10 വർഷം മുൻപ് ഇതേ നേർച്ച; അന്നും താമരപ്പൂക്കൾ കൊണ്ട് തുലാഭാരം

10 വർഷം മുൻപും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ നടത്തിയത് ഇതേ നേർച്ച. 2008ൽ ഗുജറാത്ത് മുഖ്യന്ത്രിയായിരിക്കുമ്പോഴാണ് മോദി ഇതിന് മുൻപ് ഗുരുവായൂരിൽ എത്തുന്നത്. അന്നും താമരപ്പൂക്കൾ കൊണ്ടുള്ള തുലാഭാരമാണ് നടത്തിയത്. ഒരു ദശാബ്ദത്തിനിപ്പുറം വീണ്ടും ഇതേ നേർച്ച തന്നെയാണ് നടത്തിയത്. കദളിപ്പഴം കൊണ്ടും 2008 ല്‍ മോദിക്ക് തുലാഭാരം നടത്തിയിരുന്നു.

സർവ സൗഭാഗ്യത്തിന് വേണ്ടിയാണ് താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തുന്നതെന്നാണ് വിശ്വാസം. നാഗർകോവിലിലെ ശുചീന്ദ്രത്തെ ചെറിയ കായലിൽ നിന്നുള്ള താമരപ്പൂക്കളാണ് തുലാഭാരത്തിനായി എത്തിച്ചതിന്. 111 കിലോ താമരുപ്പൂക്കളുപയോഗിച്ചാണ് തുലാഭാരം നടത്തിയത്. താമരപ്പൂ ഒന്നിന് എട്ടുരൂപയാണ്. കിലോയ്ക്ക് 200 രൂപയും. ഒരു കിലോയില്‍ 50 എണ്ണമുണ്ടാകും.

"ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു."- ക്ഷേത്രദർശനത്തിന് ശേഷം നരേന്ദ്രമോദിയുടെ ട്വറ്ററിൽ മലയാളത്തിലായിരുന്നു ട്വീറ്റ്.

പത്തരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ മോദിയെ  പൂര്‍ണകുംഭം  നല്‍കി സ്വീകരിച്ചു. സോപാനത്ത് കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നറുനെയും സമര്‍പിച്ചാണ് മോദി ഗുരുവായൂരപ്പനെ തൊഴുതത്. ഗണപതിയെ തൊഴുത് വടക്കേനടയിലൂടെ പുറത്തു കടന്ന് ഭഗവതിയെ വന്ദിച്ച ശേഷം 111 കിലോ താമരപ്പൂവുകൊണ്ട് തുലാഭാരവും നടത്തി.  കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്‍, പിയൂഷ് ഗോയല്‍,  ഗവര്‍ണര്‍ പി.സദാശിവം,  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും  മോദിയെ അനുഗമിച്ചു. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരിലെത്തിയത്.