മധു നൽകിയ വേദന; പട്ടിണിക്കാര്‍ക്ക് ‘അക്ഷയപാത്രം’ തുറന്ന് ഈ ഡിവൈഎസ്പി

dysp-sadaandan-new
SHARE

വിശക്കുന്നവന് ഭക്ഷണമെടുക്കാം, കഴിക്കാം. ആരോടും ചോദിക്കേണ്ട, പറയേണ്ട. വിശക്കുന്നവന്റെ അന്തസിന് കോട്ടം തട്ടാത്ത അക്ഷയപാത്രം ഇതിനായി തയ്യാറാവുകയാണ് കണ്ണൂരിന് പിന്നാലെ വടകരയിലും. അമരക്കാരന് പക്ഷേ മാറ്റമില്ല. അത്താഴക്കൂട്ടം ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ സഹായത്തോടെ ഡിവൈഎസ്പി പി.പി.സദാനന്ദൻ ആയിരുന്നു കഴിഞ്ഞ വർഷം കണ്ണൂരിൽ അക്ഷയപാത്രം തുറന്നു വെച്ചത്. നഗരത്തിലാരും വിശന്ന് വലഞ്ഞിരിക്കരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു ആ പദ്ധതി.

ഇന്നിപ്പോൾ വിജയകരമായി കണ്ണൂരിൽ ഒരു വര്‍ഷം പൂർത്തിയാക്കുന്ന വേളയിലാണ് വടകരയിലേക്കും അക്ഷയപാത്രം നീട്ടുന്നത്. റെയിൽവെ സ്റ്റേഷന് എതിർവശത്തായി കാബിൻ നിർമാണം പൂർത്തിയാവുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് സൗജന്യമായി കാബിൻ നിർമ്മിച്ചത്. ഭക്ഷണം കേടാകാതെയും ചൂടാറാതെയും ഇരിക്കാൻ അടുത്ത ദിവസം തന്നെ ഫുഡ് ചില്ലറും സ്ഥാപിക്കും. ഒരു ഹോംഗാർഡിനെ വടകരയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഈ അക്ഷയപാത്രത്തിലേക്ക് അത്താഴക്കൂട്ടത്തിന് പുറമെ ആർക്കും ഭക്ഷണമെത്തിക്കാം..പക്ഷേ എല്ലാത്തിലും ഒരു പൊലീസ് കരുതലുണ്ടാകുമെന്ന് മാത്രം.

ഒരു നേരത്തേ ഭക്ഷണത്തിനായി മോഷണം നടത്തുന്നവർ ഇന്നും കേരളത്തിലുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഈ പദ്ധതി സജീവമാക്കിയത്. ജോലിയുടെ ഭാഗമായി പ്രതികളെ ചോദ്യം ചെയ്യുന്ന സമയങ്ങളിൽ പലപ്പോഴും തിരിച്ചറിയാനായതും ഇത് തന്നെ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും വീട്ടുകാരും നാട്ടുകാരും മാറ്റി നിർത്തും. ജോലി നൽകാൻ പോലും തയ്യാറല്ല പലരും. ഇതെല്ലാം മാറിക്കിട്ടാൻ കാലതാമസവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിലും അക്ഷയപാത്രം ഒരു അനുഗ്രഹമായി മാറുന്നുണ്ട്.

ഈ അനുഭവങ്ങളും ചിന്തകളുമെല്ലാം മനസ്സിലിരിക്കെയാണ് അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് മധുവിനെ മർദ്ദിച്ച് കൊന്ന സംഭവമുണ്ടായത്. ആ സംഭവം അക്ഷയപാത്രത്തിനുള്ള വലിയ പ്രേരണയായി മാറിയെന്നും ഡിവൈഎസ്പി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. അക്ഷയപാത്രത്തിൽ നിന്ന് സ്ഥിരമായി ഭക്ഷണം തേടിയെത്തുന്നവരുടെ ജീവിതപശ്ചാത്തലം അന്വേഷിച്ച് അവരെ പുനരധിവസിപ്പിക്കാനും അത് പോലെ ആവശ്യങ്ങളെത്തിക്കാനും ശ്രമിക്കാറുണ്ട്. അക്ഷയപാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആക്ഷേപങ്ങള്‍ ഇടയ്ക്ക് വന്നെങ്കിലും അത്തരമൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ പള്ളിപ്പുറം സ്വദേശിയായ ഡിവൈഎസ്പി സദാനന്ദന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സന്നദ്ധപ്രവർത്തനങ്ങള്‍ക്കെല്ലാം കുടുംബത്തിന്റെ പിന്തുണയും ഒപ്പമുണ്ട്. കണ്ണൂരിൽ നിന്നും തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകരയെത്തിയ അദ്ദേഹം തിരിച്ച് കണ്ണൂരിലേക്ക് പോകും മുൻപ് തന്നെ ഉദ്ഘാടനം നടത്തി വടകരയിൽ അക്ഷയപാത്രം തുറന്നുവെക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാബിൻ നിർമാണമുൾപ്പെടെയുളള ജോലികൾ ഈ ആഴ്ച്ച തന്നെ പൂർത്തിയാക്കി അടുത്ത ആഴ്ച്ചയോടെ കാത്തിരിക്കും, വിശക്കുന്നവർക്കായി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...