്ചത്. ശസ്ത്രക്രിയക്ക് ശേഷമുള്ള അവസ്ഥയെക്കുറിച്ച് സീമ ജി.നായർ മനോരമന്യൂസ് ഡോട്ട്കോമുമായി മനസ് തുറക്കുന്നു.

ശസ്ത്രക്രിയക്ക് ശേഷം ശരണ്യയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ വലതുവശം തളർന്ന അവസ്ഥയിലായിരുന്നു. ഇപ്പോൾ കാലിൽ തൊട്ടാൽ അവൾക്കറിയാം. എന്നാൽ ചലനശേഷി തിരികെ കിട്ടിയിട്ടില്ല. അതിന് ഫിസിയോതെറാപ്പിയും മറ്റും ചെയ്യണം. ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പോഴും ഭയത്തിൽ തന്നെയാണ്. ഇനിയും രോഗം തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. തലച്ചോറിലെ ഞരമ്പുകളിൽ ട്യൂമർ ബാധിച്ചതിനാൽ മുഴുവൻ നീക്കം ചെയ്യാൻ സാധിക്കില്ല. പൂർണ്ണമായും നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ജീവനുതന്നെ ഭീഷണിയാണ്. ഈ അവശേഷിക്കുന്ന ഭാഗമാണ് ഓരോ വർഷവും വളർന്നു വരുന്നത്. 

ശരണ്യയുടെ രോഗത്തോടെ കുടുംബം ആകെ തളർന്ന അവസ്ഥയിലാണ്. അവളായിരുന്നു ഏക അത്താണി. ശരണ്യയുടെ താഴെ രണ്ടുപേരുണ്ട്. ഒരു സഹോദരനും സഹോദരിയും. അവരുടെ വിദ്യാഭ്യാസം, വീട്ടുചെലവ്, ചികിൽസാചെലവ് എല്ലാം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് വീട്ടുകാർ. ഇനിയും ശരണ്യയ്ക്ക് ചികിൽസ വേണ്ടിവരും. അതിന് സഹായം കൂടിയേ തീരൂ. ഈ കുടുംബത്തിന് വേറെയാരുമില്ല, ശരണ്യയും അമ്മയും തനിച്ചാണ് ജീവിതത്തോട് പോരാടുന്നത്. അതുകൊണ്ടാണ് ഞാൻ ശരണ്യയെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചത്. ഒരു കിടപ്പാടം പോലും ആ കുടുംബത്തിന് ഇല്ല. രോഗിയായ മകളെയും കൊണ്ട് വാടകവീടുകൾ മാറി മാറിയാണ് അമ്മ താമസിക്കുന്നത്. തലചായ്ക്കാൻ സ്വന്തമായൊരു കൂരയെങ്കിലും കിട്ടിയിരുന്നെങ്കിൽ അവർക്ക് കുറച്ച് ആശ്വാസമാകും. എല്ലാ മാസവും വാടകയ്ക്കുള്ള തുക കണ്ടെത്താനും ബുദ്ധിമുട്ടാണ്. വർഷങ്ങളായി ഈ രംഗത്ത് നിൽക്കുന്ന എന്നെപ്പോലെയുള്ളവർക്ക് പോലും സാമ്പത്തിക പ്രതിസന്ധികളും ബാധ്യതകളുമൊക്കെയുണ്ട്. അപ്പോൾ പിന്നെ ഇന്നലെ വന്ന ഈ കുട്ടിയുടെ കാര്യം പറയേണ്ടതുണ്ടോ? ട്യൂമർ വളർന്നുകഴിയുമ്പോൾ തലവേദനയും തലകറക്കവും അപസ്മാരവുമൊക്കെ വരും. തലകറങ്ങി വീണപ്പോഴാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

2012ലാണ് ശരണ്യയ്ക്ക് ആദ്യ ട്യൂമർ വരുന്നത്. അന്ന് ഞാൻ സീരിയൽ സംഘടനയുടെ സജീവപ്രവർത്തകയായിരുന്നു. അന്ന് കെ.ബി.ഗണേശ് കുമാർ മന്ത്രിയായിരുന്നു. അദ്ദേഹം ഫണ്ട് അനുവദിച്ചത് വഴി ആദ്യത്തെ ശസ്ത്രക്രിയയ്ക്കുള്ള പണം ലഭിച്ചു. പക്ഷെ തുടരെ തുടരെ ഈ അസുഖം വരുന്നത് കാരണം ഇപ്പോൾ എല്ലാവർക്കും സഹായിക്കാൻ പരിമിതിയുണ്ട്. ഇവർക്ക് ആരുമില്ലാത്തതുകൊണ്ടാണ് എനിക്ക് ഇറങ്ങേണ്ടി വന്നത്. ശരണ്യ എനിക്കിപ്പോൾ എന്റെ കൂടപ്പിറപ്പിനെപ്പോലെയാണ്. ഞങ്ങൾക്ക് മുമ്പിലുള്ള ഏക ആശ്രയം സുമനസുകളുടെ സഹായമാണ്. അത്രയേറെ കഷ്ടപ്പാട് കുടുംബം അനുഭവിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്- സീമ ജി നായർ പറഞ്ഞു.

State bank of india

SHARANYA K S

A/C- 20052131013

IFSC-SBIN0007898

Branch- nanthancode

MORE IN SPOTLIGHT
SHOW MORE
Loading...
Loading...